Guinness World Record | 84 വർഷമായി ഒരേ കമ്പനിയിൽ ജോലി; ഇത് പോലൊരു ജീവനക്കാരൻ ലോകത്ത് വേറെയില്ല !
- Published by:Sarath Mohanan
- news18-malayalam
Last Updated:
84 വർഷവും 9 മാസവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് കൊണ്ട് വാൾട്ടർ ഓർത്ത‍്‍മാൻ എന്നയാളാണ് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളതെന്താണോ അത് ചെയ്യാൻ ശ്രമിക്കുക എന്നാണ് പൊതുവിൽ പറയുക. എന്നാൽ നിങ്ങൾക്ക് എത്ര ഇഷ്ടമുണ്ടെങ്കിലും ഒരേ കമ്പനിയിൽ 84 വർഷം ജോലിയിൽ തുടരാൻ സാധിക്കുമോ? എന്നാൽ അതൊരു ഗിന്നസ് ലോകറെക്കോർഡാണ്. യുവാക്കൾക്ക് തങ്ങളുടെ ജോലി പെട്ടെന്ന് മടുക്കുന്ന ഈ കാലത്ത്, കമ്പനികൾ മാറിമാറി റെക്കോർഡുകൾ സൃഷ്ടിക്കുന്ന കാലത്ത് ഒരു ബ്രസീലുകാരൻ തൻെറ നൂറാം വയസ്സിലും താൻ ആദ്യം ജോലി ചെയ്ത് തുടങ്ങിയ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
84 വർഷവും 9 മാസവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് കൊണ്ട് വാൾട്ടർ ഓർത്ത‍്‍മാൻ എന്നയാളാണ് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ മുൻപ് സ്ഥാപിച്ച 81 വർഷവും 85 ദിവസവുമെന്ന പഴയ റെക്കോർഡാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്. വാൾട്ടറിൻെറ ജീവിതം വളരെ അത്ഭുതകരമായി തോന്നാം. എന്നാൽ ആത്മാർഥതയും താൽപ്പര്യവും ഒപ്പം ജോലിയോടും സ്ഥാപനത്തോടും അടങ്ങാത്ത സ്നേഹവുമുണ്ടെങ്കിൽ ആർക്കും ഇതിന് സാധിക്കുമെന്ന് പറയുന്ന പ്രചോദനാത്മകമായ കഥ കൂടിയാണ്.
ബ്രസീലിലെ സാൻറ കറ്റരിനയിലുള്ള ഇൻഡസ്ട്രിയാസ് റെനോക്സ് എസ്എ എന്ന ടെക്സ്റ്റൈൽ കമ്പനിയിൽ 1938 ജനുവരി 17നാണ് ഷിപ്പിങ് അസിസ്റ്റൻറായി വാൾട്ടർ ജോലി ആരംഭിക്കുന്നത്. കമ്പനിയുടെ പേര് ഇന്ന് റെനോക്സ് വ്യൂ എന്നാണ്. ജോലിയോടുള്ള താൽപ്പര്യവും ആത്മാർഥതയും കാരണം വളരെ പെട്ടെന്ന് തന്നെ വാൾട്ടറിന് പ്രൊമോഷൻ ലഭിച്ചു. കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ മാനേജരായിട്ടായിരുന്നു സ്ഥാനക്കയറ്റം. പുതിയ സ്ഥാനം അദ്ദേഹത്തിന് വലിയ താൽപ്പര്യമുള്ളതായി മാറി. രാജ്യത്തിൻെറ വിവിധ മേഖലകളിൽ സന്ദർശിക്കാമെന്നതും വ്യത്യസ്തരായ മനുഷ്യരോടും സംസ്കാരങ്ങളോടും ഇടപെടാൻ സാധിക്കുമെന്നതുമായിരുന്നു ഇതിന് കാരണം.
advertisement
84 വർഷത്തെ കരിയറിനിടയിൽ വാൾട്ടറിന് നിരവധി അനുഭവങ്ങളുണ്ടായി. നിരവധി മാറ്റങ്ങളിലൂടെ അദ്ദേഹം കടന്ന് പോയി. സ്വന്തം കമ്പനിയുടെ പേര് പോലും മാറി. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുകയും പെട്ടെന്ന് പഠിച്ചെടുക്കുകയും ചെയ്യുന്നത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഗുണകരമാവുമെന്ന് വാൾട്ടർ പറഞ്ഞു. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം യുവാക്കളോട് പറയുന്നു. ഒരു നല്ല കമ്പനിയിൽ ജോലി ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്ക് പ്രചോദനം തോന്നുന്ന മേഖലയിൽ ജോലി ചെയ്യുന്നതാണ് നല്ലതെന്നും വാൾട്ടർ കൂട്ടിച്ചേർത്തു.
advertisement
"നിങ്ങൾക്ക് ചെയ്യുന്ന ജോലിയോട് ഇഷ്ടം തോന്നണം. ഞാൻ എന്ത് തരത്തിലുള്ള വെല്ലുവിളിയും ഏറ്റെടുക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് കരിയർ തുടങ്ങിയത്. നിങ്ങൾ ജോലി ചെയ്യുന്നുണ്ടെന്ന് പറയാൻ വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുന്നതിൽ കാര്യമില്ല. അതിൽ നിങ്ങൾ മുന്നോട്ട് പോവാനുള്ള സാധ്യത കുറവാണ്," വാൾട്ടർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ഏപ്രിൽ 19നായിരുന്നു വാൾട്ടറിൻെറ 100ാം പിറന്നാൾ ആഘോഷം. വയസ്സ് 100 കടന്നെങ്കിലും ഈ ബ്രസീലുകാരന് ഇപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവുമൊക്കെയാണ് അദ്ദേഹത്തിൻെറ ജീവിതത്തെ മനോഹരമായി മുന്നോട്ട് നയിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2022 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Guinness World Record | 84 വർഷമായി ഒരേ കമ്പനിയിൽ ജോലി; ഇത് പോലൊരു ജീവനക്കാരൻ ലോകത്ത് വേറെയില്ല !