അടുത്ത മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലാണ് രോഹിത് ഇപ്പോള്‍.
കഴിഞ്ഞ മത്സരത്തില്‍ എട്ട് സിക്‌സറുകളായിരുന്നു രോഹിത് പറത്തിയത്. അതിനിടയില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡും രോഹിത് മറികടന്നു. 194 സിക്‌സറുകളാണ് രോഹിതിന് നിലവിലുള്ളത്. 190 സിക്‌സറുകളായിരുന്നു ഗാംഗുലിയുടെ സമ്പാദ്യം.
advertisement
195 സിക്‌സറുകള്‍ പറത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലാണ് നിലവില്‍ രോഹിത്. അടുത്ത മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ നേടാനായാല്‍ താരം സച്ചിനെ മറികടക്കും. ഏകദിന കരിയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ എട്ടാമതാണ് ശര്‍മ. പട്ടികയില്‍ നാലാമതുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണ് സിക്‌സറുകളുടെ എണ്ണത്തില്‍ ഒന്നാമതുള്ള ഇന്ത്യക്കാരന്‍. 217 സിക്‌സുകളാണ് ധോണിയുടെ സമ്പാദ്യം.
351 സിക്‌സറുകള്‍ നേടിയ പാകിസ്താന്‍ മുന്‍ നായകന്‍ ഷഹീദ് അഫ്രിദിയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ 275 സിക്‌സകളുമായി രണ്ടാമതും, ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യ 270 സിക്‌സുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.