പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രം വരച്ചതിന് അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത നടപടികളുമായി ഫ്രാന്‍സ്. ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാരീസ് പള്ളി അടച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. പള്ളി അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സാമുവൽ പാറ്റി എന്ന 47 കാരനായ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ 18കാരനായ അക്രമിയെ പൊലീസ് വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. കൊലപാതകത്തിന് മുൻപ് ഭീകരൻ, സാമുവൽ പാറ്റിയുടെ സ്കൂളിലെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാറ്റിയുടെ ക്ലാസിലെ പെണ്‍കുട്ടിയുടെ പിതാവ് കൂടിയായ ഇയാള്‍ അധ്യാപകനെതിരെ അണിനിരക്കുന്നതിന് ഓണ്‍ലൈൻ ക്യാംപയിനും നടത്തിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫ്രാൻസിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പള്ളി അടക്കുന്ന നടപടികളിലേക്ക് കടന്നത്. അധ്യാപകനെതിരെ ഈ രക്ഷകര്‍ത്താവ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ അടക്കാൻ നിര്‍ദ്ദേശിച്ചിരിക്കുന്ന പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പാരീസിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള പാന്റിൻ നഗരപ്രാന്തത്തിലുള്ള പള്ളി ബുധനാഴ്ച രാത്രി മുതൽ ആറുമാസത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള രക്ഷകർത്താവ് തന്റെ ഫോൺ നമ്പർ ഫേസ്ബുക്കിൽ നൽകുകയും ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുൻപ് 18കാരനായ അക്രമി ചെചെൻ അബ്ദുല്ലഖ് അൻസോറോവ് വാട്‌സാപ്പിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടക്കുന്നതിന് ഒരാഴ്ച മുൻപ് സാമുവൽ പാറ്റി അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ക്ലാസിൽ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ കാണിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വധ ഭീഷണിയും ലഭിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.