രാജ്യത്തെ വിവിധ എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി ) നടത്തുന്ന എം.സി.എ. പ്രോഗ്രാമിന് പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ദേശീയതലത്തിൽ നടത്തുന്ന, എൻ.ഐ.ടി. എം.സി.എ.
കോമൺ എൻട്രൻസ് ടെസ്റ്റ് – എൻ.ഐ.എം.സി.ഇ.ടി (നിംസെറ്റ്) 2023- പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. അഗർത്തല, അലഹബാദ്, ഭോപ്പാൽ, ജംഷദ്പൂർ, കുരുക്ഷേത്ര, റായ്പൂർ, സൂറത്കൽ, തിരുച്ചിറപ്പള്ളി, വാറംഗൽ എന്നീ 9 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി കളിലാണ് അവസരം.
എൻ.ഐ.ടി .കൾ നടത്തുന്ന 2023 – 2024 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രോഗ്രാമിന് അപേക്ഷിക്കാൻ ഏപ്രിൽ 10 വരെയാണ് അവസരം. കേരളത്തിൽ കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
കോഴ്സിന്റെ സവിശേഷതകൾ
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ 2 വർഷത്തെ കോഴ്സ് നടത്തുന്നുണ്ടെങ്കിലും എൻ.ഐ.ടി.യിൽ 3 വർഷമാണ് ദൈർഘ്യം. വാറങ്കലിലും ജംഷഡ്പൂരിലും കോഴ്സിൻ്റെ രണ്ടാം വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യതയുമായി പുറത്തു വരാം. അതായത് എക്സിറ്റ് ഓപ്ഷനുണ്ട്. കുരുക്ഷേത്രയിൽ സ്വാശ്രയ രീതിയിലാണ് കോഴ്സ് നടത്തുന്നത്.
അടിസ്ഥാനയോഗ്യത
മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച്, കുറഞ്ഞത് മൂന്നു വർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനവസരം. യോഗ്യതാ പ്രോഗ്രാമിൽ, മൊത്തത്തിൽ കുറഞ്ഞത് 60% മാർക്ക്/സി.ജി.പി.എ 6.5 (പട്ടിക/ഭിന്നശേഷിക്കാർക്ക് 55%/സി.ജി.പി.എ 6.0) നിർബന്ധമായും വേണം.
പ്രവേശന പരീക്ഷ
2023 ജൂൺ 11 ന് രാവിലെ 9 മുതൽ 11 വരെ ഓൺലൈൻ ആയി നടത്തുന്ന നിംസെറ്റ് പരീക്ഷയ്ക്ക് 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.മാത്തമാറ്റിക്സ് (50 ചോദ്യങ്ങൾ), അനലറ്റിക്കൽ എബിലിറ്റി & ലോജിക്കൽ റീസണിംഗ് (40), കംപ്യൂട്ടർ അവയർനസ് (20), ജനറൽ ഇംഗ്ലീഷ് (10) എന്നിങ്ങനെയാണ്.
വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ .മാത്തമാറ്റിക്സിൽ ഓരോ ശരിയുത്തരത്തിനും 12 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ 3 മാർക്ക് നഷ്ടമാകും. ജനറൽ ഇംഗ്ലീഷിന് ഇത് യഥാക്രമം 4, 1 എന്നിങ്ങനെയുo മറ്റ് രണ്ട് വിഷയങ്ങൾക്ക് 6, 1.5 എന്നിങ്ങനെയും ആയിരിക്കും ശരിയുത്തരത്തിന് കിട്ടുന്ന മാർക്കുകളും തെറ്റുത്തരത്തിന് നഷ്ടപെടുന്ന മാർക്കുകളും . യോഗ്യത നേടുന്നവരുടെ വിവിധ സെക്ഷനുകളിലെ മാർക്ക് കൂട്ടിയാണ് റാങ്ക് നിർണയിക്കുന്നത്.
അപേക്ഷാ ക്രമം
ഏപ്രിൽ 10, വൈകിട്ട് 5 വരെ ഓൺലൈൻ ആയി അപേക്ഷ നൽകാവുന്നതാണ്. ഇപ്പോൾ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. 2500 രൂപയാണ് ,അപേക്ഷാ ഫീസ്.പട്ടികജാതി വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക്, 1250 രൂപ മതി. ഫീസ് ഓൺലൈനായി അടയ്ക്കണം.
അപേക്ഷയിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ ഏപ്രിൽ13 മുതൽ 17 വരെ അവസരമുണ്ടായിരിക്കും. അഡ്മിറ്റ് കാർഡ് ജൂൺ 1 മുതൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം.ജൂൺ 11 ന് നടക്കുന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം, ജൂൺ 26 ന് നടക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
പരീക്ഷയുടെ സിലബസ്, സീറ്റ് ലഭ്യത, അലോട്ട്മൻ്റ് നടപടിക്രമം മുതലായവ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.