ആവേശവും ചരിത്രവും ഇഴചേർന്ന കുട്ടനാട്ടിലെ ചമ്പക്കുളം മൂലം വള്ളംകളി
- Published by:Warda Zainudheen
- local18
- Reported by:Manu Baburaj
Last Updated:
കേരളാത്തീരത്തെ വള്ളംക്കളികളിൽ പ്രധാനവും പുരാതനവും വർണശബളവും ആവേശപൂരിതവുമായതാണ്, കുട്ടനാട്ടിലെ ചമ്പക്കുളം മൂലം വള്ളംകളി. കഴിഞ്ഞ ദിവസം അരങ്ങേറിയ ഈ വള്ളംകളിയുടെ കുറച്ചു വിശേഷങ്ങളായാലോ?
കേരളാത്തീരത്തെ വള്ളംക്കളികളിൽ പ്രധാനവും പുരാതനവും വർണശബളവും ആവേശപൂരിതവുമായതാണ് കുട്ടനാട്ടിലെ ചമ്പക്കുളം മൂലം വള്ളംകളി. കഴിഞ്ഞ ദിവസം അരങ്ങേറിയ ഈ വള്ളംകളിയുടെ കുറച്ചു വിശേഷങ്ങളായാലോ?
കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിൽ പമ്പാ നദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ചമ്പക്കുളം മൂലം വള്ളംകളി വർഷംതോറും നടത്തുന്നത്.
ഇന്നലെ നടന്ന ഈ വർഷത്തെ ചമ്പക്കുളം മൂലം വള്ളംകളിയില്‍ വലിയ ദിവാന്‍ജി ചുണ്ടനാണ് ഒന്നാം സമ്മാനമായ രാജപ്രമുഖന്‍ ട്രോഫി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ് വലിയ ദിവാൻജി ചുണ്ടൻ തുഴഞ്ഞത്. നടുഭാഗം ചുണ്ടനാണ് രണ്ടാമത്. ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനം. മൂലം വള്ളംകളിക്ക് ശേഷമാണ് കേരളത്തിലെ ഏറ്റവും പ്രധാനമായ വള്ളംകളികളിൽ ഒന്നായ നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടയിൽ അരങ്ങേറുന്നത്.
advertisement

പ്രകൃതിരമണീയത, സമ്പന്നമായ സംസ്കാരം, പരമ്പരാഗത വള്ളംകളി എന്നിവയ്ക്ക് പേരുകേട്ട ചമ്പക്കുളം, ഇന്ത്യയിലെ കേരളത്തിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. സന്ദർശകർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന ബോട്ടിംഗ് ചമ്പക്കുളത്തെ ഒരു ജനപ്രിയ വിനോദമാണ്.
ഈ ആചാരത്തിനു പിന്നിലെ ഐതിഹ്യവും ഏറെ കൗതുകകരമാണ്. ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതൻ്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിൻ്റെ പ്രതിഷ്ഠയ്ക്കു മുൻപ് വിഗ്രഹം ശുഭകരം അല്ല എന്നും, ഈ വിഗ്രഹത്തിനു പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം അർജ്ജുനന് ശ്രീകൃഷ്ണൻ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു.
advertisement
പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വർഷങ്ങൾക്കു ശേഷം ഇന്നും ഈ ആഘോഷം ഉത്സാഹത്തോടെ പുനരവതരിക്കെപ്പെടുന്നു.
നൂറ്റാണ്ടുകളായുള്ള ചമ്പക്കുളം വള്ളംകളിക്ക് ആധുനികകാലത്ത് വഴിത്തിരിവുണ്ടായത് 1927 ലാണ്. അക്കൊല്ലം തിരുവിതാംകൂര്‍ ദിവാന്‍ എം.ഇ. വാട്‌സ് ആണ് വള്ളംകളി ഉത്ഘാടനം ചെയ്തത്. 1952 ല്‍ തിരു-കൊച്ചി രാജപ്രമുഖനായിരിക്കെ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍ വള്ളത്തിന് അദ്ദേഹം രാജപ്രമുഖന്‍ ട്രോഫി ഏര്‍പ്പെടുത്തി. അന്ന് മുതല്‍ ചമ്പക്കുളം വള്ളംകളി മത്സരം ഈ രാജപ്രമുഖന്‍ ട്രോഫിക് വേണ്ടിയാണ്.
advertisement
ജലത്തിലൂടെയുള്ള ഒരു വർണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാർന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തിൽ കെട്ടിയുണ്ടാക്കിയ പ്രതലത്തിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു.
Location :
Alappuzha,Alappuzha,Kerala
First Published :
June 23, 2024 2:09 PM IST