ഏറ്റവും മനോഹരമായ പക്ഷികളില് ഒന്നാണ് മയിലുകള് (Peacock). അവയെ കാണുന്നത് തന്നെ നയനമനോഹരമായ ഒരു കാഴ്ചയാണ്. ഡല്ഹി നഗരത്തില് കണ്ട ഒരു മയിലിന്റെ വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. വീടിന്റെ ബാല്ക്കണിയില് (balcony) ഇരിക്കുന്ന മയിലിന്റെ വീഡിയോ ആണത്. ആദ്യം ബാല്ക്കണിയില് ഇരിക്കുന്ന മയില് (peacock) പിന്നീട് എതിര്വശത്തുള്ള ബാല്ക്കണിയിലേക്ക് പറക്കുന്ന മനോഹരമായ കാഴ്ചയാണ് വീഡിയോയില് കാണാന് കഴിയുന്നത്.
എല്ലാ വര്ഷവും മെയ് അവസാനം മുതല് ഒക്ടോബര് വരെ ഈ പ്രദേശത്ത് മയിലുകളെ കാണാറുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു. “ഡല്ഹി പോലുള്ള ഒരു നഗരത്തില് മയിലിനെ കാണുന്നത് ഒരു അപൂര്വ്വ കാഴ്ചയാണ്. ഒരു ദശാബ്ദത്തിലേറെയായി ഞാന് ഇവയെ കാണുന്നുണ്ട്. അവ വളരെ മനോഹരമാണ്,” പോസ്റ്റിനൊടൊപ്പമുള്ള അടിക്കുറിപ്പില് പറയുന്നു.
70 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഏകദേശം 7.6 ലക്ഷം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. “ശരിക്കും മനോഹരമായ നിമിഷം”, ഒരാള് എഴുതി. “ഇത് വളരെ അപൂര്വ്വമാണ്. അവ സാധാരണയായി പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിലാണ് കാണപ്പെടുന്നത്” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മിക്ക ദിവസവും രാവിലെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത് എന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.
View this post on Instagram
രാജസ്ഥാനില് ഒരു കൂട്ടം മയിലുകള് റോഡില് നില്ക്കുന്ന വീഡിയോയും വൈറലായിരുന്നു. ആളൊഴിഞ്ഞ റോഡില് ഒരു കൂട്ടം മയിലുകള് നില്ക്കുന്നതാണ് വീഡിയോ. ഇന്ത്യന് ഫോറസ്റ്റ് ഓഫീസര് പര്വീണ് കസ്വാന് ആണ് ട്വിറ്ററില് സംഭവത്തിന്റെ ക്ലിപ്പ് പങ്കുവെച്ചത്. പീലി വിരിച്ച് നില്ക്കുന്ന മയിലുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. കോവിഡ് 19 ലോക്ക്ഡൗണ് സമയത്താണ് ഈ വീഡിയോ പുറത്തുവന്നത്.
മയിലിന്റെ മുട്ട മോഷ്ടിക്കാന് ശ്രമിക്കുന്ന ഒരു പെണ്കുട്ടിയുടെ വീഡിയോയും സോഷ്യല് മീഡിയയില് വൈറലായിരുന്നു. പെണ്കുട്ടി മുട്ടകള് എടുക്കാനായി അതിന് മുകളിലിരിക്കുന്ന മയിലിനെ എടുത്ത് എറിയുകയാണ് ആദ്യം ചെയ്തത്. എന്നാല്, തൊട്ടടുത്ത നിമിഷം തന്നെ മയില് പെണ്കുട്ടിയെ കൊത്തി മറിച്ചിടുന്നതും വീഡിയോയില് കാണാം.
തൂവെള്ള നിറത്തിലുള്ള ഒരു മയില് കെട്ടിടത്തിനു മുകളില് നിന്ന് ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന മനോഹരമായ ഒരു വീഡിയോയും നെറ്റിസണ്സിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഇറ്റലിയിലെ സ്ട്രേസയില് മാഗിയോര് തടാകത്തിനു സമീപമുള്ള ബോറോമെന് ദ്വീപിലാണ് മയില് പറന്നിറങ്ങിയത്. ഐസോല ബെല്ല ഉദ്യാനത്തിലെ കെട്ടിടത്തിന്റെ മുകളിലുള്ള കല്പ്രതിമയില് ഇരുന്നിരുന്ന മയില് ഉദ്യാനത്തിലെ പുല്ത്തകിടിയിലേക്ക് പറന്നിറങ്ങുന്നതായിരുന്നു വീഡിയോ.
ബാല്ക്കണിയില് ഇരിക്കുന്ന മയില് വീടിന്റെ ജനലില് മുട്ടുന്നതും നെറ്റിസണ്സിനെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ജനലിന്റെ ഗ്ലാസ്സില് മയിലിന്റെ പ്രതിച്ഛായ കണ്ടാണ് മയില് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ആളുകളുടെ അഭിപ്രായം. നിരവധി പേരാണ് വീഡിയോ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.