Man Reunites with Mother | 33 വർഷത്തിന് ശേഷം അമ്മയുടെ അരികിലെത്തി യുവാവ്; വീട് കണ്ടെത്താൻ തുണച്ചത് ഓർമയിൽ നിന്ന് വരച്ച ഭൂപടം
- Published by:Sarath Mohanan
- news18-malayalam
Last Updated:
നാല് വയസ്സുള്ളപ്പോള്‍ ജിംഗ്വെയിനെ അയൽക്കാരൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്ന് വേർപെട്ട, ചൈനയിലെ (China) ലി ജിംഗ്വെയ് (Li Jingwei) എന്ന 37കാരന്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ സ്വന്തം വീട് കണ്ടെത്തി മടങ്ങിയെത്തിരിക്കുകയാണ്. നാല് വയസ്സുള്ളപ്പോള്‍ ജിംഗ്വെയിനെ അയൽക്കാരൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓര്‍മ്മയില്‍ നിന്ന്, തന്റെ വീട് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ ഒരു ഭൂപടം വരച്ച ജിംഗ്വെയ് അത് സോഷ്യല്‍ മീഡിയില്‍ (Social Media) പങ്കുവെയ്ക്കുകയും ആ ഗ്രാമം കണ്ടെത്താൻ ആളുകളുടെ സഹായം തേടുകയും ചെയ്തു. കഴിഞ്ഞാഴ്ചയാണ് ജിംഗ്വെയ് കൈകൊണ്ട് വരച്ച ഭൂപടം (Map) ചൈനീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഭൂപടം വൈറലായി പ്രചരിച്ചതോടെ തന്റെ അമ്മയുമായി വീണ്ടും ഒന്നിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയായിരുന്നു.
തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ജിംഗ്വെയ്ക്ക് താന്‍ കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായ കാര്യം അറിയാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് തന്റെ മാതാപിതാക്കളുടെ പേരോ ഗ്രാമത്തിന്റെ പേരോ ഒന്നും ഓര്‍മ്മയില്ലായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമമായ വൈസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, വിവരങ്ങളുടെ അഭാവത്തിനും തന്നെ ദത്തെടുത്ത് വളർത്തിയ മാതാപിതാക്കളുടെ നിസ്സഹകരണത്തിനുമൊന്നും യഥാര്‍ത്ഥ മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കാനുള്ള ജിംഗ്വെയുടെ തീരുമാനത്തിന് തടസം നിൽക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ജിംഗ്വെയ് തന്റെ വീട് കണ്ടെത്താനായി സോഷ്യല്‍ മീഡിയയുടെ സഹായം തേടി.
advertisement
ടിക് ടോക്കിന് സമാനമായ ചൈനയിലെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനില്‍ (Douyin) അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതില്‍ കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ നിന്ന് വരച്ച വീടിന്റെ ഭൂപടം പങ്കുവെച്ചു. ആ ഭൂപടത്തില്‍ ഒരു കെട്ടിടം (അത് ഒരു സ്‌കൂള്‍ ആയിരുന്നുവെന്ന് അദ്ദേഹം കരുതുന്നു), ഒരു കുളം, മുളങ്കാട് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. ''ഞാൻ എന്റെ സ്വന്തം വീട് അന്വേഷിക്കുകയാണ്. എനിക്ക് നാല് വയസ് പ്രായമുള്ളപ്പോൾ, 1989ല്‍ കഷണ്ടിക്കാരനായ അയല്‍ക്കാരന്‍ എന്നെ ഹെനാനിലേക്ക് തട്ടിക്കൊണ്ടുപോയി. ഇത് ഞാന്‍ ഓര്‍മ്മയില്‍ നിന്ന് വരച്ച, എന്റെ വീട് നിലനിന്ന പ്രദേശത്തിന്റെ ഭൂപടമാണ്'', ഭൂപടത്തോടൊപ്പം പങ്കുവെച്ച വീഡിയോയില്‍ ജിംഗ്വെയ് പറയുന്നു.
advertisement
ജിംഗ്വേയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാവുകയും അദ്ദേഹത്തിന് അധികാരികളില്‍ നിന്ന് സഹായം ലഭിക്കുകയും അവര്‍ അന്വേഷണത്തിൽ പങ്കാളികളാവുകയും ചെയ്തു. ഒടുവിൽ ജിംഗ്വെയുടെ ജന്മദേശം ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഒരു പര്‍വത നഗരമായ ഷവോട്ടോങ് ആണെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനൊടുവില്‍ ജനുവരി 1 ന് ജിംഗ്വെയ് തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ജിംഗ്വെയും അദ്ദേഹത്തിന്റെ അമ്മയും ഒന്നിച്ചതിന്റെ വൈകാരികമായ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ നിറഞ്ഞു. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മകനും ഹെനാന്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് വീണ്ടും കണ്ടുമുട്ടിയത്. ഡിഎന്‍എ പരിശോധനയില്‍ ഷവോട്ടോങ്ങിലുള്ള ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീയുടെ കാണാതായ മകനാണ് ജിംഗ്വെയെന്ന് സ്ഥിരീകരിക്കപ്പെട്ടതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2022 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Man Reunites with Mother | 33 വർഷത്തിന് ശേഷം അമ്മയുടെ അരികിലെത്തി യുവാവ്; വീട് കണ്ടെത്താൻ തുണച്ചത് ഓർമയിൽ നിന്ന് വരച്ച ഭൂപടം