COVID 19| ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കാസർഗോഡ് 'കോവിഡ് ഡ്യൂട്ടി' ചെയ്യുന്ന ഡോക്ടറുടെ അനുഭവം

Last Updated:

''ഏഴു വർഷമായി അച്ഛൻ മിണ്ടാറില്ല.. ഞാനും മിണ്ടാറില്ല. വീട്ടിൽ എത്തിയാൽ മുഖം കൊടുക്കാതെ, മിണ്ടാതെ, ഒരു നോട്ടം പോലും നോക്കാതെ, വീടിനുള്ളിൽ തന്നെ മതിലുകൾ കെട്ടി ഇരിക്കുമായിരുന്നു ഞങ്ങൾ.. ''

കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ ഇത്തരം ചില നല്ല വാർത്തകളുമുണ്ട്. കാസർഗോഡ് കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന തോന്നലുണ്ടാക്കിയ ഒരുഘട്ടമുണ്ടായിരുന്നു. ഈ സമയമാണ് കർണാടക അതിർത്തി അടച്ചത്. ഈ സമയം കാസർഗോഡ് കോവിഡ് ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു സംഘം യാത്ര തിരിച്ചു.
ഡോക്ടർമാരുടെ സംഘത്തിൽ ഡോ. നരേഷും ഉണ്ടായിരുന്നു. ഏഴു വർഷം മിണ്ടാതിരുന്ന നരേഷിന്റെ അച്ഛൻ മകൻ കാസർഗോഡേക്ക് പോയ വിവരം അറിഞ്ഞ് ഫോൺ വിളിച്ച് സംസാരിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് സുഹൃത്തായ ഡോ. സന്തോഷ്.
advertisement
 ഫേസ്ബുക്ക്  കുറിപ്പിന്റെ പൂര്‍ണ രൂപം
ഏഴ് വർഷം മിണ്ടാതിരുന്ന അച്ഛൻ ഇന്നലെ എന്നെ വിളിച്ചിരുന്നു....
നരേഷ് ഡോക്ടറുടെ സ്വദേശം ചെന്നൈയിലാണ്. കാസറഗോഡ് നിന്നും തിരികെ വരുന്നതിന്റെ തലേ ദിവസം രാത്രി ഞങ്ങൾ പതിവ് പോലെ ഹോട്ടലിലെ ഗ്രാൻഡെയർ ഹാളിൽ ഒത്തു കൂടി. ഇന്ന് പാട്ടും അന്താക്ഷരിയുമൊന്നുമില്ലെന്ന് ഞാൻ പ്രഖ്യാപിച്ചു. എല്ലാവരും പ്രസംഗിക്കണം. കാസറഗോഡ് മിഷനെ കുറിച്ച് പോസിറ്റീവ് ആയ രണ്ട് കാര്യങ്ങൾ, നെഗറ്റീവ് ആയ രണ്ട് കാര്യങ്ങൾ പിന്നെ മനസ്സിൽ തട്ടിയ ഒരു സംഭവം.. ഇത്രയും വേണം.. അങ്ങനെ ആ പ്രസംഗ പർവ്വം തുടങ്ങി... എല്ലാവരും തമാശകൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നതിനിടയിൽ ആണ് നരേഷ് ഡോക്ടർ, എല്ലാവരുടെയും ഹൃദയത്തിൽ കൊളുത്തി വലിച്ച, അച്ഛന്റെ ഫോൺ വിളിയെ കുറിച്ച് പറഞ്ഞത്. തമിഴ് കലർന്ന മലയാളത്തിൽ അതിങ്ങനെ ആണ് നരേഷ് ഡോക്ടർ തുടങ്ങിയത്...
advertisement
സർ.. ഞാൻ ജീവിതത്തിൽ ഒരു പരാജിതൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്. എം ബി ബി എസ് കഴിഞ്ഞ് ഇപ്പൊ കുറെ കാലം ആയി. ആദ്യം ഞാൻ അഹമ്മദാബാദിലെ ബി ജെ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്‌സിൽ പോസ്റ്റ്‌ ഗ്രാഡുവേഷൻ ചെയാൻ ചേർന്നു.. അവിടത്തെ ജോലി ഭാരവും പീഡനവും സഹിക്കാൻ ആവാതെ നിർത്തി പോന്നു.. എല്ലാവരും കുറ്റപ്പെടുത്തി. പിന്നെ എനിക്കും തോന്നി അതു വേണ്ടായിരുന്നുവെന്ന്. എത്ര കഷ്ടപെട്ടിട്ടാണ് അവിടെ ഓർത്തോക്ക് സീറ്റ് ലഭിച്ചത് എന്നോർക്കുമ്പോൾ കഷ്ടം തോന്നും. പക്ഷെ ഞാൻ അങ്ങനെ ആണ്.. ഒരു ഫെയിലിയർ.. പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സിന് ചേർന്നു.. കുട്ടികളുടെ കരച്ചിൽ ഒന്നും കെട്ടു നില്കാനാവില്ലെന്ന് മനസിലായപ്പോ അതും വിട്ടു.. അതു കഴിഞ്ഞിട്ടാണ് ഇപ്പൊ അനസ്തേഷ്യക്ക് ചേർന്നത്. സത്യത്തിൽ ഇതും എനിക്ക് ചേരുന്നില്ലായിരുന്നു. അധ്യാപകരുമായി സ്ഥിരമായി അടി ഇടുമായിരുന്നു. എങ്ങനെ ഒക്കെയോ പാസ്സായി. ഇപ്പൊ സീനിയർ റസിഡൻസി ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കാണ് കാസറഗോഡ് പോകണമെന്ന് ഡിപ്പാർട്ടമെന്റ് മേധാവി പറഞ്ഞത്. ഡിപ്പാർട്മെന്റിൽ നിന്ന് എന്നെ കുറെ നാൾ ഓടിക്കാനാണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ തോന്നി. ഏതായാലും രണ്ടും കല്പിച്ചു ഇറങ്ങി. കാസറഗോഡ് പോയാൽ തിരിച്ചു വരാൻ പറ്റില്ലെന്ന് പലരും പറഞ്ഞു.. യാത്ര തുടങ്ങിയപ്പോഴാണ് അത്ഭുതങ്ങൾ തുടങ്ങിയത്. ജീവിതത്തിൽ മിണ്ടാൻ മടിച്ചിരുന്നവർ, കണ്ടിട്ടും മിണ്ടിയിട്ടില്ലാത്തവർ, പിണങ്ങി ഇരുന്നവർ ഒക്കെ വിളിച്ചു തുടങ്ങുന്നു. ഫേസ് ബുക്കിൽ proud of you എന്ന് എല്ലാവരും എഴുതുന്നു. ഞാൻ ഞാൻ തന്നെയാണോ എന്ന് എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. ജീവിതത്തിനു അർത്ഥം ഉണ്ടെന്നൊക്ക എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു സർ....
advertisement
ഇതിനിടയിൽ ആണ് അച്ഛൻ വിളിച്ചത്. ഏഴു വർഷമായി അച്ഛൻ മിണ്ടാറില്ല.. ഞാനും മിണ്ടാറില്ല. വീട്ടിൽ എത്തിയാൽ മുഖം കൊടുക്കാതെ, മിണ്ടാതെ, ഒരു നോട്ടം പോലും നോക്കാതെ, വീടിനുള്ളിൽ തന്നെ മതിലുകൾ കെട്ടി ഇരിക്കുമായിരുന്നു ഞങ്ങൾ.. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ഒന്നും അച്ഛന് ഇഷ്ടപെടുമായിരുന്നില്ല.. എനിക്ക് തന്നെ ഇഷ്ടപെടാത്ത തീരുമാനങ്ങൾ എങ്ങനെ അച്ഛന് ഇഷ്ടപെടും.. സർ.. ഞാൻ അങ്ങനെ ഒരു ഫെയിലിയർ ആയിരുന്നു..
പക്ഷെ ഇന്നലെ അച്ഛൻ വിളിച്ചിരുന്നു.. ഇന്നലെ.. ഞാൻ ഇവിടെ കാസറഗോഡ് കൊറോണ ബാധിച്ചവരെ ചികിൽത്സിക്കുന്ന ടീമിൽ ഉണ്ടെന്ന് അച്ഛന്റെ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞിട്ട് വിളിച്ചതാണ്. ചിലമ്പച്ചതെങ്കിലും സ്നേഹം നിറഞ്ഞ ശബ്ദത്തിൽ അച്ഛൻ ചോദിച്ചു..
advertisement
നിനക്ക് സുഖം തന്നെയല്ലേ......
ചിത്രത്തിൽ.. ഞാനും നരേഷ് ഡോക്ടറും കമല ഡോക്ടറും.. യാത്രക്കിടെ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
COVID 19| ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കാസർഗോഡ് 'കോവിഡ് ഡ്യൂട്ടി' ചെയ്യുന്ന ഡോക്ടറുടെ അനുഭവം
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement