അമേരിക്കൻ തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി കേരളത്തിലും പ്രചാരണ ബോർഡ്
അമേരിക്കൻ തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി കേരളത്തിലും പ്രചാരണ ബോർഡ്
''ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചപ്പോഴും ട്രംപിന്റെ ഭരണകാലത്ത് യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല.''- ട്രംപിനെ പിന്തുണക്കാനുള്ള കാരണം സിഎഎസ്എ വ്യക്തമാക്കുന്നു.
കൊച്ചി ജോസ് ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡ്
കൊച്ചി: അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി കേരളത്തിലും പ്രചാരണ ബോർഡ്. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (സിഎഎസ്എ) കേരളഘടകത്തിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരത്തിലെ തിരക്കേറിയ ജോസ് ജംഗ്ഷനിൽ കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. സംഘടനയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശനങ്ങളുയരുന്നുണ്ട്. അതേസമയം ട്രംപിനെ പിന്തുണച്ചതിന് കടുത്ത അസഭ്യവർഷവും ഭീഷണിയും ബന്ധപ്പെട്ടവർക്ക് ലഭിക്കുന്നുണ്ട്.
ഡൊണാൾഡ് ട്രംപിനെ പിന്തുണക്കാൻ നിരവധി കാരണങ്ങളുണ്ടെന്നാണ് സിഎഎസ്എ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറയുന്നത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചപ്പോഴും ട്രംപിന്റെ ഭരണകാലത്ത് യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ചൈന വിഷയം കൈകാര്യം ചെയ്തതും ഉത്തരകൊറിയയുമായി ബന്ധംസ്ഥാപിച്ചതും പ്രശംസനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ, ട്രംപും രാജ്യത്തിന്റെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറയുന്നു. ഡെക്കാൺ ഹെറാൾഡ് ആണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ പൗരത്വമുള്ള എല്ലാ മലയാളികളും ട്രംപിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും സിഎഎസ്എ അഭ്യർത്ഥിക്കുന്നു. പ്രചാരണ ബോർഡ് സ്ഥാപിച്ചത് കൂടാതെ, സോഷ്യൽ മീഡിയവഴിയും സംഘടന ട്രംപിനായി ക്യാംപയിൻ നടത്തുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ട്രംപിനെ പിന്തുണക്കുന്നതുകൊണ്ട് അസഭ്യവർഷവും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും കെവിൻ പീറ്റർ പറയുന്നു.
'പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്' എന്ന തലക്കെട്ടോടെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഭീകരവാദത്തിനെതിരായ നിങ്ങളുടെ നടപടികളിലൂടെ ലോകത്തിനാകെ നേട്ടമുണ്ടായി. അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും നിങ്ങൾ സുഹൃത്തുകളാക്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. തകർപ്പൻ വിജയം ഞങ്ങൾ നേരുന്നു!'.- എന്നും ബോർഡിൽ കുറിച്ചിരിക്കുന്നു. സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്ക് മുൻപ് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സിഎഎസ്എ എന്ന സംഘടന രൂപീകരിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.