ഉറക്കത്തിൽ പലതരം സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. ഇത്തരത്തിൽ കാണുന്ന സ്വപ്നങ്ങൾ എല്ലാം നല്ല സ്വപ്നങ്ങൾ ആകണമെന്നില്ല ചിലത് പേടിസ്വപ്നങ്ങളും ആയിരിക്കും. പക്ഷെ, അതിൽ പലതും ഉണരുമ്പോഴേക്കും മറന്നു പോവുകയാണ് പതിവ്. എന്നാൽ, ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത പേടിപ്പിക്കുന്ന ഒരു സ്വപ്നം തുടർച്ചയായി എല്ലാ രാത്രിയിലും കാണേണ്ടി വരികയാണെങ്കിൽ എന്തായിരിക്കും അവസ്ഥ? അതുമാത്രമല്ല ഈ സ്വപ്നം പിന്നീട് ജീവിതത്തിൽ യാഥാർത്ഥ്യമാവുകയാണെങ്കിലോ? കഥയിൽ മാത്രമല്ല ജീവിതത്തിലും ഇങ്ങനെ സംഭവിക്കാം. അത്തരത്തിലൊരു അനുഭവമാണ് ഈറോഡിലുള്ള ഒരു 54 കാരന്റെ ജീവിതത്തിൽ ഉണ്ടായത്.
ഗോബിചെട്ടിപാളയത്ത് താമസിക്കുന്ന ഇയാൾ ഉറക്കത്തിൽ പലപ്പോഴും പാമ്പുകളെ സ്വപ്നം കാണുമായിരുന്നു. പാമ്പ് തന്നെ കടിക്കുന്നതായാണ് സ്വപ്നം കണ്ടിരുന്നത്. തുടർച്ചയായി ഈ സ്വപ്നം കാണാൻ തുടങ്ങിയതോടെ ഇയാൾ അസ്വസ്ഥനാകാൻ തുടങ്ങി. അതോടെ ഈ പേടിസ്വപ്നത്തിൽ നിന്നും മുക്തി നേടാനുള്ള വഴികൾ ആലോചിക്കാനും തുടങ്ങി. തന്റെ പ്രശ്നത്തിന് ഒരു പരിഹാരം നൽകാൻ ഏതെങ്കിലും ജ്യോത്സ്യൻമാർക്ക് കഴിഞ്ഞേക്കുമെന്ന് അയാൾ ചിന്തിച്ചു. അങ്ങനെ അവസാനം ഒരു ജ്യോത്സ്യനെ സമീപിക്കാൻ തീരുമാനിച്ചു. പക്ഷെ പേടി സ്വപ്നത്തിൽ നിന്നും മോചനം ആഗ്രഹിച്ച് ജ്യോത്സനെ സമീപിച്ചയാൾക്ക് ലഭിച്ച ഫലം നേരെ വിപരീതമായിരുന്നു എന്നുമാത്രം.
Also Read- ‘ഫോൺസന്ദേശത്തിൽ പറഞ്ഞത് സംഭവിക്കും’; വീട്ടിലെ വിചിത്ര സംഭവങ്ങൾക്ക് പിന്നിൽ കൗമാരക്കാരന്റെ വിനോദം
സ്വപ്നത്തിൽ പതിവായി പാമ്പിനെ കാണുന്നതിനാൽ ഒരു സർപ്പ പൂജ നടത്തണമെന്നായിരുന്നു ജ്യോത്സ്യൻ അയാൾക്ക് നൽകിയ ഉപദേശം. എന്തെങ്കിലും സർപ്പ ദോഷം കൊണ്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെങ്കിൽ അതിന് ഇതോടെ പരിഹാരം ഉണ്ടാകുമെന്ന് ജ്യോത്സ്യൻ ഉപദേശിച്ചു. മാത്രമല്ല പൂജ നടത്തുന്നതിന് വേണ്ടി സർപ്പക്കാവുള്ള ഒരു ക്ഷേത്രത്തിൽ പോകാൻ ജ്യോത്സ്യൻ നിർദ്ദേശിക്കുകയും ചെയ്തു.
ജ്യോത്സ്യന്റെ നിർദേശ പ്രകാരം അയാൾ ഒരു ക്ഷേത്രത്തിൽ പോയി സർപ്പ പൂജ നടത്തി. ക്ഷേത്രത്തിലെ പൂജാരിയാകട്ടെ പൂജ കഴിഞ്ഞ് പാമ്പിന്റെ നേരെ നാവ് നീട്ടാൻ അയാളോട് ആവശ്യപ്പെടുകയും ചെയ്തു. പൂജാരി നിർദ്ദേശിച്ചപ്പോൾ അയാൾ ഭക്തിയോടെ പാമ്പിന് നേരെ നാവ് നീട്ടി. ഉടൻ തന്നെ പാമ്പ് അയാളുടെ നാവിൽ കൊത്തി.
പാമ്പിന്റെ കടിയേറ്റ ഉടൻ തന്നെ അയാൾ തറയിൽ മയങ്ങി വീണു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി. ജീവൻ രക്ഷിക്കാനായെങ്കിലും പാമ്പിന്റെ വിഷം ഏറ്റതിനാൽ അയാളുടെ നാവ് മുറിച്ചുമാറ്റേണ്ടി വന്നു.
വായിൽ നിന്നുള്ള കനത്ത രക്തസ്രാവത്തെ തുടർന്ന് നവംബർ 18നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഈറോഡ് മണിയൻ മെഡിക്കൽ സെന്ററിലെ ചീഫ് ഡോക്ടർ ഡോ. എസ് സെന്തിൽ കുമാരൻ പറഞ്ഞു. “പാമ്പിന്റെ വിഷം നാവിന്റെ കോശങ്ങളെ ബാധിച്ചിരുന്നു. രോഗിയെ രക്ഷിക്കാൻ നാവ് മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. മാത്രമല്ല, നാവ് മുറിച്ചുമാറ്റിയിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് നാല് ദിവസം പോരാടേണ്ടതായി വന്നു ,” ഡോ സെന്തിൽ കുമാരൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.