''ഒരിക്കലും പ്രതീക്ഷിക്കാത്തൊരു മത്സരഫലമായിരുന്നു ഇത്. ന്യൂസീലൻഡിനാണ് എല്ലാ ക്രെഡിറ്റും. ഈ തോൽവിയിൽ നിരാശയുണ്ട്. ചില അവസരങ്ങൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി. ആവശ്യമായ സ്കോർ കണ്ടെത്താൻ ബാറ്റർമാർക്കു സാധിച്ചില്ല. 20 വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമാണു നമ്മൾ ഒരു കളി ജയിക്കുക. പൂനെയിലെ പിച്ചിന്റെ സ്വഭാവം പ്രവചിക്കാൻ സാധിക്കാത്തതാണ്.''
advertisement
‘‘ആദ്യ ഇന്നിങ്സിൽ കുറച്ചധികം റൺസ് നേടാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരാൻ ശ്രമിക്കും. ഇന്നു സംഭവിച്ചത് ഒരു കൂട്ടായ പരാജയമാണ്. അതിൽ ബാറ്റർമാരെയോ, ബോളര്‍മാരെയോ കുറ്റപ്പെടുത്താൻ താൽപര്യമില്ല.’’- രോഹിത് ശർമ വ്യക്തമാക്കി.
അതേസമയം, പരാജയത്തെ തുടർന്ന് പോസ്റ്റുമോർട്ടത്തിന്റെ ആവശ്യമില്ലെന്നും രോഹിത് പറഞ്ഞു. സ്വന്തം മണ്ണിൽ തുടർച്ചയായി 18 ടെസ്റ്റ് പരമ്പര വിജയം നേടിയ ടീമാണ് നമ്മുടേത്. പക്ഷേ ഈ പരമ്പരയിൽ നന്നായി കളിക്കാൻ സാധിച്ചില്ലെന്നും രോഹിത് ശർമ പറഞ്ഞു.
ഈ സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നാലാമത്തെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇപ്പോൾ ഓസ്ട്രേലിയക്കാൾ 0.32 ശതമാനം പോയിന്റുകളുടെ ലീഡ് മാത്രമാണുള്ളത്. ഇന്ത്യക്ക് 62.82 പോയിന്റും ഓസ്ട്രേലിയക്ക് 62.50 പോയിന്റുമാണ് ഇപ്പോൾ.