സ്ത്രീകളുടെ ഗര്‍ഭഛിദ്ര അവകാശങ്ങള്‍, പ്രത്യുല്‍പ്പാദന ആരോഗ്യം സംബന്ധിച്ച അവകാശങ്ങള്‍ എന്നിവയെല്ലാം ഈ ബില്ലില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ചയോടെ ബില്ലില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബില്‍ പ്രാബല്യത്തിലായാല്‍ സ്ത്രീകള്‍ക്ക് ഓരോ മാസത്തിലും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
Also read-കുസാറ്റിലെ ആർത്തവ അവധി; അവകാശവാദമുന്നയിച്ച് കെഎസ്‍യു
എന്താണ് ആര്‍ത്തവ അവധി?
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ആര്‍ത്തവ ദിനങ്ങളില്‍ ജോലിയില്‍ നിന്ന് അവധി എടുക്കാമെന്നതാണ് ഈ ലീവിന്റെ പ്രത്യേകത
advertisement
സ്ത്രീകളെ ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ് ആര്‍ത്തവം. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ സ്ത്രീകളെ വളരെ മോശമായി ബാധിക്കാറുണ്ട്. ഓഫീസിലായിരിക്കുമ്പോള്‍ പലർക്കും ഈ അസ്വസ്ഥതകള്‍ വളരെ രൂക്ഷമാകാറുമുണ്ട്. ആ സമയത്ത് വീട്ടിലിരുന്ന് വിശ്രമിക്കുക എന്നതാണ് ആര്‍ത്തവ അവധി കൊണ്ട് ഉദ്ദേശിക്കുന്നത്.
അതേസമയം മൂന്നാം ലോക രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. സ്ത്രീകളുടെ ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുന്ന ഒന്നായാണ് പലരും ആര്‍ത്തവത്തെ കാണുന്നത്. അതുപോലെ തൊഴിലിടങ്ങളില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീ പുരുഷ വിവേചനവും നിലനില്‍ക്കുന്നുണ്ട്.
Also read-‘ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും’; മന്ത്രി ആര്‍ ബിന്ദു
ആര്‍ത്തവ അവധി നല്‍കുന്ന രാജ്യങ്ങള്‍
ചില തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കി വരുന്നുണ്ട്. ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നത്. ഇന്തോനേഷ്യയില്‍ രണ്ട് ദിവസമാണ് ആര്‍ത്തവ അവധി.
അതേസമയം ജപ്പാനില്‍ ആര്‍ത്തവ അവധി നിയമം നിലവില്‍ വന്നിട്ട് ഏകദേശം 70 വര്‍ഷമാകുന്നു. 1947ലാണ് ഇതുസംബന്ധിച്ച നിയനിര്‍മ്മാണം നടന്നത്. ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ലോ സ്റ്റേറ്റ്‌സ് ആര്‍ട്ടിക്കിള്‍ 68 അനുസരിച്ച് ആര്‍ത്തവ വേദന ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെടുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ദാതാക്കള്‍ അവധി അനുവദിക്കണമെന്നാണ് പറയുന്നത്. ഇതനുസരിച്ചാണ് ജപ്പാനില്‍ ആര്‍ത്തവ അവധി നിലനില്‍ക്കുന്നത്.
അതേസമയം കമ്പനികള്‍ ആര്‍ത്തവ സമയത്ത് അവധി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ആര്‍ത്തവ സമയത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അധിക വേതനം നല്‍കുമെന്നോ അല്ലെങ്കില്‍ ശമ്പളത്തോട് കൂടിയ അവധി നല്‍കുമെന്നോ ഒരിടത്തും പറയുന്നില്ല.
എന്നാല്‍ ദക്ഷിണ കൊറിയയിലെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അവിടെ ആര്‍ത്തവ ദിനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അധിക വേതനം കമ്പനികള്‍ നല്‍കിവരുന്നുണ്ട്.
അതേസമയം ആര്‍ത്തവ അവധികള്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഈയടുത്ത് നടന്ന സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ ജപ്പാനീസ് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 0.9 ശതമാനം പേര്‍ മാത്രമെ ആര്‍ത്തവ അവധി എടുക്കുന്നുള്ളുവെന്നാണ് കണ്ടെത്തിയത്.
ദക്ഷിണ കൊറിയയില്‍ 2013ല്‍ ഏകദേശം 23 ശതമാനം സ്ത്രീകള്‍ ആര്‍ത്തവ അവധി എടുത്തിരുന്നു. എന്നാല്‍ 2017 ആയപ്പോഴേക്കും ആര്‍ത്തവ അവധി എടുക്കുന്ന സ്ത്രീകളുടെ എണ്ണം 19.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയിലും ആര്‍ത്ത അവധി നിലനില്‍ക്കുന്നുണ്ട്. ഇവിടെ ഓരോ മാസത്തിലും സ്ത്രീകള്‍ക്ക് ഒരു ദിവസം ആര്‍ത്തവ അവധി നല്‍കിവരുന്നു. മദേഴ്‌സ് ഡേ എന്നാണ് ഈ ദിവസം ഇവിടെ അറിയപ്പെടുന്നത്.
ആര്‍ത്തവ അവധി ഇന്ത്യയില്‍
ആര്‍ത്തവ അവധി ഇതുവരെ ഇന്ത്യയില്‍ പ്രാബല്യത്തിലായിട്ടില്ല. ബൈജൂസ്, സൊമാറ്റോ പോലുള്ള ചില സ്വകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കിവരുന്നുണ്ട്.
നിലവില്‍ ബീഹാറില്‍ മാത്രമാണ് ആര്‍ത്തവ അവധി നൽകി വരുന്നത്. 1992ലാണ് ബീഹാറില്‍ ആര്‍ത്തവ അവധി നിലവില്‍ വന്നത്. മാസത്തില്‍ രണ്ട് ദിവസം സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്.
2017ല്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എംപിയായ നിനോംഗ് എറിംഗ് ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ സംബന്ധിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ പ്രകാരം കേന്ദ്ര – സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍ക്കാര്‍-സൗകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്.