തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റ് സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്നും ബിന്ദു തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളിൽ പെൺകുട്ടികൾ പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.ആദ്യമായാണ് കേരളത്തിൽ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാർത്ഥികൾക്ക് ആർത്തവാവധി നൽകിയിരിക്കുന്നത്. ഇതിനു മുൻകയ്യെടുത്ത വിദ്യാർത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് യോജിച്ച ഒരു തുടർച്ചയുണ്ടാക്കാൻ വിദ്യാർത്ഥിനേതൃത്വവും സർവ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതിൽ ഏറ്റവും സന്തോഷം.വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുമുണ്ട്.
ആർത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളിൽ ഇനി പെൺകുട്ടികൾ വിശ്രമിക്കട്ടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.