'മുസ്ലീങ്ങള്‍ക്കെതിരായ നയം'; ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് മാനസിക പരിശോധന ആവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് എർദോഗൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
എര്‍ദോഗന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ തുർക്കിയിലെ അംബാസഡറെ ഫ്രാൻസ് തിരികെ വിളിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്താംബുൾ: ഫ്രാന്‍സിനെതിരെ രൂക്ഷവിമർശനങ്ങളുമായി തുർക്കി പ്രസിഡന്‍റ് റിസെപ് തയ്യിപ് എർദോഗൻ. മുസ്ലീങ്ങളോടുള്ള നയങ്ങളുടെ പശ്ചാത്തലത്തിലാണ് എർദോഗന്‍റെ വിമർശനം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് മാനസിക പരിശോധനയുടെ ആവശ്യമുണ്ടെന്ന് കടുത്ത പ്രതികരണമാണ് എർദോഗൻ നടത്തിയിരിക്കുന്നത്.
തീവ്ര ഇസ്ലാമികവാദത്തിൽ നിന്നും തന്‍റെ രാജ്യത്തെ മതേതര മൂല്യങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ മാക്രോൺ പുറപ്പെടുവിച്ച ചില നിർദേശങ്ങളാണ് തുർക്കിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇരുരാജ്യങ്ങളുടെ തലവന്മാർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ പട്ടികയിലേക്ക് പുതിയതായി ഒരു പ്രശ്നം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ് പുതിയ വിവാദത്തിലൂടെ.
'ഒരു രാജ്യത്തിന്‍റെ തലപ്പത്തിരിക്കുന്ന വ്യക്തി വ്യത്യസ്തമായ ഒരു വിശ്വാസത്തിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ ഇത്തരത്തിലാണ് കാണുന്നതെങ്കിൽ എന്താണ് പറയേണ്ടത്. ആദ്യം പറയേണ്ടത് അയാളുടെ മനോനില പരിശോധിക്കണം എന്നു തന്നെയാണ്'. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എർദോഗൻ വ്യക്തമാക്കി.
advertisement
Also Read- മതനിന്ദ: ഫ്രാൻസിൽ അധ്യാപകനെ കഴുത്തറുത്തുകൊന്നു; അക്രമിയെ പൊലീസ് വധിച്ചു; ഭീകരാക്രമണമെന്ന് മാക്രോൺ
ആഗോളതലത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന മതമാണ് ഇസ്ലാം എന്ന് മാക്രോൺ ഈയടുത്ത് വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെയും പള്ളികളെയും ഔദ്യോഗികമായി വേർതിരിച്ച് നിർത്തുന്ന 1905ലെ നിയമം ശക്തിപ്പെടുത്താൻ ഡിസംബറിൽ ഒരു ബില്ല് കൊണ്ടു വരുമെന്നും മാക്രോൺ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം പള്ളികൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നീക്കം ഉണ്ടായിരുന്നു. നേരത്തെ തന്നെ പലതരത്തില്‍ വിമർശനം ഉയർത്തിയ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ നീക്കങ്ങൾക്കെതിരെയാണ് ഇപ്പോൾ എർദോഗനും രംഗത്തെത്തിയിരിക്കുന്നത്.
advertisement
അതേസമയം എര്‍ദോഗന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ തുർക്കിയിലെ അംബാസഡറെ ഫ്രാൻസ് തിരികെ വിളിച്ചതായും റിപ്പോർട്ടുണ്ട്. തുർക്കി പ്രസിഡന്‍റിന്‍റെ വിമർശനങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കുന്നതിനായി മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് അസാധാരണ നീക്കത്തിലൂടെ അങ്കാറയിൽ നിന്ന് ഇയാളെ തിരികെ വിളിപ്പിച്ചതെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അടുത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
advertisement
'എർദോഗന്‍റെ പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. അമിതമായ ഈ പരുഷ പെരുമാറ്റം അല്ല രീതി. എർദോഗൻ തന്‍റെ നയങ്ങളുടെ രീതി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം കാരണം അത് എല്ലാതരത്തിലും അപകടകരമാണ്' ഫ്രഞ്ച് ഉദ്യോഗസ്ഥന്‍റെ വാക്കുകളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'മുസ്ലീങ്ങള്‍ക്കെതിരായ നയം'; ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് മാനസിക പരിശോധന ആവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് എർദോഗൻ