മലയാള സിനിമ മതനിരപേക്ഷതയ്ക്കായി ഒറ്റക്കെട്ടായി നില്ക്കണം: മുഖ്യമന്ത്രി
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമാ നിര്മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോണ്ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
advertisement
1/8

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് ഇത്തവണത്തെ ദേശീയ പുരസ്കാരങ്ങളില്‍ അംഗീകരിക്കപ്പെട്ടത് എന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമാ നിര്‍മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
advertisement
2/8
ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വര്‍ഗീയ വിദ്വെഷം പടര്‍ത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. ഇന്ത്യന്‍ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്
advertisement
3/8
കേരളത്തിലെ സാംസ്കാരിക സമൂഹം, വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തെ ഇത്തരത്തില്‍ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാര്‍ജിച്ചത് അത് മണ്ണിനോടും മനസ്സിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേര്‍ന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേര്‍ക്കാണ് ആക്രണമുണ്ടാവുന്നത്
advertisement
4/8
ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പര്‍ദ്ധ വളര്‍ത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫിലിം പോളിസി കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിച്ച കോണ്‍ക്ലേവുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
advertisement
5/8
കലാമൂല്യം കൊണ്ടും വാണിജ്യമൂല്യം കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ചുവടുവെപ്പാണ് കേരള ഫിലിം പോളിസി കോണ്‍ക്ലേവെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മലയാള സിനിമയുടെ ഭാവി രൂപപ്പെടുത്തുന്ന ദീര്‍ഘവീക്ഷണസ്വഭാവമുള്ള നയരേഖയ്ക്കാണ് സര്‍ക്കാര്‍ അന്തിമരൂപം നല്‍കാന്‍ പോവുന്നത്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ഇതുവഴി കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
advertisement
6/8
ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്രനയം രൂപീകരിക്കുന്നതിനായി ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്രയും വിശാലമായ ഒരു ജനാധിപത്യവേദി ഒരുക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലായി ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട ഒൻപത് പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. മൂന്ന് ഉപവിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടക്കും. കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടന്നുവരുന്ന കേരള ട്രാവല്‍ മാര്‍ട്ട് പോലെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ കേരള ഫിലിം മാര്‍ട്ട് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
advertisement
7/8
കലകളുടെ കലയായ സിനിമ എന്ന മാധ്യമത്തിന്റെയും മലയാള സിനിമയുടെയും ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്നതാണ് സമഗ്രമായ സിനിമാ നയം എന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മോഹന്‍ലാല്‍ പറഞ്ഞു. സിനിമ എന്ന തൊഴില്‍ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗൗരവകരമായ പരിഗണനയാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം ആരോഗ്യം സാമൂഹ്യനീതി തുടങ്ങിയ മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മുന്നിലാണ്. സിനിമാനയം രൂപീകരിക്കുന്നതിലൂടെ മലയാള സിനിമാ രംഗത്തിനും ഇത്തരം ഉന്നതി ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സ്പീക്കര്‍ എ. എന്‍. ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു
advertisement
8/8
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി - സാംസ്കാരിക കാര്യ വകുപ്പ് ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ ഐഎഎസ്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ കെ., കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ചെയര്‍മാന്‍ സയിദ് അഖ്തര്‍ മിര്‍സ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി
മലയാളം വാർത്തകൾ/Photogallery/Film/
മലയാള സിനിമ മതനിരപേക്ഷതയ്ക്കായി ഒറ്റക്കെട്ടായി നില്ക്കണം: മുഖ്യമന്ത്രി