പ്രണയാഭ്യർഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് യുവസംരഭക
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാണക്കേടിന്‍റെയും ദുരിതത്തിന്‍റെയും നാളുകളായിരുന്നു തുടര്‍ന്ന് വന്നതെങ്കിലും തോറ്റ് കൊടുക്കാൻ ശോഭ തയ്യാറായില്ല. സ്ഥാപനത്തിൽ കഞ്ചാവ് എത്തിയതെങ്ങനെയെന്ന് തെളിയിക്കാൻ അവർ തന്നെ നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു.
തിരുവനന്തപുരം: യുവസംരഭകയുടെ സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വൻ ട്വിസ്റ്റ്. പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പ്രതികാരമായി സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെ സുഹൃത്താണ് കഞ്ചാവ് കൊണ്ടു വച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തിരുവനന്തപുരത്തെ കൈത്തറി സംരഭമായ 'വീവേഴ്സ് വില്ല' ഉടമ ശോഭ വിശ്വനാഥന്‍ നടത്തിയ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വഴിത്തിരിവായിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 21നാണ് ശോഭയുടെ സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. തുടർന്ന് സ്ഥാപന ഉടമയായ ശോഭയെ പൊലീസും നാർക്കോട്ടിക്സ് വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
നാണക്കേടിന്‍റെയും ദുരിതത്തിന്‍റെയും നാളുകളായിരുന്നു തുടര്‍ന്ന് വന്നതെങ്കിലും തോറ്റ് കൊടുക്കാൻ ശോഭ തയ്യാറായില്ല. സ്ഥാപനത്തിൽ കഞ്ചാവ് എത്തിയതെങ്ങനെയെന്ന് തെളിയിക്കാൻ അവർ തന്നെ നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു. 'ജീവനോടെ ഇരിക്കാൻ തന്നെ കാരണം ഇത്രയും വര്‍ഷമായി ഉണ്ടാക്കിയെടുത്ത പേരാണ്. മരിക്കുകയാണെങ്കിലും നിരപരാധിത്വം തെളിയിച്ചിട്ട് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു' എന്നായിരുന്നു ശോഭയുടെ വാക്കുകൾ.
advertisement
തുടർന്ന് സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഈ അന്വേഷണത്തിലാണ് ശോഭയുടെ സുഹൃത്തായിരുന്ന ഹരീഷും സഹായി വിവേകും ചേർന്നാണ് സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടു വച്ചതെന്ന് തെളിഞ്ഞത്. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പക തീർക്കാൻ വിവേകിന്‍റെ സഹായത്തോടെ ഹരീഷ് ആസൂത്രണം ചെയ്തതായിരുന്നു പദ്ധതി. സ്ഥാപനത്തിൽ കഞ്ചാവുണ്ടെന്ന വിവരം ഇയാൾ തന്നെയാണ് പൊലീസിൽ വിളിച്ച് അറിയിച്ചതും. തുടർന്ന് വിവേകിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിവേക് കുറ്റസമ്മതം നടത്തുകയും ചെയ്തു. ശോഭക്കെതിരായ കേസ് റദ്ദാക്കിയ പൊലീസ് ഹരീഷിനെയും വിവേകിനെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
advertisement
യുകെ പൗരത്വമുള്ള ഹരീഷ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണ് പൊലീസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2021 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രണയാഭ്യർഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് യുവസംരഭക