അതെന്താ ഇഷ്ടമായില്ലേ? ഗോശാലയില്‍ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്; ഇനി വിവാഹങ്ങള്‍ കളറാകും
- Published by:Sneha Reghu
- news18-malayalam
Last Updated:
അതിഥികള്‍ക്ക് താമസിക്കുന്നതിനായി ഇവിടെ കുടിലുകള്‍ ഒരുക്കുന്നുണ്ട്. ഒന്നില്‍ പരമാവധി പത്ത് പേര്‍ക്ക് താമസിക്കാന്‍ കഴിയും
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വിവാഹസീസണ്‍ ആണ്. ഡെസ്റ്റിനേഷല്‍ വെഡ്ഡിംഗുകള്‍ നമ്മുടെ നാട്ടില്‍ പ്രചാരം നേടിയിട്ട് കുറച്ചു വർഷങ്ങളായി. ഓരോ ദമ്പതികളും തങ്ങളുടെ വിവാഹം അവിസ്മരണീയമായ അനുഭവമാക്കുന്നതിനും ആളുകള്‍ ശ്രദ്ധിക്കുന്നതിനുമുള്ള അവസരമായാണ് കരുതുന്നത്. അങ്ങനെയൊരു വിവാഹ ഡെസ്റ്റിനേഷനാണ് നിങ്ങളുടെ സങ്കല്‍പ്പത്തില്‍ ഉള്ളതെങ്കില്‍ മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് വണ്ടികേറാം. ഇവിടെയൊരു ഗോശാലയില്‍ ഒരുക്കിയ വിവാഹമണ്ഡപത്തില്‍ പരമ്പരാഗത ശൈലിയിലുള്ള വിവാഹച്ചടങ്ങുകള്‍ നടത്തുകയും ചെയ്യാം.
കാളവണ്ടിയിലാണ് വിവാഹഘോഷയാത്ര നടക്കുക. നിലത്തിരുന്ന് ഇലയില്‍ വിവാഹസദ്യ കഴിക്കാമെന്ന പ്രത്യേകതയുമുണ്ട്. ജൈവവളമിട്ട് നാടന്‍ രീതിയില്‍ കൃഷി ചെയ്‌തെടുത്ത ധാന്യങ്ങള്‍ ഉപയോഗിച്ചാണ് വിവാഹസദ്യ തയ്യാറാക്കുന്നത്. എന്നാല്‍, അതിഥികളും വധൂവരന്മാരും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പശുക്കള്‍ക്ക് തീറ്റ കൊടുക്കണമെന്നത് നിര്‍ബന്ധമാണ്.
ഡെസ്റ്റിനേഷര്‍ വെഡ്ഡിംഗ് വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ ഗോശാലയാണ് ഗ്വാളിയോറിലെ ഈ ആദര്‍ശ് ഗോശാല. 20 ലക്ഷം രൂപ ചെലവിട്ടാണ് ഇവിടുത്തെ സാംസ്‌കാരിക പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. പരമ്പരാഗത വേദമന്ത്രങ്ങളോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുക. ജനുവരി 22ന് ഇവിടെ വെച്ചുള്ള ആദ്യ വിവാഹം നടക്കും. വിവാഹം നടത്തുന്ന കുടുംബം അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന് മുമ്പായി പശുക്കള്‍ക്ക് പച്ചപ്പുല്ല് നല്‍കണം.
advertisement
ലളിതമായ വിവാഹം
വിവാഹ ചടങ്ങുകളില്‍ പരമാവധി 500 പേര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. കൂടാതെ, ആകെ ചെലവ് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപയാണ്. ഇതുവരെ പത്ത് വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിംഗ് ഗോശാലയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാധാരണയായി ആളുകൾ ചെലവേറിയ ഹോട്ടലുകള്‍, നഗരങ്ങൾ, വിദേശ നാടുകള്‍ എന്ന വിവാഹങ്ങള്‍ക്കായി തിരഞ്ഞെടുക്കുമ്പോള്‍ ഇവിടം ഒരു ജനപ്രിയ കേന്ദ്രമായി മാറുകയാണ്. ലാളിത്യവും സമാധാനവും കൂടാതെ നമ്മുടെ സംസ്‌കാരത്തോട് ഇഴചേര്‍ന്നുള്ള വിവാഹവും സ്വപ്‌നം കാണുന്നവര്‍ക്ക് ഇത് മികച്ചൊരു തിരഞ്ഞെടുപ്പായി മാറുന്നു. ഗോശാലയില്‍ വിവാഹം നടത്തുന്നതിലൂടെ യുവതലമുറയ്ക്ക് അവരുടെ സാംസ്‌കാരിക മൂല്യങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം കൈവരികയാണ്.
advertisement
വൈദ്യുതിയും മറ്റു ചെലവുകളും ലാഭിക്കുന്നതിന് വിവാഹച്ചടങ്ങുകള്‍ പകല്‍ സമയത്തും നടത്താന്‍ അനുമതിയുണ്ട്. ഗോശാല അധികൃതര്‍ തന്നെ വിവാഹത്തിനുള്ള പണ്ഡിറ്റുകളെ ഏര്‍പ്പാടാക്കും. വിവാഹശേഷം വധുവിനെ ആഡംബരകാറിന് പകരം കാളവണ്ടിയിലാണ് പറഞ്ഞ് അയക്കുക. പല്ലക്കുകളിലാണ് വിവാഹമാല അണിയിക്കുന്ന ചടങ്ങ് നടക്കുക. അതിഥികള്‍ക്ക് പുല്ല് വിരിച്ച സോഫയിലാണ് ഇരിക്കാന്‍ സൗകര്യമൊരുക്കുക. തിനയില്‍ നിന്നുണ്ടാക്കുന്ന വിഭവങ്ങള്‍ അതിഥികള്‍ക്ക് വിളമ്പും. ലഹരി വസ്തുക്കള്‍ക്കും ഫാസ്റ്റ് ഫുഡിനും ഇവിടെ സമ്പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്കും ഗ്ലാസുകള്‍ക്കും പകരം മണ്‍ഗ്ലാസുകളിലും ഇലകൊണ്ടുള്ള പ്ലേറ്റുകളിലുമാണ് ഭക്ഷണം വിളമ്പുക. തികച്ചു പ്രകൃതി സൗഹൃദമായിട്ടായിരിക്കും വിവാഹം നടത്തുക എന്ന് സാരം.
advertisement
അതിഥികള്‍ക്ക് താമസിക്കുന്നതിനായി ഇവിടെ കുടിലുകള്‍ ഒരുക്കുന്നുണ്ട്. ഒന്നില്‍ പരമാവധി പത്ത് പേര്‍ക്ക് താമസിക്കാന്‍ കഴിയും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gwalior,Madhya Pradesh
First Published :
Dec 24, 2024 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അതെന്താ ഇഷ്ടമായില്ലേ? ഗോശാലയില്‍ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്; ഇനി വിവാഹങ്ങള്‍ കളറാകും






