രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; 58കാരന്‍റെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
മാനസിക വെല്ലുവിളി നേരിടുന്ന ഇയാള്‍ രണ്ടോ മൂന്നോ മാസത്തിനിടെ ഇയാള്‍ ഒന്നര കിലോഗ്രാം നാണയങ്ങള്‍ വിഴുങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ 58കാരന്റെ വയറിനുള്ളില്‍ നിന്ന് 187 നാണയങ്ങള്‍ നീക്കം ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ ലിംഗ്‌സുഗൂര്‍ ടൗണില്‍ താമസിക്കുന്ന ദ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറിനുള്ളില്‍ നിന്നാണ് ഇത്രയും നാണയങ്ങള്‍ പുറത്തെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ദ്യാമപ്പയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രണ്ടോ മൂന്നോ മാസത്തിനിടെ ഇയാള്‍ ഒന്നര കിലോഗ്രാം നാണയങ്ങള്‍ വിഴുങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
വയറുവേദനയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ദ്യാമപ്പയെ ശ്രീ കുമാരേശ്വര ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി നടത്തിയപ്പോഴാണ് നാണയങ്ങൾ വിഴുങ്ങിയ വിവരം അറിയുന്നത്. അഞ്ച് രൂപയുടെ 56 നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും, ഒരു രൂപയുടെ 80 നാണയങ്ങളും വയറ്റിൽ നിന്ന് പുറത്തെടുത്തു.
ദ്യാമപ്പയുടെ വയറിലെ നാണയങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നുവെന്ന് ഡോക്ടര്‍മാരില്‍ ഒരാളായ ഈശ്വര്‍ കലബുര്‍ഗി പറഞ്ഞു. ഓപ്പറേഷന് ശേഷം, വെള്ളത്തിന്റെ കുറവും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും കാരണം അദ്ദേഹത്തിന് മറ്റ് ചികിത്സകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ടെ, എ അര്‍ച്ചന എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലെ മറ്റ് ഡോക്ടര്‍മാർ. സ്‌കീസോഫ്രീനിയ ബാധിച്ച ഒരാള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. ഇതൊരു അപൂര്‍വ്വമായ കേസാണ്. തന്റെ 40 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും ഡോ കലബുര്‍ഗി പറഞ്ഞു.
advertisement
മുമ്പ് മറ്റൊരാളുടെ വയറ്റില്‍ കുടുങ്ങിയ 63 നാണയങ്ങള്‍ രണ്ടു ദിവസം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിലെ ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പിക് നടപടിക്രമത്തിലൂടെയാണ് നാണയങ്ങള്‍ പുറത്തെടുത്തത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. ജോധ്പൂരിലെ എംഡിഎം ആശുപത്രിയിലായിരുന്നു രണ്ട് ദിവസം നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. വിഷാദാവസ്ഥയില്‍ രോഗി നാണയങ്ങള്‍ വിഴുങ്ങുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
advertisement
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വയറ്റില്‍ നിന്ന് ഒന്നര കിലോയിലധികം ആഭരണങ്ങളും 90 നാണയങ്ങളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. പശ്ചിമബംഗാളിലെ ബിര്‍ഭുമിലായിരുന്നു സംഭവം. അഞ്ചിന്റെയും പത്തിന്റെയും നാണയത്തുട്ടുകള്‍, മാലകള്‍, മൂക്കുത്തികള്‍, കമ്മലുകള്‍, വളകള്‍, പാദസരങ്ങള്‍, വാച്ചുകള്‍, റിസ്റ്റ് ബാന്‍ഡുകള്‍ എന്നിവയാണ് 26കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തതെന്ന് റാംപുര്‍ഹത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ബിശ്വാസ് പറഞ്ഞിരുന്നു.
ചെമ്പിലും പിച്ചളയിലുമുള്ള ആഭരണങ്ങളാണ് ഏറെയും. ഒപ്പം സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതെ പോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞിരുന്നു. രണ്ട് മാസമായി യുവതി അസുഖബാധിതയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിച്ചു. ഏറ്റവും ഒടുവിലാണ് ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ ആഭരണങ്ങളും നാണയങ്ങളും കുടുങ്ങിയതായി കണ്ടെത്തിയിരുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; 58കാരന്‍റെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍