താമസത്തിനായി അഞ്ചു പൈസ പോലും ചെലവഴിക്കാതെ ലോകം ചുറ്റുകയോ? ഇത് വെറും നടക്കാത്ത സ്വപ്നമല്ല. അക്കാര്യം വിജയകരമായി നടപ്പിലാക്കി ലോകം ചുറ്റുന്ന ദമ്പതികളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയർലൻഡ് സ്വദേശികളായ ഗാർത്തും മോളിയുമാണ് ഈ ദമ്പതികൾ. ഇവർക്ക് സ്വന്തമായി വീടില്ല. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും താമസത്തിനായി ഒരു ചില്ലിക്കാശു പോലും ഇവർ മുടക്കിയിട്ടില്ല.
നോർത്ത് വെസ്റ്റ് അയർലൻഡിലെ ഡൊണഗൽ സ്വദേശികളാണ് ഈ ദമ്പതികൾ. ന്യൂയോർക്ക്, ആംസ്റ്റർഡാം, ബാഴ്‌സലോണ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ 17 വീടുകളിൽ സൗജന്യമായാണ് ഇവർ താമസിച്ചത്. ഹൗസ് സിറ്റിങ്ങ് എന്നാണ് ഇതിനു പറയുക. ഈ വീടുകളുടെ ഉടമസ്ഥർ സ്ഥലത്തുണ്ടായിരിക്കില്ല. വീട് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുകയും ചെയ്യണം.
ഗാർത്തും മോളിയും മൂന്ന് വർഷമായി ഡേറ്റിംഗിലാണ്. രണ്ടു പേർക്കും സ്വന്തമായി വീടില്ല. അയർലൻഡിനകത്തും പുറത്തും പതിവായി ഇവർ യാത്ര ചെയ്യാറുണ്ട്. സൗജന്യതാമസത്തിലൂടെ ഇവർ വിചാരിച്ചതിലും കൂടുതൽ പണം ഇരുവർക്കും സേവ് ചെയ്യാൻ സാധിച്ചു. ഒരു വീടിന് ഡൗൺ പേയ്‌മെന്റ് നടത്താനുള്ള പണം ഇപ്പോൾ ഇവർക്കുണ്ട്. പക്ഷേ ഉടനെയൊന്നും എവിടെയെങ്കിലും സ്ഥിരതാമസമാക്കാൻ ഇവർ ആലോചിക്കുന്നില്ല.
”ഞങ്ങൾ താമസിക്കുന്ന വീടുകൾ അതിമനോഹരമാണ്. താമസിക്കാനിടം തേടി ഇതുവരെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല”, മോളി പറയുന്നു. മോളിയും ഗാർത്തും ഒരുമിച്ച് പോർച്ചുഗലും ജർമനിയും ബാഴ്‌സലോണയുമൊക്കെ സന്ദർശിച്ചിട്ടുണ്ട്.
2022 ൽ ഒരു ടിക് ടോക്ക് വീഡിയോയിൽ നിന്നാണ് മോളി ഹൗസ് സിറ്റിങ്ങിനെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് അതൊന്നു പരീക്ഷിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ”ആദ്യത്തെ ഹൗസ് സിറ്റിങ്ങ് ലഭിക്കാൻ ഞങ്ങൾക്ക് രണ്ടോ മൂന്നോ ആഴ്‌ച സമയം എടുത്തു. കാരണം, റിവ്യൂ അടിസ്ഥാനത്തിലാണ് നമുക്ക് ഈ അവസരം ലഭിക്കുക. തുടക്കത്തിൽ ഞങ്ങൾക്ക് ഓർഡറൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ ആദ്യമായി ഹൗസ് സിറ്റിങ്ങിനു വിളിച്ച ആളോട് ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്”, മോളി പറഞ്ഞു.
2022 ജൂണിൽ ഡബ്ലിനിലാണ് ഇവർ ആദ്യത്തെ ഹൗസ് സിറ്റിങ്ങ് നടത്തിയത്. അന്ന് വീട്ടുടമയുടെ ഗോൾഡൻ ലാബ്രഡോറിനെ പരിചരിക്കുക എന്ന ഉത്തരവാദിത്തവും ഇവർക്ക് ലഭിച്ചിരുന്നു.
പല രാജ്യങ്ങളിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഹൗസ് സിറ്റിങ്ങ് വഴി സൗജന്യമായി താമസിക്കുന്ന സിബു എന്ന യുവതിയെക്കുറിച്ചുള്ള വാർത്ത മുൻപ് പുറത്തു വന്നിരുന്നു. എഴുപതിൽ അധികം രാജ്യങ്ങൾ സിബു സന്ദർശിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അവർ സൗജന്യമായാണ് താമസിക്കുന്നത് . എല്ലാ വിധ സുഖ സൗകര്യങ്ങളും ആഡംബരവും നിറഞ്ഞ താമസ സ്ഥലങ്ങളും ഇക്കൂട്ടത്തിൽ പെടും. 2020 ലാണ്, ട്രസ്റ്റഡ് ഹൗസ്-സിറ്റേഴ്‌സ് എന്ന പേരിലുള്ള ഒരു ആപ്പിനെക്കുറിച്ച് സിബു അറിഞ്ഞത്. അതിമനോഹരമായ ചില വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്ന ആപ്പാണ് ഇത്. അതിനു ശേഷം ഒരു മുഴുവൻ സമയ സഞ്ചാരിയായി സിബു മാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.