കോവിഡ് -19 (Covid 19) വ്യാപനം മൂലം ചൈനയിൽ (China) പെട്ടെന്ന് ലോക്ക്ഡൗൺ (Lockdown) ഏർപ്പെടുത്തിയതിനെ തുടർന്ന് അപരിചിതനായ യുവാവിന്റെ വീട്ടിൽ ഡേറ്റിംഗിനെത്തിയ (Dating) യുവതി കുടുങ്ങിപ്പോയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലായിരിക്കുന്നത്. മിസ് വാങ് എന്ന് അറിയപ്പെടുന്ന യുവതി കഴിഞ്ഞ ആഴ്ച ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേറ്റിംഗിന്റെ ഭാഗമായി ഒരുമിച്ച് ഭക്ഷണം കഴിക്കാനായി യുവാവിന്റെ വീട്ടിലെത്തിയതായിരുന്നു യുവതി. എന്നാൽ പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടർന്ന് യുവതി അവിടെ കുടുങ്ങുകയായിരുന്നു.
പുതുവർഷത്തിന് മുന്നോടിയായാണ് താൻ ഗ്വാങ്‌ഷൂവിൽ നിന്ന് ഷെങ്‌ഷൌ നഗരത്തിലെത്തിയതെന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്.
"എനിക്ക് വിവാഹ പ്രായമായി, അതിനാൽ എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി 10ലധികം പെണ്ണുകാണലുകൾ സംഘടിപ്പിച്ചിരുന്നുവെന്നും," യുവതി ഈ പോസ്റ്റിൽ പറയുന്നുണ്ട്. യുവതിയെ അഞ്ചാമതായി പെണ്ണു കാണാൻ എത്തിയ യുവാവിന്റെ വീട്ടിലാണ് യുവതി ഇപ്പോൾ ഉള്ളത്. "അദ്ദേഹം പാചകത്തിൽ നല്ല കഴിവുള്ള വ്യക്തിയാണ്. അതിനാലാണ് എന്നെ ഭക്ഷണം കഴിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചത്" എന്നും യുവതി കുറിച്ചു.
എന്നാൽ ഇതിനിടെയാണ് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് യുവാവിന്റെ പ്രദേശത്ത് അതിവേഗം ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് യുവാവിന്റെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ല.
താൻ ഡേറ്റിംഗിനെത്തിയ യുവാവിന്റെ വീട്ടിൽ നാല് ദിവസമായി കുടുങ്ങിക്കിടക്കുകയാണെന്നും സാഹചര്യം “അനുയോജ്യമല്ല” എന്നുമാണ് മിസ് വാങ് ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം തനിക്കായി പാചകം ചെയ്യുന്നത് യുവാവാണെന്നും യുവതി പറഞ്ഞു. എന്നാൽ "അദ്ദേഹം അധികം സംസാരിക്കില്ല" എന്നും യുവതി കൂട്ടിച്ചേർത്തു.
ഇപ്പോഴും യുവതി അപരിചിതനായ ആ യുവാവിന്റെ വീട്ടിൽ കുടുങ്ങിക്കിടക്കുകയാണോ എന്ന് വ്യക്തമല്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലും ഷെങ്‌ഷൗവിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഷെങ്‌ഷൗവിൽ 100ലധികം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതായി ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഗരത്തിൽ അവശ്യേതര സാധനങ്ങൾ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച മുതൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. കൂടാതെ നഗരത്തിലെ 12.6 മില്യൺ നിവാസികളെ കോവിഡ് -19 കാരിയറുകളാണോയെന്ന് പരിശോധിക്കുന്നതിനായി വൻ തോതിലുള്ള കോവിഡ് 19 ടെസ്റ്റിംഗ് ഡ്രൈവുകളും ആരംഭിച്ചിട്ടുണ്ട്.
ചൈനയുടെ സീറോ കോവിഡ് 19 നയത്തിന്റെ ഭാഗമായാണ് വൈറസ് കേസുകൾ കണ്ടെത്തുമ്പോൾ തന്നെ കമ്മ്യൂണിറ്റികളിൽ അതിവേഗം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. പെട്ടെന്നുള്ള ലോക്ക്ഡൗൺ നടപടികൾ കാരണം കഴിഞ്ഞ ആഴ്ചകളിൽ പ്രദേശത്ത് കുടുങ്ങിപ്പോയ ഒരേയൊരു വ്യക്തിയല്ല മിസ് വാങ്. ഇത്തരത്തിൽ നിരവധി പേർ വിവിധയിടങ്ങളിൽ കുടുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം, വടക്കൻ നഗരമായ സിയാനിൽ ഒരാൾ വീടുമാറുന്നതിനിടയിൽ ഇത്തരത്തിൽ കുടുങ്ങിപ്പോയിരുന്നു. തന്റെ കാറിൽ നിന്ന് ലഗേജ് എടുക്കാൻ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.