മൃതദേഹം വിട്ടുകിട്ടാൻ കൈയിലെ വളയൂരി കൊടുത്തു; ഇപ്പോ ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി; വൈറലായി പൊലീസുകാരി
- Published by:Rajesh V
- news18-malayalam
Last Updated:
മുൻപ് ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ അപർണ വാർത്തകളിൽ ഇടംനേടിയിരുന്നു. മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയതിലൂടെയും അപർണ ശ്രദ്ധിക്കപ്പെട്ടിരുന്നു
തൃശൂർ: രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന എ എസ് ഐ അപർണ ലവകുമാറിന്റെ വീഡിയോ വൈറൽ. തൃശൂർ കോലോത്തും പാടത്ത് അശ്വിനി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
മുൻപ് ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ അപർണ വാർത്തകളിൽ ഇടംനേടിയിരുന്നു. മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയതിലൂടെയും അപർണ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തരവാദിത്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപർണ.
ശനിയാഴ്ച ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നിൽനിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു ആംബുലൻസ്.
advertisement
2002ലാണ് അപർണ കേരള പോലീസിന്റെ ഭാഗമായത്. 2009ൽ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായിരുന്നപ്പോഴാണ് അവർ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഒരു സ്ത്രീയുടെ മൃതദേഹം ബില്ലടയ്ക്കാതെ വിട്ടുനൽകാൻ വിസമ്മതിച്ച ആശുപത്രി അധികൃതർക്കു മുന്നിൽ വീട്ടുകാർ ബുദ്ധിമുട്ടുന്നതുകണ്ടാണ് അന്ന് അപർണ തന്റെ മൂന്നുസ്വർണവളകൾ ഊരി കൊടുത്തത്. ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത് ഒരു സ്ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അത്തരമൊരവസ്ഥയിൽ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അന്ന് അപർണ പറഞ്ഞത്. ഈ സംഭവം അന്ന് ഏറെ ചർച്ചയായിരുന്നു.
advertisement
പിന്നീട് 2019ൽ, ഇരിങ്ങാലക്കുടയിലെ റൂറൽ വനിതാ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരിക്കെയാണ് മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 11, 2025 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൃതദേഹം വിട്ടുകിട്ടാൻ കൈയിലെ വളയൂരി കൊടുത്തു; ഇപ്പോ ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി; വൈറലായി പൊലീസുകാരി