HOME /NEWS /Career / Student Visa | യുഎസിൽ ഉപരിപഠനത്തിന് താത്പര്യമുണ്ടോ? എങ്ങനെ സ്റ്റുഡൻറ് വിസ നേടാം?

Student Visa | യുഎസിൽ ഉപരിപഠനത്തിന് താത്പര്യമുണ്ടോ? എങ്ങനെ സ്റ്റുഡൻറ് വിസ നേടാം?

സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഇവിടെ നൽകുന്നത്.

സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഇവിടെ നൽകുന്നത്.

സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഇവിടെ നൽകുന്നത്.

  • Share this:

    സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കാൻ എനിക്ക് എന്തെല്ലാം ഫോമുകൾ ആവശ്യമാണ്? അഡ്വാൻസായി എത്ര സമയം മുൻപ് എനിക്ക് വിസയ്ക്ക് അപേക്ഷിക്കാം? ഞാൻ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ എത്തിക്കഴിഞ്ഞാൽ എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ? സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടികളാണ് ഇവിടെ നൽകുന്നത്.

    വിവരങ്ങൾക്ക് കടപ്പാട്: കോൺസുലർ ടീം, യുഎസ് എംബസി ന്യൂഡൽഹി

    സ്റ്റുഡന്റ് വിസ ലഭിക്കുന്നതിനുള്ള പ്രക്രിയ വിദേശ വിദ്യാർത്ഥികൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞതും സമ്മർദ്ദം നിറഞ്ഞതുമാണ്. വിദ്യാർഥികൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങളും (FAQ) ഉത്തരങ്ങളും താഴെ നൽകുന്നു.

    സ്റ്റുഡന്റ് വിസ നേടുന്നതിനുള്ള നടപടിക്രമം എങ്ങനെ ആരംഭിക്കണം?

    യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സർട്ടിഫൈഡ് സ്കൂളിലേക്ക് സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാമിനായി (SEVP)- അപേക്ഷിക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. ലഭ്യമായ പ്രോഗ്രാമുകളുടെയും സ്കൂളുകളുടെയും കൂടുതൽ വിവരങ്ങൾക്ക് EducationUSA എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എഫ്-1, എം-1 വിദ്യാർത്ഥികൾക്ക് വേണ്ട എസ്ഇവിപി-സർട്ടിഫൈഡ് സ്കൂളുകളും പ്രോഗ്രാമുകളും കണ്ടെത്തുക.

    എന്താണ് I-20?

    SEVP- സാക്ഷ്യപ്പെടുത്തിയ സ്‌കൂളിലേക്ക് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിൽ സ്കൂളിൽ നിന്നും നിങ്ങൾക്ക് ഫോം I-20 അഥവാ “ഇമിഗ്രൻറ് അല്ലാത്ത വിദ്യാർത്ഥി നിലയ്ക്കുള്ള യോഗ്യതാ സർട്ടിഫിക്കറ്റ്” എന്ന ഡോക്യുമെൻറ് അയക്കും. സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) ഡാറ്റാബേസിലെ നിങ്ങളുടെ വിവരങ്ങളുടെ ഒരു പേപ്പർ റെക്കോർഡാണ് ഫോം I-20. നിങ്ങളെ സ്വീകരിക്കുന്ന ഓരോ സ്കൂളും നിങ്ങൾക്ക് ഒരു ഫോം I-20 മെയിൽ ചെയ്യും.

    എന്താണ് SEVIS?

    നോൺ ഇമിഗ്രന്റ് വിദ്യാർത്ഥികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനും യുണൈറ്റഡ് സ്റ്റേറ്റ്സിലെ അവരുടെ പഠന കാലയളവിൽ സന്ദർശകരെ അനുവദിക്കുന്നതിനുമായി തയ്യാറാക്കുന്ന ഒരു വെബ് അധിഷ്ഠിത സംവിധാനമാണ് SEVIS.

    ഞാൻ എങ്ങനെ എന്റെ I-901 SEVIS ഫീസ് അടയ്‌ക്കും? എത്രയാണ് ഫീസ്?

    നിങ്ങളുടെ ഫോം I-20 ലഭിച്ച ശേഷം, I-901 SEVIS ഫീസ് അടയ്ക്കണം. SEVIS ഫീസ് പ്രോഗ്രാം അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. എന്നാൽ മിക്ക വിദ്യാർത്ഥികളും F1-ന് 350 ഡോളറും J1-ന് 220 ഡോളറും നൽകേണ്ടതാണ്. എല്ലാ F, M, J വിദ്യാർത്ഥികളും യു.എസ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ SEVIS ഫീസ് അടയ്‌ക്കണം. FMJfee.com-ൽ ഓൺലൈനായി അല്ലെങ്കിൽ വെസ്റ്റേൺ യൂണിയൻ ക്വിക്ക് പേ (Western Union Quick Pay) ഉപയോഗിച്ച് നിങ്ങൾക്ക് ഫീസ് അടയ്ക്കാൻ സാധിക്കും.

    നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പണമടച്ചതിന്റെ തെളിവായി രസീത് ഹാജരാക്കണം. നിങ്ങളുടെ I-901 SEVIS ഫീസ് രസീതിലെ SEVIS ഐഡി നമ്പർ നിങ്ങളുടെ ഫോം I-20-ലെ SEVIS ഐഡി നമ്പറുമായി യോജിക്കണമെന്നത് പ്രധാനമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അല്ലെങ്കിൽ ഫീസ് അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ദയവായി SEVP-യെ ബന്ധപ്പെടുക.

    പ്രോഗ്രാം ആരംഭിക്കുന്നതിന് എത്ര മുമ്പ് വരെ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാം?

    നിങ്ങളുടെ I-20 ഫോമിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന പ്രോഗ്രാം തുടങ്ങുന്നതിന് 120 ദിവസം മുമ്പ് വരെ സ്റ്റുഡന്റ് വിസ നൽകിയേക്കാം.

    എപ്പോൾ മുതൽ കൂടുതൽ പേർക്ക് സ്റ്റുഡന്റ് വിസക്കായി അപേക്ഷിക്കാം?

    യു.എസ് എംബസിയും കോൺസുലേറ്റുകളും ചേർന്ന് 2021-2022 ശൈത്യകാല വിദ്യാർത്ഥി സീസണിൽ റെക്കോർഡ് അഭിമുഖങ്ങളാണ് വിദ്യാർഥികൾക്കായി നടത്തിയിട്ടുള്ളത്. ഇനിയും അഭിമുഖം തുടരുകയാണ്. വിദ്യാർഥികൾക്ക് അവരുടെ I-20 കിട്ടുന്ന മുറയ്ക്ക് വസന്തകാലത്തിൻെറ അവസാനവും വേനൽക്കാലത്തും പരമാവധി വിദ്യാർഥികൾക്കാമയുള്ള സ്റ്റുഡന്റ് വിസ അപേക്ഷയുടെ പ്രക്രിയ തുടങ്ങും. I-20 ലഭിച്ചതിന് ശേഷം നിങ്ങളുടെ സ്റ്റുഡൻറ് വിസ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ പ്ലാൻ ചെയ്യുക.

    പ്രോഗ്രാം ആരംഭിക്കുന്ന തീയതിക്ക് മുമ്പ് കൃത്യസമയത്ത് യാത്ര ചെയ്യുന്നതിനായി എനിക്ക് എങ്ങനെ നേരത്തെ അപേക്ഷിക്കാം?

    നിങ്ങൾ ആദ്യം ഒരു വ്യക്തിഗത അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്. അത് സ്ഥിരീകരിച്ച് കഴിഞ്ഞാൽ https://www.ustraveldocs.com/in/en/expedited-appointment എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് സിസ്റ്റം വഴി നിങ്ങൾക്ക് വേഗത്തിൽ അപ്പോയിൻമെൻറ് ലഭിക്കാൻ അപേക്ഷിക്കാം. നിങ്ങളുടെ അപ്പോയിന്റ്മെന്റ് അഭ്യർത്ഥന അംഗീകരിക്കപ്പെട്ടാൽ പിന്നീട് ഇമെയിൽ വഴി മറ്റ് നിർദ്ദേശങ്ങൾ അറിയിക്കും. വേഗത്തിലുള്ള അപ്പോയിന്റ്‌മെന്റിനുള്ള അഭ്യർത്ഥന അംഗീകരിച്ചുവെന്ന സ്ഥിരീകരണം ലഭിക്കാത്തിടത്തോളം നിങ്ങളുടെ നിലവിലുള്ള അപ്പോയിന്റ്മെന്റ് റദ്ദാക്കരുത്. ഇത് വരെ അപ്പോയിൻമെൻറ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ അപേക്ഷ പരിഗണനയിലാണ് എന്നാണർഥം.

    സ്റ്റുഡൻറ് വിസ അഭിമുഖത്തിന് എന്തെല്ലാം കൊണ്ടുവരേണ്ടതുണ്ട്?

    നിങ്ങളുടെ ഇന്റർവ്യൂ അപ്പോയിന്റ്മെന്റ് സമയവും തീയതിയും ലഭിച്ചുവെങ്കിൽ ഇനി അഭിമുഖത്തിനായി ചെല്ലുമ്പോൾ താഴെ പറയുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

    DS-160: ഓൺലൈൻ നോൺഇമ്മിഗ്രൻറ് വിസ അപേക്ഷ ബാർകോഡ് പേജ്.

    ഫോം ഐ20 (Form I-20): SEVIS ഡാറ്റാബേസിൽ നിങ്ങളുടെ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ സ്കൂൾ ഒരു ഫോം I-20 അയയ്ക്കും വിദേശ വിദ്യാർഥിയെന്ന് തെളിയിക്കുന്നതിനുള്ള F1 അക്കാദമിക്, ഭാഷാ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റാണിത്. വൊക്കേഷണൽ വിദ്യാർത്ഥികൾക്കുള്ള (M-1) വിദേശ വിദ്യാർഥിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇത് തന്നെയാണ്. നിങ്ങളുടെ പങ്കാളിയോ പ്രായപൂർത്തിയാകാത്ത കുട്ടികളോ നിങ്ങളോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്കും വ്യക്തിഗത ഫോം I-20 ലഭിക്കും.

    ഫോട്ടോ: ഓൺലൈൻ ഫോം DS-160 പൂരിപ്പിക്കുമ്പോൾ തന്നെ നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുക. നിർദ്ദേശിച്ചിരിക്കുന്ന ഫോർമാറ്റിൽ തന്നെ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക.

    പാസ്പോർട്ട്: സാധുതയുള്ള പാസ്പോർട്ട് കയ്യിലുണ്ടാവണം. നിങ്ങൾ യുഎസിൽ നിൽക്കാൻ ഉദ്ദേശിക്കുന്നതിനേക്കാൾ ആറ് മാസം കൂടുതൽ കാലാവധി പാസ്പോർട്ടിന് വേണം.

    അപേക്ഷാ ഫീസ് അടച്ചതിന്റെ രസീത്: അഭിമുഖത്തിന് മുമ്പ് അപേക്ഷാ ഫീസ് അടച്ചതിൻെറ രസീത് കയ്യിൽ കരുതണം. നിങ്ങളുടെ അക്കാദമിക് യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടി വരും. യുഎസിൽ പഠിക്കുന്നതിന് ആവശ്യമായ സ്റ്റാൻഡേർഡ് ടെസ്റ്റ് സ്കോറുകൾ എന്നിവയും ഹാജരാക്കണം. ഇത് കൂടാതെ പഠനം അവസാനിച്ചതിന് ശേഷം യുഎസ് വിടാൻ തയ്യാറാണെന്ന് അറിയിക്കുന്നതിനുള്ള രേഖയും വിദ്യാഭ്യാസ, ജീവിത, യാത്രാ ചെലവുകൾ വഹിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും വേണം.

    കോഴ്സ് തുടങ്ങുന്നതിന് 30 ദിവസം മുമ്പ് എനിക്ക് അമേരിക്കയിൽ പ്രവേശിക്കാൻ സാധിക്കുമോ?

    എഫ്, എം വിസകളുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സ് തുടങ്ങുന്നതിന് 30 ദിവസത്തിന് മുമ്പ് അമേരിക്കയിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ നിങ്ങൾക്ക് നേരത്തെ എത്തണമെങ്കിൽ സന്ദർശക വിസക്കായി (B) പ്രത്യേകമായി അപേക്ഷിക്കാവുന്നതാണ്. സന്ദർശക (ബി) വിസ സ്റ്റാറ്റസിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിച്ച് അമേരിക്കയിൽ പ്രവേശിച്ചാൽ പിന്നീട് വിദ്യാർഥി വിസ സ്റ്റാറ്റസിലേക്ക് മാറുന്നതിനായി കോഴ്സ് തുടങ്ങുന്നതിന് മുമ്പ് യുഎസ് സിറ്റീസൺഷിപ്പ് ആൻറ് ഇമ്മിഗ്രേഷൻ സർവീസസിൽ വീണ്ടും അപേക്ഷിക്കണം. ഇത്തരത്തിൽ സ്റ്റാറ്റസ് മാറിയാൽ മാത്രമേ കോഴ്സിന് നിങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂ. ഇതിൻെറ പ്രക്രിയക്കായി കൂടുതൽ സമയം എടുക്കാനും സാധ്യതയുണ്ട്. നിങ്ങൾക്ക് അമേരിക്കയിൽ നിന്ന് പുറത്ത് കടന്നതിന് ശേഷം സ്റ്റുഡൻറ് വിസയുമായി വീണ്ടും പ്രവേശിക്കാനും സാധിക്കും.

    എനിക്ക് സ്റ്റുഡന്റ് വിസ ലഭിച്ചുകഴിഞ്ഞാൽ സെവിസ് (SEVIS) സ്റ്റാറ്റസ് നിലനിർത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

    അമേരിക്കയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ സ്റ്റുഡൻറ് വിസ ലഭിച്ചവർ കോഴ്സ് തുടങ്ങുന്നിത് 30 ദിവസത്തിന് അകത്ത് രാജ്യത്ത് പ്രവേശിക്കണം. അമേരിക്കയിലെത്തി എത്രയും പെട്ടെന്ന് നിങ്ങൾ ചേരാൻ പോവുന്ന സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക. പിന്നീട് സ്കൂളിലെത്തുമ്പോൾ നിങ്ങളുടെ കാര്യങ്ങളുടെ ചുമതലയുള്ള സ്കൂളിലെ ഉദ്യോഗസ്ഥനെ (DSO) കാണുക. നിങ്ങളുടെ ഫോം I-20 സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന തീയതിക്ക് മുമ്പ് തന്നെ സ്കൂളിൽ റിപ്പോർട്ട് ചെയ്യണം.

    യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുമ്പോൾ, എഫ്, എം വിദ്യാർത്ഥികൾ ഇനിപ്പറയുന്ന ആവശ്യകതകൾ ശ്രദ്ധിക്കണം: എല്ലാ ക്ലാസുകളിലും ഹാജരാവുകയും പാസ്സാവുകയും വേണം. സ്കൂളുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ DSOയെ എത്രയും പെട്ടെന്ന് വിവരം അറിയിക്കുക. നിങ്ങളുടെ ഫോം I-20-ൽ എപ്പോഴാണ് കോഴ്സ് അവസാനിപ്പിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ടാവും. ആ ഡേറ്റിന് നിങ്ങൾക്ക് പൂർത്തിയാക്കാൻ പറ്റില്ലെന്ന് തോന്നുന്നുവെങ്കിൽ സമയം നീട്ടി നൽകുന്നതിന് വേണ്ടി ഡിഎസ്ഒയെ സമീപിക്കാവുന്നതാണ്.

    ഓരോ ടേമിലും നിങ്ങൾ ഒരു മുഴുവൻ പഠന കോഴ്സും എടുക്കേണ്ടതായി വരും. നിങ്ങൾക്ക് മുഴുവൻ സമയ കോഴ്സ് പറ്റില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തന്നെ ഡിഎസ്ഒയെ അറിയിക്കണം. ഇത് കൂടാതെ ഏതെങ്കിലും ക്ലാസ് മിസ്സാക്കുകയാണെങ്കിൽ ആ വിവരവും മുൻകൂട്ടി ഡിഎസ്ഒയെ അറിയിക്കേണ്ടതുണ്ട്.

    എന്താണ് ഓപ്ഷണൽ പ്രായോഗിക പരിശീലനം (OPT)?

    ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) എന്നത് ഒരു F-1 വിദ്യാർത്ഥിയുടെ പ്രധാന പഠന മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന താൽക്കാലിക ജോലിയാണ്. അക്കാദമിക് വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് മുമ്പോ ശേഷമോ ഒരു F-1 വിദ്യാർത്ഥിക്ക് 12 മാസം വരെ OPT തൊഴിൽ അംഗീകാരം ലഭിക്കുന്നതിന് അപേക്ഷിക്കാൻ സാധിക്കും.

    വിദ്യാർഥിയെന്ന നിലയിൽ എനിക്ക് എങ്ങനെ OPTക്ക് അപേക്ഷിക്കാൻ സാധിക്കും?

    ഒപിടി അംഗീകാരത്തിനായി അപേക്ഷിക്കുന്ന വിദ്യാർഥികളുടെ ഐ-20 ഫോമിന് മുൻകൂട്ടി ഒപിടി അംഗീകാരം ലഭിച്ചിരിക്കണം. ഇത് കൂടാതെ ഒരു തൊഴിൽ അംഗീകാര രേഖയ്ക്കായി (EAD) USCIS-ലേക്ക് അപേക്ഷിക്കുകയും വേണം. ഒപിടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, ദയവായി USCIS വെബ്‌സൈറ്റും ICE ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ വെബ്‌പേജും സന്ദർശിക്കുക. വിശദവിവരങ്ങൾ അതിൽ നിന്ന് ലഭിക്കും.

    ഒപിടി കാലാവധി നീട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

    തീർച്ചയായും നിങ്ങൾക്ക് കാലാവധി നീട്ടാനായി അപേക്ഷിക്കാവുന്നതാണ്. അതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്ന് മാത്രം. നിങ്ങൾ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നീ വിഷയങ്ങളിൽ നിങ്ങൾ ബിരുദം നേടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് 24 മാസം വരെ ഒടിപി നീട്ടിക്കിട്ടാൻ വേണ്ടി അപേക്ഷിക്കാൻ സാധിക്കും. STEM ബിരുദം നേടിയ ഒരു F-1 വിദ്യാർത്ഥിയാണെങ്കിലും അപേക്ഷിക്കാം. എൻറോൾ ചെയ്ത് ഇ-വെരിഫൈ ഉപയോഗിക്കുന്ന ഒരു തൊഴിലുടമയുടെ കീഴിലാണ് ജോലി ചെയ്യുന്നതെങ്കിലും കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷിക്കാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് എക്സ്റ്റൻഷൻ ഫോർ സ്റ്റെം (STEM) സ്റ്റുഡൻറ്സ് എന്ന പേജ് സന്ദർശിച്ചാൽ മതി.

    INA സെക്ഷൻ 214(b) പ്രകാരം എനിക്ക് വിസ നിഷേധിക്കപ്പെട്ടാൽ അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് വിശദീകരിക്കാമോ?

    നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങളിൽ പെടുന്ന അപേക്ഷകർക്ക് മാത്രമാണ് ഈ വിസാ നിയമം ബാധകമാകുന്നത്. സെക്ഷൻ 214(ബി) പ്രകാരം നിങ്ങൾക്ക് വിസ നിരസിക്കപ്പെടുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് താഴെ പറയുന്ന കാര്യങ്ങളാണ്:

    നിങ്ങൾ അപേക്ഷിച്ച നോൺ ഇമിഗ്രൻറ് വിസക്കായി ആവശ്യമുള്ള യോഗ്യത നിങ്ങൾക്കില്ല. അല്ലെങ്കിൽ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ നിങ്ങൾക്ക് കൃത്യമായി ഹാജരാക്കാൻ സാധിച്ചില്ല.

    Also Read- US സര്‍വകലാശാലകളിലേക്കുള്ള അപേക്ഷകള്‍ തയ്യാറാക്കേണ്ടത് എങ്ങനെ? എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെടുത്താം?

    അമേരിക്കയിലെ ഇമിഗ്രൻറ് നിയമപ്രകാരം ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് നിങ്ങളെ ഉൾക്കൊള്ളാൻ നിർവാഹമില്ല. അതായത് നിങ്ങൾക്ക് നിങ്ങളുടെ മാതൃരാജ്യവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് നൽകിയ രേഖകളിൽ നിന്ന് വ്യക്തമായിട്ടുണ്ടാവും. അതിനാൽ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിൽക്കേണ്ട കാലാവധി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനാവും. യുഎസ് ഇമിഗ്രൻറ് നിയമങ്ങൾ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല.

    എല്ലാതരം വിസയുടെ കാര്യത്തിലും ഇത് ബാധകമല്ല. സ്റ്റുഡൻറ് വിസയ്ക്കുള്ള അപേക്ഷകർക്കാണ് പ്രധാനമായി ഈ നിയമം ബാധകമാവുന്നത. എച്ച്-1ബി, എൽ വിസ അപേക്ഷകർക്ക് ഇക്കാരണങ്ങളാൽ വിസ നിഷേധിക്കപ്പെടില്ല. കൂടാതെ അവരുടെ പങ്കാളികളുടെയും പ്രായപൂർത്തിയാവാത്ത കുട്ടികളുടെയും കാര്യത്തിലും ഈ നിയമം ബാധകമല്ല.

    Also Read- Education | വിദേശത്ത് പഠിക്കണോ?; വാതിലുകൾ തുറന്ന് യു.എസ് യൂണിവേഴ്സിറ്റികളും കോളേജുകളും; സാധ്യതകൾ അറിയാം

    സെക്ഷൻ 214(ബി) പ്രകാരം നിങ്ങളുടെ വിസ നിരസിക്കപ്പെടുകയാണെങ്കിൽ ഒരു കാര്യം കൂടി ഉറപ്പിക്കാവുന്നതാണ്. നിങ്ങളുടെ വിസ അപേക്ഷക്കായുള്ള നിലവിലുള്ള അവസരം ഇതോടെ അവസാനിച്ചു. ഇനി മറ്റൊരവസരത്തിൽ മാത്രമേ നിങ്ങൾക്ക് വിസ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

    കടപ്പാട്: സ്പാൻ മാഗസിൻ, യുഎസ് എംബസി, ന്യൂഡൽഹി

    First published:

    Tags: Education, Visa