ഇന്റർഫേസ് /വാർത്ത /Buzz / HBG Sujatha Mohan | 'ബേബി സുജാതയ്ക്ക് അറുപത് വയസ്, വിശ്വസിക്കാൻ പ്രയാസമുണ്ട്; എനിക്ക് ഒരു രണ്ട് വയസ് കൂടുതലും': ജി. വേണുഗോപാൽ

HBG Sujatha Mohan | 'ബേബി സുജാതയ്ക്ക് അറുപത് വയസ്, വിശ്വസിക്കാൻ പ്രയാസമുണ്ട്; എനിക്ക് ഒരു രണ്ട് വയസ് കൂടുതലും': ജി. വേണുഗോപാൽ

സുജാതയും വേണുഗോപാലും

സുജാതയും വേണുഗോപാലും

സുജാതയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു. ഈ വേളയിൽ കുട്ടിക്കാലം മുതൽ ഒപ്പം പാടിയ ജി. വേണുഗോപാൽ ഓർമ്മക്കുറിപ്പുമായി

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെയാണ് ബേബി സുജാത  ചലച്ചിത്ര പിന്നണിഗായികയായത്. 1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ടൂറിസ്റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ തന്നെ ‘കാമം, ക്രോധം, മോഹം’ സിനിമയിക്ക് വേണ്ടി ശ്യാമിന്റെ സംഗീത സംവിധാനത്തിലും, സലിൽ ചൗധരിയുടെ സംഗീതത്തിൽ ‘അപരാധിയിലും’ സുജാത പാടി. സിനിമയ്ക്ക് പുറത്ത് എം.ജി. രാധാകൃഷ്ണന്റെ ഗാനങ്ങളിൽ സുജാതയുടെ ശബ്ദം മുഴങ്ങി. ‘ഓടക്കുഴൽ വിളി…’ എന്ന ഗാനം കാലാതീതമായ ഹിറ്റ്‌ ഗാനമായി. സുജാതയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു. ഈ വേളയിൽ കുട്ടിക്കാലം മുതൽ ഒപ്പം പാടിയ ജി. വേണുഗോപാൽ ഓർമ്മക്കുറിപ്പുമായി:

ബേബി സുജാതയ്ക്ക് അറുപത് വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്ക് ഒരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എൻ്റെ സംഗീത സ്മരണകളുടെ ആരംഭം അവിടെ നിന്നാണ്.

അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടിയുണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭച്ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാനമേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങൾക്ക് സുജുവിൻ്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച്, സാധകം ചെയ്ത് പോകുന്ന നല്ലോർമ്മകൾ. പിൽക്കാലത്ത് എൻ്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായ് പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്.

Also read: Citadel trailer | ആക്ഷൻ പാക്ക്ഡ് രംഗങ്ങളുമായി പ്രിയങ്ക ചോപ്രയുടെ ‘സിറ്റഡൽ’ പുതിയ ട്രെയ്‌ലർ

എൻ്റെ ആദ്യ സിനിമാ സോളോ റിക്കാർഡിംങ്ങിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണു്. ശ്വേത സുജുവിൻ്റെയുള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്. തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമാ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി. അഡ്വർട്ടൈസ്മെൻ്റ് സംഗീതരംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെക്കുറിച്ച് സുജൂ പറഞ്ഞാണ് ഞാനറിയുന്നത്. പിൽക്കാലത്ത് എ ആർ റഹ്മാൻ്റെ സംഗീതത്തിലൂടെ സുജുവിൻ്റെ ശബ്ദം തെന്നിന്ത്യൻ സിനിമാ സംഗീതത്തിൻ്റെ ഒരവിഭാജ്യ ഘടകമായ് മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിൻ്റെ ഹിറ്റ് ഗാനങ്ങളേറെയും സുജുവിൻ്റെ ശബ്ദത്തിലിറങ്ങുന്നതും. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിൻ്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു. തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാർ, ചിത്രയും സുജാതയും അവരുടെശബ്ദ സൗഭഗത്താൽ അനുഗ്രഹീതമായ പെൺ പാട്ടുകൾ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്. ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെർഫക്ഷൻ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്. കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിൻ്റെത്. ഇതെൻ്റെ കാമുകിയുടേത് എന്ന് ഓരോ സംഗീതാരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാർത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്.

സുജുവിൻ്റെ ഈ പ്രസന്നാത്മകത തന്നെയാണു് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വർഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായ് വളർത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നൽകുന്നതിൽ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണു്. ഗായകരിൽ ഈഗോ പ്രശ്നങ്ങൾ തീരെ ബാധിക്കാത്ത ഒരാളാണ് സുജു. തൻ്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായറിയാം. റിക്കാർഡിംഗുകൾക്കും സ്റേറജ് പരിപാടികൾക്കും ടി വി റിയാലിറ്റി ഷോകൾക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ, ലാഘവത്തോടെ, ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായറിയാം. സുജുവിൻ്റെ ഭർത്താവ് മോഹനാണു് സുജുവിൻ്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും. എൻ്റെയൊരാഗ്രഹം ഞാൻ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്.

ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി. ഇനി ശ്വേതയുടെ ബേബി ശ്രേഷ്ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്. അങ്ങനെ 60കളിലും ഞങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു. പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോൾ സുജു ആസ്വദിച്ചേറെറടുത്തിരിക്കുകയാണ്. ശ്രേഷ്ഠ വളരട്ടെ. അവളുടെ പാട്ടും കാതോർത്തൊരു വല്യമ്മാമൻ കാത്തിരിക്കുന്നുണ്ട്.

First published:

Tags: Celebrity birthday, G Venugopal, Sujatha Mohan