എന്നാൽ ഈ പ്രസ്താവന ഇപ്പോൾ നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലിരുന്ന പ്രശ്നങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. എർദോഗന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ അങ്കാറയിലെ ഫ്രഞ്ച് അംബാസഡറെ തിരികെ വിളിച്ചിരിക്കുകയാണ് ഫ്രാൻസ്. അത്യസാധാരണ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 'തുർക്കിയിലെ ഫ്രഞ്ച് അംബാസഡറെ തിരികെ വിളിച്ചിട്ടുണ്ട്. എർദോഗന്‍റെ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ ചർച്ച ചെയ്യാന്‍ അദ്ദേഹം പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും' മാക്രോണുമായി അടുത്തവൃത്തങ്ങൾ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
'എർദോഗന്‍റെ പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. അമിതമായ ഈ പരുഷ പെരുമാറ്റം അല്ല രീതി. എർദോഗൻ തന്‍റെ നയങ്ങളുടെ രീതി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം കാരണം അത് എല്ലാതരത്തിലും അപകടകരമാണ്' ഫ്രഞ്ച് ഉദ്യോഗസ്ഥന്‍റെ വാക്കുകളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. അധ്യാപകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തിൽ അനുശോചനമോ പിന്തുണയോ അറിയിക്കാത്ത തുർക്കി പ്രസിഡന്‍റിന്‍റെ നടപടി ഫ്രാൻസ് പ്രത്യേകമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫ്രാൻസ് ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം അങ്കാരയിൽ ഉയർന്നത് സംബന്ധിച്ച ആശങ്കയും ഇയാൾ പങ്കു വച്ചിട്ടുണ്ട്.
Also Read- മതനിന്ദ: ഫ്രാൻസിൽ അധ്യാപകനെ കഴുത്തറുത്തുകൊന്നു; അക്രമിയെ പൊലീസ് വധിച്ചു; ഭീകരാക്രമണമെന്ന് മാക്രോൺ
ഫ്രാന്‍സിൽ പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ ചർച്ച ചെയ്ത അധ്യാപകൻ ദാരുണമായി കൊല ചെയ്യപ്പെട്ടിരുന്നു. വഴിയരികിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കടുത്ത നടപടികളുമായി മുന്നോട്ട് പോയിരുന്നു.
തീവ്ര ഇസ്ലാമികവാദത്തിൽ നിന്നും തന്‍റെ രാജ്യത്തെ മതേതര മൂല്യങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ ചില നിർദേശങ്ങളും ഫ്രഞ്ച് പ്രസിഡന്‍റ് മുന്നോട്ട് വച്ചിരുന്നു. ഇതാണ് എർദോഗനെ പ്രകോപിതനാക്കിയതും ഇരു നേതാക്കളും തമ്മിലുള്ള പരസ്യപോരിന് ഇടയാക്കിയിരിക്കുന്നതും.