സ്വന്തമായി ഒരു വീട് വയ്ക്കുക അല്ലെങ്കിൽ ഒരു വീട് സ്വന്തമാക്കുക എന്നതൊക്കെ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും. എന്നാൽ അതിനു വേണ്ട സമ്പാദ്യം പലരുടെയും കയ്യിലില്ലാത്തതിനാൽ ഓരോ രൂപയും കൂട്ടി വെച്ച് സ്വന്തമായി ഒരു വീടിനു വേണ്ടി കാത്തിരിക്കുന്നവരുണ്ട് . എന്നാൽ വെറും 270 രൂപയ്ക്ക് മൂന്നു വീടുകൾ സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോണിയ സ്വദേശിയും 49 കാരിയുമായ റൂബിയ ഡാനിയൽസ്. ഇറ്റലിയിലെ സിസിലിയിലെ മനോഹരമായ നഗരമായ മുസ്സോമെലിയിലേക്ക് എത്തിയതോടെയാണ് റൂബിയയ്ക്ക് ഈ സൗഭാഗ്യം കൈവന്നത്. ഇറ്റലിയിൽ അവിശ്വസനീയമാംവിധം ഇത്രയും വിലകുറവിന് വീടുകൾ ലഭിക്കുമെന്ന് റൂബിയ ഡാനിയൽസിനെ ഇവിടെ എത്തുന്നതു വരെ അറിയില്ലായിരുന്നു.
മൂന്ന് പഴയ വീടുകളാണ് ഇവർ സ്വന്തമാക്കിയത്. ഓരോ വീടിനും ഓരോ യൂറോ, അതായത് ഏകദേശം 89 രൂപ നൽകിയാണ് റൂബിയ ഇവ മൂന്നും വാങ്ങിയത്. മുസ്സോമെലിയിലെ ഭവന പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന ഒരു സ്ഥാപനം ഡാനിയൽസിന്റെ മൂന്ന് വീടുകളുടെയും ജോലികൾ ഏറ്റെടുത്തതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിൽ ജനിച്ചു വളർന്ന റൂബിയ ഡാനിയൽസ് ഇപ്പോൾ കാലിഫോർണിയൽ ആണ് താമസം. തന്റെ കുട്ടിക്കാലത്തെ വീടിനെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ മുസ്സോമെലിയ നഗരത്തിന് ഒരു വലിയ സാമ്യം അവർക്ക് തോന്നി.
Also read-ടിക് ടോക്കിലൂടെ ശസ്ത്രക്രിയ ലൈവ് സ്ട്രീമിംഗ്; പ്ലാസ്റ്റിക് സര്‍ജന്റെ ലൈസന്‍സ് റദ്ദാക്കി
കൂടാതെ വീട്ടുകാരെപ്പോലെ അവരെ ആശ്ലേഷിച്ച നാട്ടുകാരിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണം കൂടി ആയപ്പോൾ ഈ പഴയ വീടുകൾ പുതുക്കി പണിയാൻ റൂബിയ തീരുമാനിച്ചു . നിലവിലുള്ള വീടിന്റെ ഘടനകൾ സംരക്ഷിച്ചുകൊണ്ട് വീടിനെ പുനരുദ്ധാരണം ചെയ്യുക എന്നതായിരുന്നു റൂബിയ ആദ്യം തന്നെ ലക്ഷ്യമിട്ടത്. അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നുകൂടിയായിരുന്നു. ” ഇതൊരു പാരിസ്ഥിതിക ആശയമാണ്. നമ്മുടെ കൈവശമുള്ള വസ്തുക്കള്ർ ഉപയോഗപ്പെടുത്തി വീട് നിർമിക്കുന്ന രീതിയാണത്”, എന്ന് റൂബിയ ഡാനിയല്‍സ് പറഞ്ഞു.
വാങ്ങിയ മൂന്ന് വീടുകളിലൊന്ന് ആര്‍ട്ട് ഗ്യാലറിയാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇത് പ്രാദേശിക കലാകാരന്മാരുടെ പകഴിവുകൾ പ്രകടിപ്പിക്കാനും സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കും. രണ്ടാമത്തെ വീട് റൂബിയ തന്റെ താമസസ്ഥലമാക്കും . ശേഷിക്കുന്ന മൂന്നാമത്തെ വീട് മുസ്സോമെലിയിലെ ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഒരു വെല്‍നെസ് സെന്‍ററാക്കി മാറ്റുമെന്നും അവര്‍ വ്യക്തമാക്കി.
2020 ൽ വീടുകൾ പുതുക്കിപ്പണിയാൻ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം മറ്റു പണികൾ ഉടനടി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാമത്തെ വീടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട വീടുകളെ പുനരുജീവിപ്പിക്കുക മാത്രമല്ല സമൂഹത്തിൽ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പുനരുജ്ജീവിപ്പിക്കുക കൂടിയാണ് ഇതിലൂടെ ഡാനിയൽസ് ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: American Woman, Home, Italy