തന്റെ ഉത്തരവിൽ പിശകില്ലെന്ന് തെളിയിക്കാൻ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. 3 മണിക്കൂർ കൊണ്ട് 85 ബില്ലുകൾ എംഡി നൽകിയപ്പോൾ 8 മണിക്കൂർ ജോലിസമയമുള്ള ജീവനക്കാർക്ക് ഇത് നിസാരമെന്ന് ചെയ്തുകാട്ടിയിരിക്കുകയാണ് ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്. കാസർഗോഡ് ജില്ലയുടെ ആദ്യ വനിത കലക്ടറായിരുന്നു ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്. ജില്ലയിലെ രണ്ടുവർഷത്തെ സേവനത്തിനുശേഷമാണ് സംസ്ഥാന ജല അതോറിറ്റിയുടെ എംഡിയായി ചുമതല ഏറ്റത്. കാസർഗോഡ് നിരവധി ജനകീയ ഇടപെടലുകൾ നടത്തിയ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ജല അതോറിറ്റിയിലും മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.
advertisement
Also read-അമ്മയ്ക്ക് പരീക്ഷ; ഹാളിന് പുറത്ത് ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായി വനിതാ കോൺസ്റ്റബിൾ
എംഡി ബിൽ നൽകിയതിനു പിന്നാലെ മീറ്റർ റീഡർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (കെഡബ്ല്യുഎഎസ്എ) സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജുവും കോർപറേഷൻ പരിധിയിൽ മീറ്റർ റീഡിങ്ങിന് ഇറങ്ങിയെങ്കിലും 50 വീടുകളിൽ ബിൽ നൽകാനേ കഴിഞ്ഞുള്ളൂ. മീറ്റർ റീഡർമാർക്ക് ഒരു മാസം 20 ദിവസം മീറ്റർ റീഡിങ്ങും മറ്റു ദിവസങ്ങളിൽ ബില്ലുമായി ബന്ധപ്പെട്ട മറ്റു നടപടികളുമാണു ജോലി.
മുൻപ് ഒരു മീറ്റർ റീഡർ ഒരു ദിവസം നോക്കേണ്ടത് പഞ്ചായത്തിൽ മുപ്പതും നഗരസഭയിൽ നാൽപതും ആയിരുന്നു. ഇപ്പോൾ പഞ്ചായത്ത് –50, മുനിസിപ്പാലിറ്റി – 60, കോർപറേഷൻ –80 എന്നിങ്ങനെയാക്കാനാണ് ഉത്തരവ്. മീറ്റർ നോക്കാൻ മൂന്നു പഞ്ചായത്തിന് ഒരു സ്ഥിരം ജീവനക്കാരൻ പോലുമില്ലെന്നാണു ജീവനക്കാരുടെ പരാതി. ജല അതോറിറ്റിയിലെ സ്ഥിരം മീറ്റർ റീഡർമാർ 345 പേരാണ്. ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ മറ്റു തസ്തികകളിൽ ജോലി ചെയ്യുന്ന മുന്നൂറോളം പേർക്കു മാസം 300 രൂപ മാത്രം അധിക ആനുകൂല്യം നൽകി മീറ്റർ റീഡറാക്കിയിട്ടുണ്ട്. കുടുംബശ്രീയിൽ നിന്നുൾപ്പെടെ ആയിരത്തോളം കരാർ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
