യൂട്യൂബിൽ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്ത വ്യക്തിക്ക് നേരെ കരിയോയിൽ പ്രയോഗം. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുടേയും ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സനയുടേയും നേതൃത്വത്തിലെ സ്ത്രീകളുടെ സംഘമാണ് വിജയ് പി. നായർ എന്ന വ്യക്തിയുടെ സ്ഥലത്തെത്തി കരിയോയിൽ ഒഴിച്ചത്. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാൾ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങൾ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
ഇയാൾ പേര് പറയാതെ ഡബ്ബിങ് ആർട്ടിസ്റ് എന്ന് രേഖപ്പെടുത്തി നടത്തിയ പോസ്റ്റിനെ ഭാഗ്യലക്ഷ്മി ചോദ്യംചെയ്യുന്നത് കേൾക്കാം. അത് തന്നെയായാലും ഡബ്ബിങ് മേഖലയിലെ മറ്റുള്ളവരെയായാലും അത് ചോദ്യം ചെയ്യാനും കൂടി വേണ്ടിയാണ് പ്രതിനിധിയെന്ന നിലയിൽ താൻ വന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ താവളത്തിലെത്തിയാണ് കരിയോയില്‍ ഒഴിച്ചത്. വിജയ് പി. നായരുടെ അശ്ലീ വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ താവളത്തില്‍ നിന്ന് ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ആക്ടിവിസ്റ്റുകള്‍ പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്.
"vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു" എന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack on youtuber, Bhagyalakshmi, Lewd/obscene gesture, Youtube channel