കുഞ്ഞുങ്ങളുടെ കുസൃതി പലപ്പോഴും നമുക്ക് രസകരമായി തോന്നാറുണ്ട്. തിരക്കുപിടിച്ച ലോകത്തു മുതിർന്നവർ സമയം ചിലവിടുമ്പോൾ പിരിമുറുക്കത്തിന്റെ കെട്ടഴിക്കാൻ പലപ്പോഴും കുഞ്ഞുങ്ങളാവും ഉപകരിക്കുക. പക്ഷെ ഒരു കൊച്ചു കുട്ടി റോഡിലൂടെ ആഡംബര കാർ ഓടിക്കുന്നതിൽ കുസൃതി ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് തന്നെയാണ് മറുപടി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിരക്കേറിയ റോഡിലൂടെ ലാൻഡ് ക്രൂയിസർ കാർ ഓടിച്ച് പോകുന്ന കുട്ടിയുടെ വീഡിയോയാണ്. കുട്ടിക്ക് പ്രായം അഞ്ചു വയസ്സ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എന്നാൽ വിശ്വസിച്ചേ പറ്റൂ.
സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഇത്രയും ചെറിയ കുട്ടിയുടെ കാൽ പെഡൽ വരെ എത്തുമോ എന്ന് വീഡിയോ പോസ്റ്റ് ചെയ്തയാൾ ആശ്ചര്യത്തോടുകൂടി ചോദിക്കുന്നു. കുഞ്ഞുങ്ങളെക്കൊണ്ട് വണ്ടി ഓടിക്കുന്നത് ശിക്ഷാർഹം എന്നിരിക്കെയാണ് ഇത്രയും കൊച്ചുകുഞ്ഞിനെക്കൊണ്ട് രക്ഷിതാക്കൾ ഇക്കാര്യം ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങൾ ചെയ്യിക്കുന്ന രക്ഷിതാക്കൾ പലരും അതൊരു തമാശയായോ അല്ലെങ്കിൽ കുട്ടിക്ക് കഴിവുണ്ടെന്ന് വിളിച്ചുപറയാനോ ഒക്കെയാണ് ഇതിനായി മുതിരുക. (വീഡിയോ ചുവടെ)
പാകിസ്താനിലെ മുൾട്ടാണിലാണ് സംഭവം. കുട്ടിയുടെ രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. സംഭവം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. വീഡിയോ പ്രചരിച്ചത് ട്വിറ്ററിലാണ്.
ബോസൻ റോഡിലാണ് സംഭവം അരങ്ങേറിയത്. എഴുന്നേറ്റു നിന്നുകൊണ്ടാണ് കുട്ടി വണ്ടി ഓടിക്കുന്നത്. കുഞ്ഞിനൊപ്പം മുതിർന്നവരെയാരെയും കാറിനുള്ളിൽ കാണുന്നുമില്ല.
കുട്ടി വണ്ടിയോടിച്ചിട്ടും പോലീസ് ചെക്ക് പോയിന്റുകളിൽ ഒരിടത്തും തടഞ്ഞില്ല എന്നതും അത്ഭുതപ്പെടുത്തുന്നു. കുട്ടിയെ ട്രാഫിക് പൊലീസോ വാർഡന്മാരോ കണ്ടെത്തിയിട്ടുമില്ല. വീഡിയോ കണ്ട പലരും രൂക്ഷമായി പ്രതികരിക്കുകയാണുണ്ടായത്. കുട്ടിയെ ഇത്രയും ഉത്തരവാദിത്തമില്ലാതെ വണ്ടി ഓടിക്കാൻ വിട്ട മാതാപിതാക്കളെയും പലരും കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.
സമാന സംഭവം കേരളത്തിൽ2013 ലാണ് സമാന സംഭവം കേരളത്തിൽ അരങ്ങേറിയത്. മകന്റെ ഒൻപതാം പിറന്നാളിന് ഫെറാരി ഓടിക്കാൻ നൽകിയ അച്ഛനും അമ്മയുമാണ് അന്ന് വെട്ടിലായത്. മുഹമ്മദ് നിഷാം എന്ന അച്ഛനാണ് കുട്ടിയുടെ പിറന്നാൾ ദിനം സ്പോർട്സ് കാർ ഓടിക്കാൻ നൽകിയത്. മാതാപിതാക്കൾ പറഞ്ഞതനുസരിച്ച്, കുട്ടി അഞ്ചു വയസ്സ് മുതലേ വാഹനങ്ങൾ ഓടിക്കാൻ ആരംഭിച്ചിരുന്നത്രെ.
മകൻ വണ്ടിയോടിക്കുന്ന വീഡിയോ പകർത്തിയത് കുട്ടിയുടെ അമ്മയാണ്. ഒപ്പം ഇളയ കുട്ടിയും കാറിനുള്ളിൽ ഉണ്ടായിരുന്നു. മകനെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്നായിരുന്നു അന്ന് അമ്മയുടെ പ്രതികരണം. ലംബോർഗിനി, ബെന്റലി തുടങ്ങിയ ആഡംബര കാറുകൾ തങ്ങളുടെ മകൻ ഓടിക്കാറുണ്ട് എന്നായിരുന്നു അമ്മ. കുട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും, ഇത്രയും ചെറിയ പ്രായത്തിൽ കാർ ഓടിക്കുന്നത് നിസ്സാര കാര്യം അല്ലെന്നുമായിരുന്നു അവർ മാധ്യമങ്ങളോട് പറഞ്ഞത്.
അന്ന് അയ്യായിരം രൂപ കെട്ടിവച്ച ശേഷമാണ് കുട്ടിയുടെ അച്ഛന് ജാമ്യം അനുവദിച്ചത്.
ഈ വീഡിയോ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായതോടു കൂടിയാണ് സംഭവം കേസിന്റെ വഴിയേ നീങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.