ഗതാഗതക്കുരുക്കിൽ ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ് ചോദിച്ച് അമിതാഭ് ബച്ചൻ; കൃത്യസമയത്ത് ലൊക്കേഷനിൽ എത്തിച്ചതിന് നന്ദി പറഞ്ഞ് പോസ്റ്റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
എത്ര വലിയ താരമായാലും ഗതാഗതക്കുരുക്കിൽപ്പെട്ടാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ
ഇന്ത്യയിലെ ഏറ്റവും മുതിർന്നതും സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ. അദ്ദേഹത്തെ സംബന്ധിച്ച് പുറത്തു വരുന്ന എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ ബിഗ് ബി തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആയി മാറിയിരിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെട്ട ബച്ചനെ സഹായിച്ച ഒരു ബൈക്ക് യാത്രക്കാരന് നന്ദി അറിയിച്ചു കൊണ്ടാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
എത്ര വലിയ താരമായാലും ഗതാഗതക്കുരുക്കിൽപ്പെട്ടാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ. കൃത്യസമയത്ത് ലൊക്കേഷനിൽ എത്തേണ്ടതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല. റോഡിൽ കണ്ട ഒരു ബൈക്ക് യാത്രക്കാരനോട് ബച്ചൻ ഒരു ലിഫ്റ്റ് ചോദിച്ചു. അയാൾ ആരാണെന്ന് പോലും ബച്ചന് അറിയില്ല. എങ്കിലും അമിതാഭ് ബച്ചൻ ആ ബൈക്ക് യാത്രക്കാരന് പിന്നിൽ ഇരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് ബച്ചൻ അജ്ഞാതനായ ആ യാത്രക്കാരന് ഇപ്പോൾ നന്ദി അറിയിച്ചിരിക്കുന്നത്.
” സുഹൃത്തേ സൗജന്യയാത്രയ്ക്ക് നന്ദി. നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ ലോക്കേഷനിൽ കൃത്യസമയത്ത് എത്തിച്ചു. വേഗത്തിൽ പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തി. തൊപ്പിയും ഷോര്‍ട്ട്സും മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടും അണിഞ്ഞ നിങ്ങള്‍ക്ക് നന്ദി” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ തന്നെ ഇത് വൈറൽ ആവുകയും ചെയ്തു. ഈ പോസ്റ്റിന് താഴെ അദ്ദേഹത്തിന്റെ ചെറുമകൾ നവ്യ നന്ദയും കമന്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം താരത്തിന്റെ നിരവധി ആരാധകരും ആ ബൈക്ക് യാത്രക്കാരൻ ആരാണെന്ന് തിരക്കി കമന്റ് ചെയ്തിട്ടുണ്ട്.
advertisement
advertisement
അതേസമയം ഇൻസ്റ്റഗ്രാമിൽ ഏറെക്കുറെ സജീവമായിട്ടുള്ള ആളാണ് ബിഗ് ബി. പതിവായി ഞായറാഴ്ചകളിൽ ആരാധകരെ കാണാനും അഭിവാദ്യം ചെയ്യാനും തന്റെ വസതിക്കു മുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഈ അടുത്ത് ഞായറാഴ്ച തന്റെ ജൽസ വസതിക്ക് മുന്നിൽ ഒത്തുകൂടരുതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു. കാരണം ലൊക്കേഷനിൽ കുറച്ച് ജോലിത്തിരക്കുകൾ ഉള്ളതിനാൽ താൻ തിരക്കിലായിരിക്കും എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ജെൽസയിലേക്ക് വൈകുന്നേരം 5.45 ഓടെ മടങ്ങിയെത്താൻ ശ്രമിക്കാം എന്നും അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു.
advertisement
നിലവിൽ പ്രഭാസിനും ദീപിക പദുക്കോണിനുമൊപ്പം കെ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുക. ഇതുകൂടാതെ, ടൈഗർ ഷ്റോഫിനൊപ്പം സെക്ഷൻ 84, ഗണപത് എന്നിവയും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ദി ഇന്റേണിന്റെ ഹിന്ദി റീമേക്കിലും അദ്ദേഹം വേഷമിടും. അതേസമയം കോൻ ബനേഗ ക്രോർപതിയുടെ പുതിയ സീസണുമായി ബിഗ് ബി ടെലിവിഷനിലും തിരിച്ചെത്താൻ ഒരുങ്ങുകയാണെന്നാണ് വിവരം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 15, 2023 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗതാഗതക്കുരുക്കിൽ ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ് ചോദിച്ച് അമിതാഭ് ബച്ചൻ; കൃത്യസമയത്ത് ലൊക്കേഷനിൽ എത്തിച്ചതിന് നന്ദി പറഞ്ഞ് പോസ്റ്റ്