വിമാനം പറത്തണോ? ഉഡാൻ അക്കാദമിയിൽ നിന്നും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ജൂൺ 3ന് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 18 കേന്ദ്രങ്ങളിൽ ഓൺലൈൻ ആയി എഴുത്തു പരീക്ഷ നടക്കും
രാജ്യത്തിനകത്തും പുറത്തും മികച്ച തൊഴിൽ സാധ്യതയുള്ള എയർലൈൻ- പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ദിരഗാന്ധി ഉഡാൻ അക്കാദമി. അമേഠിയിൽ സ്ഥിതി ചെയ്യുന്ന അക്കാദമിയിലെ പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനത്തിന്, മേയ് 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 3ന് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 18 കേന്ദ്രങ്ങളിൽ ഓൺലൈൻ ആയി എഴുത്തു പരീക്ഷ നടക്കും. ആകെ 125 സീറ്റുകളാണുള്ളത്. കേന്ദ്രമാനദണ്ഡപ്രകാരം വിവിധ വിഭാഗങ്ങൾക്ക് സംവരണമുണ്ട്. സെപ്റ്റംബർ മുതൽ 4 ബാച്ചുകളിലായി 3 മാസം വീതം ഇടവിട്ടു പ്രവേശനം നടത്തും.
എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു പൈലറ്റ് അഭിരുചി / സൈക്കോമെട്രിക് ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ട്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കു ജീവിതത്തിൽ ഒരു ചാൻസ് മാത്രമേ ലഭിക്കൂ. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശാനുസരണമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശനസമയത്ത് ക്ലാസ് 2 മെഡിക്കൽ എക്സാമിനറുടെ സർട്ടിഫിക്കറ്റ് മതി. പിന്നീട് ക്ലാസ് വണ്ണിന്റെയും വേണ്ടിവരും.
പരിശീലനത്തിന്റെ മൂന്നു ഘട്ടങ്ങൾ
1.സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ്
2.പ്രൈവറ്റ് പൈലറ്റ് ലൈസൻസ്
3.കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്
24 മാസമാണ്, കോഴ്സ് കാലയളവ്. വനിതകൾക്കും അപേക്ഷിക്കാനവസരമുണ്ട്.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം
ആബ് ഇനിഷ്യോ ടു സിപിഎൽ’ പ്രോഗ്രാമിൽ ചേരാൻ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ഇവയോരോന്നിനും 50% എങ്കിലും മാർക്കോടെ പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ /പിന്നാക്ക / സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45% മാർക്കു മതി. ഇപ്പോൾ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.കോഴ്സിനു ചേരുമ്പോൾ 17 വയസ്സ് തികഞ്ഞവരും അവിവാഹിതരുമായിരിക്കണം. അപേക്ഷാർത്ഥിക്ക്, 158 സെന്റീമീറ്റർ ഉയരം നിർബന്ധമായും വേണം.
കോഴ്സ് ഫീസ്
തെരഞ്ഞെടുക്കപ്പെട്ടാൽ ട്രെയ്നിങ് ഫീസായി, 45 ലക്ഷം രൂപ നൽകണം. ഇത് 4 ഗഡുക്കളായി അടയ്‌ക്കാൻ സൗകര്യമുണ്ട്. ഇതുകൂടാതെ പഠനോപകരണങ്ങൾക്കും മറ്റുമായി 2 ലക്ഷം രൂപ വേറെ വേണം. ഹോസ്‌റ്റൽ ചെലവ് പ്രതിമാസം 15,000/- വരും. എല്ലാ വിഭാഗക്കാരും ഇതേ ക്രമത്തിൽ ഫീസടയ്ക്കണം. ഇതിനു സമാന്തരമായി അധികഫീസ് നൽകി, 3 വർഷ ബിഎസ്‌സി ഏവിയേഷൻ ബിരുദ കോഴ്‌സിനും പഠിക്കാനവസരമുണ്ട്.
advertisement
അഡ്രസ്
Indira Gandhi Rashtriya Uran Akademi, Fursatganj Airfield, Amethi (U.P.) – 229302
ഫോൺ
0535-2978000,
മെയിൽ
വെബ്സൈറ്റ്
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 12, 2024 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
വിമാനം പറത്തണോ? ഉഡാൻ അക്കാദമിയിൽ നിന്നും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് ഇപ്പോൾ അപേക്ഷിക്കാം