2022 ജനുവരി 2 നാണ് അവര്‍ തന്റെ നൂറ്റി പത്തൊന്‍പതാം ജന്മദിനം ആഘോഷിച്ചത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (Guinness World Records) കാനെ ടനാകായ്ക്ക് സ്വന്തം. തന്റെ നൂറ്റിപതിനാറാമത്തെ വയസ്സില്‍ 2019 മാര്‍ച്ചിലാണ് അവര്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ തന്റെ നൂറ്റിപത്തൊന്പതാമത്തെ ജന്മദിനം ആഘോഷിക്കുകയായിരുന്നു കാനെ ടനാകാ. നൂറ്റിപത്തൊന്‍പത് വര്‍ഷത്തെ ജീവിതത്തിന്റെ പ്രതീകമായി നൂറ്റി പത്തൊന്‍പത് മെഴുകുതിരികള്‍ കത്തിച്ച് കേക്ക് മുറിച്ചുകൊണ്ടാണ് അവര്‍ പുതുവര്‍ഷത്തെ വരവേറ്റത്. നൂറ്റി ഇരുപത് വര്‍ഷം ജീവിക്കുക എന്നതാണ് ഇപ്പോള്‍ അവര്‍ക്ക് മുന്നിലുള്ള ലക്ഷ്യം. തന്റെ നൂറ്റിയിരുപത്താമത്തെ ജന്മദിനത്തിനായി അവര്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പുതുവര്‍ഷത്തില്‍ ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഒന്നാം ലോകമഹായുദ്ധത്തിന് ഏകദേശം 11 വര്‍ഷം മുമ്പാണ് കാനെ ടനാകാ ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1903ല്‍. റൈറ്റ് സഹോദരന്മാര്‍ ലോകത്തിലെ ആദ്യത്തെ വിമാനം പറത്തിയ അതേ വര്‍ഷം. 117 വയസ്സും 261 ദിവസവും പ്രായമുള്ളപ്പോള്‍ ആണ് കാനെ ടനാകാ ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വ്യക്തിയായി അംഗീകരിക്കപ്പെട്ടത്. പിന്നീട് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവര്‍ മാറി.
ഫുകുവോക്കയിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് ഇപ്പോള്‍ കാനെ ടനാകാ ജീവിക്കുന്നത്. തന്റെ ജന്മദിനം നഴ്‌സിംഗ് ഹോമിലെ ജീവനക്കാരോടൊപ്പമാണ് അവര്‍ ആഘോഷിച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ കൊക്കോകോളയും ആഘോഷവേളയില്‍ കാനെ ടനാകാ കൈയില്‍ കരുതിയിരുന്നു. കൊക്കോകോള കമ്പനി കാനെ ടനാകായുടെ താത്പര്യം മനസിലാക്കി പ്രത്യേകമായി തയ്യാറാക്കിയ കൊക്കകോള അവരുടെ ജന്മദിനത്തില്‍ സമ്മാനിക്കുകയും ചെയ്തു.
തന്റെ പത്തൊന്‍പതാം വയസ്സില്‍ 1922ലാണ് കാനെ ടനാകാ വിവാഹിതയാകുന്നത്. ഹിഡിയോ എന്ന വ്യക്തിയെ വിവാഹം ചെയ്ത കാനെ ഭര്‍ത്താവുമായി ചേര്‍ന്ന് തനക മോച്ചിയ എന്ന പേരില്‍ ഒരു നൂഡില്‍സ് ഷോപ്പ് ആരംഭിച്ചു. നൂഡില്‍സിന് പുറമെ സെന്‍സായി, ഉഡോണ്‍ എന്നീ വിഭവങ്ങളും വില്പന ചെയ്തു. യുദ്ധങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തില്‍ പങ്കെടുത്ത പോരാളികളില്‍ കാനെയുടെ ഭര്‍ത്താവും മൂത്ത മകനും ഉള്‍പ്പെടുന്നു.
COVID-19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കാരണം കാനെയ്ക്ക് അവരുടെ കുടുംബവുമായി വളരെ പരിമിതമായ സമ്പര്‍ക്കമേ ഉള്ളൂ. അവരുടെ ജന്മദിനത്തില്‍ 62കാരനായ, കാനെ ടനാകായുടെ ചെറുമകന്‍ എയ്ജി ടനാകാ മുത്തശ്ശിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. മുത്തശ്ശിയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഓരോ ദിവസവും അവര്‍ക്ക് ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും ക്യോഡോ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.