ദീർഘനാളായുള്ള വീട്ടിലെ ഇരിപ്പ് പലര‍്ക്കും കടുത്ത മാനസിക സംഘർഷമാണ് ഉണ്ടാകുന്നത്. വിഷാദരോഗവും ആശങ്കയും വർധിച്ചു, ഉറക്കം കുറഞ്ഞു. ജീവിതത്തിൽ നിറങ്ങളില്ലാതെ പ്രതീക്ഷ വറ്റിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെയാണോ നിങ്ങളുടെ ദിവസങ്ങൾ കടന്നു പോകുന്നത്?
എങ്കിൽ തെന്നിന്ത്യൻ സിനിമയിലെ താര റാണി സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് ഇടയ്ക്കൊന്ന് കയറി നോക്കാം. സിനിമയും മറ്റു കാര്യങ്ങളുമായി തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പെട്ടെന്ന് ലോക്ക്ഡൗണിൽ വീട്ടിനകത്ത് ഇരിക്കേണ്ടി വന്നതോടെ പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത.
ഏത് അവസ്ഥയിലും ജീവിതത്തെ നോക്കി സുന്ദരമായി ചിരിക്കണം. മനുഷ്യനായി ജനിച്ചതിന‍്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഉള്ളു തുറന്നു ചിരിക്കാൻ സാധിക്കുന്നത്.
ഭർത്താവും നടനുമായ നാഗ ചൈതന്യക്കൊപ്പം സന്തോഷവതിയാണ് സാമന്ത. ഒപ്പം കൂട്ടായ വളർത്തു പട്ടിയായ ഹാഷും. വർക്ക് ഔട്ട് വീഡിയോകളും വളർത്തു പട്ടിയുടെ ചിത്രങ്ങളുമൊക്കെയായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാമിൽ നേരത്തേ കൂടുതലായി ഉണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗൺ ആയതോടെ ഒരു പുതിയ കാര്യം കൂടി സാമന്ത കണ്ടെത്തിയിട്ടുണ്ട്.
മട്ടുപ്പാവിലെ കൃഷി. സ്വന്തമായി നട്ടു നനച്ചു വളർത്തിയ പച്ചക്കറികളുടെ ചിത്രങ്ങളാണ് സാമന്തയുടെ പേജിൽ ഇപ്പോൾ കൂടുതലായി കാണാൻ സാധിക്കുക.
അതു കാണാൻ തന്നെ സന്തോഷമാണ്. ഒപ്പം പ്രചോദനവും.
നിരാശരായി ചടഞ്ഞിരിക്കാതെ ക്രിയാത്മകമായി ജീവിതത്തെ സമീപിക്കാനുള്ള പ്രചോദനവും ഈ ചിത്രങ്ങൾ നൽകുന്നുണ്ട്.
