IND vs NZ 2nd Test: ന്യൂസീലൻഡിന് ഇന്ത്യൻ മണ്ണിൽ ചരിത്ര ജയം; 12 വർഷത്തിനുശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റ് ഇന്ത്യ

Last Updated:

1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് പൂനെയിലേത്

(AP)
(AP)
പൂനെ: രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തകർത്ത് ന്യൂസീലന്‍ഡിന് ചരിത്രം ജയം. 113 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഏഴും രണ്ടാം ഇന്നിങ്‌സില്‍ ആറുമടക്കം 13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്.
പൂനെയിൽ ന്യൂസീലൻഡിന് മുന്നില്‍ സ്പിന്‍ കെണിയൊരുക്കിയ ഇന്ത്യ, സാന്റ്‌നറുടെ പന്തുകള്‍ക്ക് മുന്നില്‍ കറങ്ങിവീഴുകയായിരുന്നു. അജാസ് പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ന്യൂസീലന്‍ഡ് - 259, 255, ഇന്ത്യ - 156, 245. ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് കിവീസ് സ്വന്തമാക്കി. പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്നിന് മുംബൈയിലാണ്.
1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് പൂനെയിലേത്. ഇതുവരെ കളിച്ച 13 ടെസ്റ്റ് പരമ്പരകളില്‍ 10ലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ട് പരമ്പരകള്‍ സമനിലയിലായപ്പോള്‍ ഇത്തവണ കിവീസ് ജയം സ്വന്തമാക്കി.
advertisement
2012നു ശേഷം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. 4331 ദിവസങ്ങള്‍ സ്വന്തമാക്കിവെച്ച റെക്കോഡാണ് ഈ തോൽവിയോടെ ഇന്ത്യ കൈവിട്ടത്. 2012ല്‍ ഇംഗ്ലണ്ടിനോടായിരുന്നു നാട്ടില്‍ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര തോല്‍വി (2-1).
അര്‍ധ സെഞ്ചുറിയുമായി അല്‍പമെങ്കിലും പൊരുതിനിന്ന യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ജയ്‌സ്വാള്‍ 65 പന്തില്‍ 9 ഫോറും 3 സിക്‌സുമടക്കം 77 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. വിരാട് കോഹ്ലി (17), ശുഭ്മാന്‍ ഗില്‍ (23), സര്‍ഫറാസ് ഖാന്‍ (9) എന്നിവരും സാന്റ്‌നറിന് മുന്നില്‍ വീണു. ഋഷഭ് പന്ത് (0) റണ്ണൗട്ടായി. 84 പന്തില്‍ 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടവും അവസാനിച്ചതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.
advertisement
നേരത്തേ 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ്, രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 5ന് 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് 57 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച 5 വിക്കറ്റുകളും നഷ്ടമായി. 86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍. ടോം ബ്ലന്‍ഡെല്‍ (41), ഗ്ലെന്‍ ഫിലിപ്‌സ് (48) എന്നിവരും മികച്ച പ്രകടനം നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ 2nd Test: ന്യൂസീലൻഡിന് ഇന്ത്യൻ മണ്ണിൽ ചരിത്ര ജയം; 12 വർഷത്തിനുശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റ് ഇന്ത്യ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement