ഇന്റർഫേസ് /വാർത്ത /Buzz / ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ

ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ

സുബാഷ് കെ പുത്തൂർ

സുബാഷ് കെ പുത്തൂർ

''ഞാന്‍ ഒരധ്യാപകനാണ്.ഒരു KPSTA മെമ്പറുമാണ്. പക്ഷെ ഒരധ്യാപകന്‍ എന്ന നിലയില്‍ ഇന്നലെ നടന്ന പ്രതിഷേധ നടപടിയോട് മാനസീകമായി ഒരിക്കലും യോജിക്കാന്‍ എനിക്കു സാധിക്കുന്നില്ല.''

  • Share this:

കണ്ണൂർ: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുന്ന ഉത്തരവ് കത്തിച്ച ഒരു വിഭാഗം അധ്യാപകരുടെ പ്രതിഷേധത്തിനെതിരെ തുറന്ന പ്രതികരണവുമായി അധ്യാപകൻ രംഗത്ത്. പ്രതിഷേധം നടത്തിയ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ അംഗമാണ് താനെന്നും എന്നാൽ തന്റെ രണ്ട് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അധ്യാപകനായ സുബാഷ് കെ പുത്തൂർ. അധ്യാപകരെ സംബന്ധിച്ച് സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട സമയമാണെന്നും അധ്യാപകരോടുള്ള ആദരവ് ഈ സമൂഹത്തില്‍ എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതായും സുബാഷ് പറയുന്നു. കണ്ണൂര്‍ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം.

സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ചു കളഞ്ഞു കൊണ്ടാണ് അധ്യാപകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ തന്റെ സംഘടനയില്‍ പെട്ടവരുടെ പ്രതിഷേധനടപടിയോട് തനിക്ക് ഒരിക്കലും യോജിക്കാനാവില്ലെന്ന് സുബാഷ് പോസ്റ്റില്‍ പറയുന്നു. ഈയവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടതെന്നും പ്രതിപക്ഷമാണ് എന്ന കാരണം കൊണ്ട് എല്ലാം എതിര്‍ക്കുക എന്ന നിലപാട് നിലപാട് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ശമ്പളം സര്‍ക്കാരിന് നല്‍കിയാല്‍ വഞ്ചിക്കപ്പെട്ടേക്കും എന്ന് തോന്നലുളളവര്‍ പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് സഹായം നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

''എന്‍റെ രണ്ടു മാസത്തെ ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ''

പ്രിയ സഹോദരങ്ങളേ...

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഗവഃ ഒാര്‍ഡര്‍ എന്‍റെ സംഘടനയില്‍ തന്നെയുള്ള അധ്യാപക സുഹൃത്തുക്കള്‍ ഇന്നലെ കത്തിച്ചു പ്രധിഷേധിച്ചതാണ് ഈ പോസ്റ്റിനാധാരം.

ഞാന്‍ ഒരധ്യാപകനാണ്.ഒരു KPSTA മെമ്പറുമാണ്.പക്ഷെ ഒരധ്യാപകന്‍ എന്ന നിലയില്‍ ഇന്നലെ നടന്ന പ്രതിഷേധ നടപടിയോട് മാനസീകമായി ഒരിക്കലും യോജിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

എന്‍റെ നാട് ഒരു ഉള്‍ ഗ്രാമമാണ്.സാധാരണക്കാരായ ജനങ്ങള്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമം. കൂലിപ്പണി എടുത്താണ് ഒട്ടു മിക്ക ആള്‍ക്കാരും ജീവിക്കുന്നത്.പണിയില്ലാതായിട്ട് കഷ്ടപാടിലാണ് എല്ലാവരും.അതു പോലെയുള്ള എത്ര ലക്ഷക്കണക്കിനാളുകളാണ് നമ്മുടെ കേരളത്തില്‍ ....

അവര്‍ക്കൊക്കെ ജീവിക്കേണ്ടേ....ആപത്തു വരുമ്പോഴല്ലാതെ പിന്നെ എപ്പോഴാ സഹായിക്കുക.

ഈ അവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്..പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്..

ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്‍റെ അച്ഛനും അച്ഛാഛനും നമ്മുടെ കുടുംബവും ഒരു കോണ്‍ഗ്രസ് കുടുംബമാണ്.പ്രതിപക്ഷമാണ് എന്ന കാരണം കൊണ്ട് എല്ലാം എതിര്‍ക്കുക എന്ന നിലപാട് നല്ലതല്ല.

പ്രളയ കാലത്തും അതിന് ശേഷവും അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടത് കിട്ടിയില്ല എന്നതും സര്‍ക്കാറിന്‍റെ ധൂര്‍ത്തും പാര്‍ട്ടിയിലെ ഒരു വിഭാഗം ആള്‍ക്കാര്‍ കാണിച്ച അഴിമതിയുമാണ് സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളേ നിങ്ങളെ പിന്‍ തിരിപ്പിച്ചതെങ്കില്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചു കളയുന്നതോടൊപ്പം നാട്ടിലുള്ള ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് നിങ്ങളുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണമായിരുന്നു.നിങ്ങളുടെ ശമ്പളം കൊടുത്ത് നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം എന്ന തോന്നലുള്ളവര്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.

കോവിഡ് വ്യാപനം അമേരിക്കയിലേതുപോലെ ഇവിടെ കേരളത്തില്‍ വ്യാപിച്ചിരുന്നെങ്കില്‍ ശമ്പളം എണ്ണി വാങ്ങാന്‍ നമ്മള്‍ ഇന്ന് ഉണ്ടായിരിക്കില്ലായിരുന്നു.

പല ഉദ്യോഗസ്ഥരും പ്രളയ കാലം സുവര്‍ണ കാലമാക്കിയിട്ടുണ്ടാകാം..അതും പറഞ്ഞ് ഇപ്പോള്‍ അപകടത്തില്‍ പെട്ടിരിക്കുന്ന പാവപ്പെട്ട ജനങ്ങളെ സഹാക്കാനുള്ള ഈ അവസരം നമ്മള്‍ കത്തിച്ചു കളയുകയല്ല വേണ്ടത് അവരുടെ കൂടെ നില്‍ക്കുകയാണ്.

എന്‍റെ സ്കൂളില്‍ എല്ലാ അധ്യാപകരും പി.ടി.എ കമ്മറ്റിയും ചേര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ച തന്നെ സ്കൂളിന്‍റെ പരിസരത്തുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2000 രൂപയോളം വരുന്ന കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.

പ്രളയമുണ്ടായപ്പോള്‍ സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ മടി കാണിച്ച ആളുതന്നെയാണു ഞാനും.സഹായിക്കാനുള്ള മടി കൊണ്ടായിരുന്നില്ല ..കല്യാണാവശ്യങ്ങള്‍ക്കായുള്ള ലോണും വണ്ടി വാങ്ങിയ ലോണും , കുറിയും ,വീട്ടു ചെലവുമൊക്കെ കണക്കു കൂട്ടി നോക്കിയപ്പോള്‍ സാലറി ചാലഞ്ചില്‍ കൂടാന്‍ തോന്നിയില്ല.അവസാനം PF ലോണ്‍ 10 മാസത്തേക്ക് മരവിപ്പിച്ച് സാലറി ചാലഞ്ച് ഏറ്റെടുത്തു.സര്‍ക്കാര്‍ തന്ന ശമ്പളം കൊണ്ടുതന്നെയാണ് ഇതൊക്കെ ഉണ്ടായത് എന്ന് അപ്പോള്‍ ഒാര്‍ത്തു.

അധ്യാപകരെ സംബന്ധിച്ചടുത്തോളം ഏറ്റവും കൂടുതല്‍ സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട സമയമല്ലേ....ഇത്..

ഒരു കാര്യം '' ആരെയും നോവിക്കാനോ,ആരെയും കുറ്റപ്പെടുത്താനോ,ആരെയെങ്കിലും ഇതിലേക്ക് നിര്‍ബന്ധിക്കാനോ ,തിരിച്ചൊരു മറുപടിക്കു വേണ്ടിയോ,അല്ല ഈപോസ്റ്റ്...അധ്യാപക സമൂഹത്തോടുള്ള ആദരവ് ഈ സമൂഹത്തില്‍ എന്നും നില നില്‍ക്കണം എന്ന ആഗ്രഹംകൊണ്ടുമാത്രം......

നന്ദി .....

First published:

Tags: Congress, Covid 19, Salary challange, Salary challange in Kerala, Teachers