ആദായനികുതി ഉദ്യോഗസ്ഥർ ഞെട്ടി; തൊഴിൽ തട്ടുകട; വിറ്റുവരവ് ഒരുകോടി!
Last Updated:
ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവമായ കച്ചോരി എന്ന പലഹാര കച്ചവടം നടത്തുന്ന മുകേഷ് എന്ന തട്ടുകടക്കാരന്‍റെ വാർഷിക വിറ്റുവരവ് 60 ലക്ഷത്തിനും ഒരുകോടിക്കും ഇടയിലാണ്
അലിഗഢ്: ഉത്തർപ്രദേശിലെ ഒരു തട്ടുകടക്കാരന്‍റെ വരുമാനം കണ്ട് ഞെട്ടി തരിച്ചിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവമായ കച്ചോരി എന്ന പലഹാര കച്ചവടം നടത്തുന്ന മുകേഷിന്‍റെ വാർഷിക വിറ്റുവരവ് 60 ലക്ഷത്തിനും ഒരുകോടിക്കും ഇടയിലാണ്.
സീമ സിനിമ തിയറ്ററിന് സമീപത്തുള്ള റോഡിലാണ് മുകേഷ് കച്ചോരി എന്ന പേരിലുള്ള തട്ടുകട. രാവിലെകളിൽ കച്ചോരിയും സമൂസയും വിറ്റാണ് മുകേഷ് കച്ചവടം തുടങ്ങുന്നത്. വൈകാതെ പകൽ മുഴുവൻ കച്ചവടം ചെയ്യാൻ തുടങ്ങി. രാത്രി വൈകിയും തുറന്നുവെച്ചെങ്കിലും കടയിൽ തിരക്കൊഴിഞ്ഞ നേരമില്ല.
കടയിലെ തിരക്ക് കണ്ട് അസൂയ മൂത്ത ആരോ ആദായനികുതി വകുപ്പിന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് മുകേഷിന്‍റെ വരുമാനത്തെക്കുറിച്ച് അധികൃതർ പരിശോധന നടത്തിയത്. തൊട്ടടുത്ത കടയിലിരുന്ന് മുകേഷിന്‍റെ കടയിലെ കച്ചവടം ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. രാവിലെ മുതൽ വൈകിട്ടുവരെ നടന്ന കച്ചവടം അടിസ്ഥാനമാക്കി കണക്കുകൂട്ടിയപ്പോൾ പ്രതിവർഷം 60 ലക്ഷത്തിനും ഒരുകോടിക്കും ഇടയിൽ മുകേഷിന് വരുമാനം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. വിശദമായ അന്വേഷണത്തിൽ മുകേഷിന്‍റെ കട ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ആദായനികുതി വകുപ്പ് മുകേഷിന് നോട്ടീസ് അയക്കുകയും ചെയ്തു.
advertisement
എന്നാൽ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മുകേഷിന്‍റെ പ്രതികരണം. കഴിഞ്ഞ 12 വർഷമായി കട നടത്തുന്നുണ്ട്. ഇതുവരെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ജീവിക്കാൻ വേണ്ടി കച്ചോരിയും സമൂസയും വിൽക്കുന്ന പാവപ്പെട്ട മനുഷ്യരാണ് ഞങ്ങൾ- മുകേഷ് പറയുന്നു. പ്രതിദിനം 2000-3000 രൂപയുടെ കച്ചവടം മാത്രമാണ് നടക്കുന്നത്. ആദായനികുതി വകുപ്പ് പറയുന്നതിന്‍റെ പകുതി കച്ചവടം പോലും ഇവിടെ നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ കച്ചവടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുകേഷ് പറഞ്ഞതായാണ് ആദായനികുതി വകുപ്പ് പറയുന്നത്. 40 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള കച്ചവടക്കാരൻ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കണമെന്നതാണ് നിയമം. പാകം ചെയ്ത ഭക്ഷണം വിൽക്കുമ്പോൾ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കണമെന്നാണ് നിയമമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യാനും ഒരു വർഷത്തെ നികുതി ഒടുക്കാനും നിർദേശിച്ചാണ് ആദായനികുതി വകുപ്പ് മുകേഷിന് നോട്ടീസ് അയച്ചിരിക്കുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2019 8:32 PM IST


