മുന്‍പേജ് പരസ്യത്തില്‍നിന്ന് ചരമക്കോളത്തില്‍ അവസാനിച്ച യാത്ര
Last Updated:
പ്രമുഖ ദാമ്പത്യരോഗ വിദഗ്ധന്‍ തിരുവനന്തപുരം മണക്കാട് കമലേശ്വരം സനം മന്‍സിലില്‍ ഡോ എം എസ് സര്‍ക്കാര്‍ അന്തരിച്ചു. 84 വയസായിരുന്നു. അന്‍പതു വര്‍ഷങ്ങൾക്കു മുന്‍പ് അദ്ദേഹം സ്ഥാപിച്ച 'എം എസ് സര്‍ക്കാര്‍ ഡിസ്‌പെന്‍സറി' നൂറുകണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചു. എം എസ് സര്‍ക്കാരിന്‍റെ ജീവിതത്തെ ആസ്പദമാക്കി മനു രമാകാന്ത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ സ്റ്റാന്‍സ്മാഗസിന്‍ ഡോട്ട് ഇന്നില്‍ രണ്ടുവര്‍ഷം മുമ്പ് എഴുതിയ ലേഖനം.
1970-80 കാലഘട്ടം മുതല്‍ മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു പത്രപരസ്യമുണ്ട്; 'സമ്പൂർണ ദാമ്പത്യരോഗ ചികിത്സയ്ക്ക് സമീപിക്കുക, എം.എസ്. സർക്കാർ ഡിസ്പ്പെൻസറി, തിരുവനന്തപുരം.' എല്ലാവിധ രഹസ്യ രോഗങ്ങൾക്കു ചികിത്സ എന്നായിരുന്നു അന്നത്തെ ആ പരസ്യം. നാഡീതളർച്ച, ധാതുക്ഷയം, സ്വപ്നസ്ഖലനം, ശീഘ്രസ്ഖലനം എന്നിങ്ങനെ അക്കാലത്ത് മലയാളികൾ പുറത്തു പറയാൻ മടിക്കുന്ന എല്ലാതരം രോഗങ്ങൾക്കും ചികിത്സ ലഭ്യമായിരുന്ന ആദ്യകാല ഡിസ്പെൻസറി. എംഎസ് സര്‍ക്കാര്‍ എന്ന പേര് മിക്ക മലയാളികള്‍ക്കും മറക്കാനാകാത്ത ഒന്നാക്കി തീര്‍ത്തത് പത്രപരസ്യമായിരിക്കും. എന്നാല്‍ ചികില്‍സ തേടിയെത്തിയ ആയിരകണക്കിന് ആളുകള്‍ക്ക് ആശ്വാസമേകിയത് എം എസ് സര്‍ക്കാരിന്‍റെ വിശ്വാസ്യത കൂട്ടി. ഇദ്ദേഹത്തിന്‍റെ ജീവിതകഥയിലേക്ക്.
advertisement
പാക്കിസ്ഥാന്റെ ഭാഗമായ ജലന്ധറില്‍ 1934ലാണ് മുഹമ്മദ് സയിദ് എന്ന എം എസ്. സർക്കാറിന്റെ ജനനം. അന്ന് ജലന്ധറിലെ പ്രമുഖ വൈദ്യനായിരുന്ന ഹാജി നവാബ് അലി ഖാന്‍റെ ചെറുമകനായിരുന്നു സയിദ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സയിദിനെ ഹാജി നവാബ് അലി ഖാന്‍ അനുവദിച്ചില്ല. എന്നാല്‍ സയിദ് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ സയിദ് കാണാതെ പെണ്‍കുട്ടിയെ ഹാജി നവാബ് ഒളിപ്പിക്കുകയും ചെയ്തു. ഇതോടെ കനപ്പെട്ട ഹൃദയവുമായി സയിദ് ജന്മനാട് വിട്ടു. സയിദിന്‍റെ അച്ഛന്‍ അബ്ദുല്‍ വാഹിദും രണ്ടു ഭാര്യമാരും കുട്ടികളും ഉള്‍പ്പടെ എട്ടംഗ സംഘം എത്തിയത് ഉത്തര്‍പ്രദേശിലാണ്.
advertisement
പാരമ്പര്യമായി യുനാനി വൈദ്യന്‍മാരായിരുന്നു സയിദിന്‍റെ കുടുംബം. ആയുര്‍വേദത്തില്‍നിന്ന് ഉരുത്തിരിഞ്ഞ യുനാനി ചികില്‍സയ്ക്ക് പ്രചാരം ലഭിച്ചത് അറേബ്യയിലായിരുന്നു. ഉത്തര്‍പ്രദേശിലെത്തിയ സയിദും കുടുംബവും വൈകാതെതന്നെ യുനാനി ചികില്‍സ അവിടെ പ്രചരിപ്പിച്ചു. ഇന്ത്യ-പാക് വിഭജനകാലത്ത് ഉത്തര്‍പ്രദേശിലെ ഇവരുടെ ജീവിതം ശരിക്കും ദുഷ്ക്കരമായ ഒന്നായിരുന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ അതിര്‍ത്തി കടന്നെത്തിയ യുനാനി ഡോക്ടറെയും കുടുംബത്തെയും സംശയിക്കുന്ന നാട്ടുകാരുടെ എണ്ണം കൂടി വന്നു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ലൈംഗികതയും വന്ധ്യതയും ഉള്‍പ്പടെയുള്ള ഹോട്ട് വിഷയങ്ങളാണ് യുനാനി ഡോക്ടര്‍ കൈകാര്യം ചെയ്തിരുന്നത്. ഇതിനൊപ്പം തൊട്ടാല്‍ പൊള്ളുന്ന മതം കൂടി വന്നതോടെ ഡോക്ടര്‍ക്കും കുടുംബത്തിനും അവിടെ തുടരാനാകാതെ വന്നു.
advertisement
എന്നാല്‍ ഈ ഘട്ടത്തിലാണ് ഒരു പരിഹാരവുമായി സയിദ് രംഗത്തെത്തുന്നത്. മതവും സമ്പത്തും നാടും ഒന്നും വെളിപ്പെടാത്ത ഒരു പേര് സ്വീകരിക്കുക. അങ്ങനെയാണ് എം എസ് സര്‍ക്കാര്‍ എന്ന പേര് സ്വീകരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. ഏറെക്കാലം ഉത്തര്‍പ്രദേശില്‍ തുടരാനാകില്ലെന്ന് മനസിലാക്കിയ എം എസ് സര്‍ക്കാര്‍ ഒരുദിവസം രാവിലെ തെക്കേ ഇന്ത്യയിലേക്ക് തിരിച്ചു. ഉത്തര്‍പ്രദേശില്‍നിന്ന് ഹൈദരാബാദിലേക്കും പിന്നീട് മംഗലാപുരത്തേക്കും മധുരയിലേക്കും ചെന്നൈയിലേക്കും എത്തി. അവിടെനിന്ന് കണ്ണൂരിലും എറണാകുളത്തുമൊക്കെ കുറേക്കാലം താമസിച്ചു. ഒടുവില്‍ എം എസ് സര്‍ക്കാരിന്‍റെ നാടുചുറ്റല്‍ അവസാനിക്കുന്നത് തിരുവനന്തപുരത്താണ്. അവിടെ സ്വന്തമായി ക്ലിനിക് തുടങ്ങിയ എം എസ് സര്‍ക്കാര്‍ അധികം വൈകാതെ പേരെടുത്ത ലൈംഗികരോഗ വിദഗ്ദ്ധനായി മാറി. നിരവധിപേരുടെ ലൈംഗികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനായി.
advertisement
ആദ്യ പ്രണയം ദുരന്തമായി മാറിയത് സര്‍ക്കാരിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. കൂടുതല്‍ വിവാഹം കഴിച്ചാണ് സര്‍ക്കാര്‍ ഇതിനോട് പ്രതിഷേധിച്ചതെന്ന് അദ്ദേഹത്തിന്‍റെ മകന്‍ ഡോ. എസ് കെ സര്‍ക്കാര്‍ പറയുന്നു. ഏഴുതവണയാണ് സര്‍ക്കാര്‍ വിവാഹം കഴിച്ചത്. ഏഴു ഭാര്യമാരില്‍നിന്ന് സര്‍ക്കാരിന് 56 കുട്ടികളുണ്ടെന്നും മകന്‍ പറയുന്നു. ഇപ്പോള്‍ സര്‍ക്കാരിന്‍ മക്കളെല്ലാം കൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 17 പേര്‍ മാത്രമാണുള്ളത്. കുറേപ്പേര്‍ മരിച്ചുപോയി. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ചിലര്‍ക്ക് അച്ഛന്‍ എംഎസ് സര്‍ക്കാര്‍ ആണെന്ന് അറിയാമെങ്കിലും ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും എസ് കെ സര്‍ക്കാര്‍ പറയുന്നു.
advertisement
വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ബന്ധുബലം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എസ് കെ സര്‍ക്കാര്‍. പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് വന്നപ്പോള്‍ സയിദിനൊപ്പം അഞ്ചു സഹോദരന്‍മാര്‍ കൂടി ഉണ്ടായിരുന്നു. അവരൊക്കെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുനാനി ചികില്‍സയുമായി വേരുറപ്പിച്ചിരുന്നു. ഇപ്പോള്‍ പാകിസ്ഥാനിലുള്ള കുടുംബവേരുകള്‍ തേടിപ്പോകാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. തന്‍റെ അച്ഛനോട് പറഞ്ഞറിയിക്കാനാകുന്നതില്‍ ഏറെ ആദരവുണ്ട്. അദ്ദേഹത്തോട് ഒരിക്കല്‍പ്പോലും ദേഷ്യം തോന്നിയിട്ടില്ല. ഇത്രയും വിവാഹം കഴിച്ചെങ്കിലും, ഒരു സ്ത്രീയെ പോലും അദ്ദേഹം വഞ്ചിച്ചിട്ടില്ല. എല്ലാ ഭാര്യമാരെയും, കുട്ടികളെയും നന്നായി തന്നെയാണ് അദ്ദേഹം സംരക്ഷിച്ചത്.
advertisement
എറണാകുളത്താണ് എം എസ് സര്‍ക്കാര്‍ ആദ്യ ക്ലിനിക് സ്ഥാപിക്കുന്നത്. 1970കളിലാണ് തിരുവനന്തപുരത്തെ ക്ലിനിക് തുടങ്ങുന്നത്. തിരുവനന്തപുരം ഒരുപാട് ഇഷ്ടമായതിനാലാണ് അദ്ദേഹം ഇവിടെ സ്ഥിരതാമസമാക്കിയതെന്ന്, അവസാനം വരെ ഒപ്പമുണ്ടായിരുന്ന ഭാര്യ മുംതാസ് പറയുന്നു. കിഴക്കേക്കോട്ടയിലാണ് ആദ്യ ക്ലിനിക് തുടങ്ങിയത്. ആദ്യമൊക്കെ കാണാനെത്തുന്ന രോഗികള്‍ക്ക് അദ്ദേഹം പറയുന്നത് മനസിലാകില്ലായിരുന്നു. സര്‍ക്കാരിന് മലയാളം അറിയാത്തതാണ് പ്രശ്നമായത്. പൊട്ടിയ കുടത്തില്‍ വെള്ളം നിറയ്ക്കുന്നതിനേക്കാള്‍ ദുഷ്ക്കരമാണ് മലയാളം പഠിക്കുന്നതെന്നാണ് സര്‍ക്കാര്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്ന് മുംതാസ് ഓര്‍ക്കുന്നു. ഭാഷ പോലെ തന്നെ കാണാനെത്തുന്ന ദമ്പതികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ കൃത്യമായി ഡോക്ടറോട് പറഞ്ഞു മനസിലാക്കാനാകാത്ത അവസ്ഥയും മറ്റൊരു പ്രശ്നമായിരുന്നു. എന്നാല്‍ വൈകാതെ ഭാഷ മനസിലാക്കിയ സര്‍ക്കാര്‍, രോഗികളെ അനായാസം കൈകാര്യം ചെയ്തു. ഇതൊക്കെ പ്രശസ്തനാകുന്നതിന് മുമ്പുള്ള കാര്യമായിരുന്നു. തുടക്കത്തില്‍ ഡിസ്പെന്‍സറിയുടെ പരസ്യം നല്‍കാന്‍ 50 രൂപയായിരുന്നു അദ്ദേഹം ചെലവാക്കിയിരുന്നത്. അധികം വൈകാതെ പരസ്യം ലക്ഷ്യം കാണാന്‍ തുടങ്ങി. ക്ലിനിക്കിലേക്ക് എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വന്നു. രോഗികളുടെ ബാഹുല്യം കാരണം സമയത്ത് ഭക്ഷണം കഴിക്കാനോ കുളിക്കാന്‍പോലും സാധിക്കാതെവന്നുവെന്ന് മുംതാസ് പറയുന്നു.

വളരെ ചിട്ടയോടെയാണ് സര്‍ക്കാര്‍ മക്കളെ വളര്‍ത്തിയതെന്ന് ഡോ. എസ് കെ സര്‍ക്കാര്‍ ഓര്‍ക്കുന്നു. രാവിലെ എഴുന്നേറ്റാലുടന്‍ കുട്ടികളെല്ലാവരും നിര്‍ബന്ധമായും വ്യായാമം ചെയ്യണം. ഒമ്പത് മണിക്ക് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഉച്ചഭക്ഷണവും രാത്രി എട്ടുമണിക്ക് അത്താഴവും- ഇതാണ് സര്‍ക്കാരിന്‍റെയും കുടുംബത്തിന്‍റെയും ചിട്ടയായ ഭക്ഷണശീലം. ഇതിനിടയ്ക്ക് ഭക്ഷണം കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ല.
സര്‍ക്കാരിന്‍റെ ആദ്യ ഭാര്യമാര്‍ മധുര, കോയമ്പത്തൂര്‍, ബംഗളൂരു, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നായിരുന്നു. ഇവരെല്ലാം ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭാര്യമാരും അവരുടെ കുട്ടികളും തമ്മില്‍ വഴക്ക് പതിവാണെങ്കിലും സര്‍ക്കാര്‍ വീട്ടിലെത്തിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമായിരുന്നുവെന്ന് മുംതാസ് ഓര്‍ക്കുന്നു.
അച്ഛന്‍ വഴി തെരഞ്ഞെടുക്കാന്‍ എസ് കെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും യുനാനി വൈദ്യം അഭ്യസിച്ചത് എം എസ് സര്‍ക്കാരില്‍ നിന്നായിരുന്നില്ല. ഇതിനായി അടുത്ത ബന്ധുവിനെയാണ് എസ് കെ സമീപിച്ചത്. എങ്ങനെ ഇത്തരം കാര്യങ്ങള്‍ അച്ഛനില്‍നിന്ന് പഠിക്കുമെന്നും എസ് കെ ചോദിക്കുന്നു.
മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി എസ് കെ സര്‍ക്കാര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി, അച്ഛനെ സഹായിക്കാമെന്ന് കരുതി. എന്നാല്‍ മകന്‍റെ സഹായം എം എസിന് ആവശ്യമില്ലായിരുന്നു. ഇതോടെ എസ് കെ സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എം എസ് സര്‍ക്കാര്‍ ഡിസ്പെന്‍സറിയുടെ പേരില്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. എറണാകുളത്ത് ജനിച്ച എസ് കെ സര്‍ക്കാര്‍ അച്ഛനെ പോലെ ആയിരുന്നില്ല, നന്നായി മലയാളം സംസാരിക്കുകയും, മറ്റുള്ളവരുമായി അടുത്തിടപഴകുകയും ചെയ്തു. കേരളത്തിലാകമാനം എസ് കെ സര്‍ക്കാരിന് നിരവധി സുഹൃത്തുക്കളുമുണ്ട്.
അല്‍ഷിമേഴ്സിന്‍റെ പിടിയിലകപ്പെട്ടതോടെയാണ് എം എസ് സര്‍ക്കാര്‍ പത്തുവര്‍ഷം മുമ്പ് ചികില്‍സ നിര്‍ത്തിയത്. പാകിസ്ഥാനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജീവിത യാത്രയ്ക്കിടയില്‍ ആയിരകണക്കിന് ആളുകളെ കാണുകയും ചികില്‍സ നിര്‍ദേശിക്കുകയും ചെയ്തു. ഒടുവില്‍ രോഗബാധിതനായി കിടന്നപ്പോള്‍ മകന്‍ എസ് കെ സര്‍ക്കാര്‍ നന്നായി പരിചരിക്കുകയും ചെയ്തു. അദ്ദേഹം തുടങ്ങിവെച്ച സ്ഥാപനം നന്നായി മുന്നോട്ടുകൊണ്ടുപോകാനും മകന്‍ എസ് കെ സര്‍ക്കാരിന് സാധിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2018 5:37 PM IST