NEET UG Exam| നീറ്റായി 'നീറ്റി'നൊരുങ്ങാം; പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
NEET UG Exam 2025: കഴിഞ്ഞ വർഷം നടന്ന ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ, പഴുതടച്ച സുരക്ഷയുമായിട്ടാണ്, ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 4 ന് നടക്കാനിരിക്കുന്നത്
രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേഷൻ ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ ഈ ഞായറാഴ്ച (മെയ് 4) നടക്കും. 2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി പ്രവേശനം നടത്തുകയായിരുന്നു പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് പുനസ്ഥാപിക്കയുണ്ടായി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(CBSE) നടത്തിയിരുന്ന നീറ്റ് പരീക്ഷ, 2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)ആണ് നടത്തുന്നത്.
അടുത്തറിയാം നീറ്റിനെ
രാജ്യത്തെ നൂറുകണക്കിനുവരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലേയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്ററിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാാണ്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 1,70,000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം നടന്ന ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ, പഴുതടച്ച സുരക്ഷയുമായിട്ടാണ്, ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 4 ന് നടക്കാനിരിക്കുന്നത്.
advertisement
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്കും (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ജിപ്മർ) മെഡിക്കൽ ബിരുദ പ്രവേശനവും ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പ്രവേശനവും വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലെ എംബിബിഎസ് പ്രവേശനത്തിനും ഉയർന്ന നീറ്റ് (യുജി) പരീക്ഷാ സ്കോർ ബാധകമാണ്. ഇതോടൊപ്പം, വെറ്ററിനറി കൗൺസിൽ, ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രോഗ്രാമിലെ 15 ശതമാനം സീറ്റ് നികത്തുന്നതിനും കുറച്ചു വർഷങ്ങളായി നീറ്റ് റാങ്ക് തന്നെയാണ് പരിഗണിക്കുന്നത്. ഇതിനു പുറമെ നമ്മുടെ സംസ്ഥാനത്ത് മെഡിക്കൽ, ഡെൻ്റൽ, ആയുഷ് തുടങ്ങിയ മെഡിക്കൽ കോഴ്‌സുകൾക്കു പുറമേ മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും മാനദണ്ഡമാക്കി വെച്ചിരിക്കുന്നത്, നീറ്റ് റാങ്കു പട്ടിക തന്നെയാണ്. മാത്രവുമല്ല; വിദേശരാജ്യങ്ങളിലെ മെഡിക്കൽ സർവ്വകലാശാലകളിൽ, ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ പഠനത്തിനും നീറ്റ് എക്സാം യോഗ്യത നേടിയിരിക്കേണ്ടത്, അനിവാര്യതയാണ്.
advertisement
നീറ്റ് ഓൾ ഇന്ത്യാ ക്വാട്ട
ഏതൊരു സാധാരണ വിദ്യാർത്ഥിക്കും ഏറ്റവും മിതമായ ഫീസൊടുക്കി കൊണ്ട്, നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ മേഖലയിലെ ഡെൻ്റൽ കോളേജുകൾ എന്നിവയിലെ മെഡിക്കൽ ബിരുദം, ഡെൻ്റൽ ബിരുദം (എംബിബിഎസ്, ബിഡിഎസ്) തുടങ്ങിയവയിലെ പഠനത്തിന് അഖിലേന്ത്യാ ക്വാട്ടയിൽ 15% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമം
ഹയർസെക്കൻഡറി തലത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് (MCQ) ആണ് ഈ പരീക്ഷയിൽ ചോദിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണിത് (കഴിഞ്ഞ വർഷം, മൂന്ന് മണിക്കൂർ 20 മിനിറ്റ് ആയിരുന്നു.) ഇംഗ്ലീഷും ഹിന്ദിയും കൂടാതെ രാജ്യത്തെ പ്രാദേശിക ഭാഷകളിൽ കൂടി നീറ്റ് നടത്തുന്നു.നീറ്റ് എക്സാം സിലബസും എക്സാം പാറ്റേണും കഴിഞ്ഞ വർഷത്തേതു തന്നെയാണ്. മൾട്ടിപ്പിൾ ടൈപ്പ് ചോദ്യങ്ങൾക്ക്, ഒ.എം.ആർ.ഷീറ്റുകളിൽ ഉത്തരങ്ങൾ നൽകണം.
advertisement
ഹാൾടിക്കറ്റ്
ഹാൾടിക്കറ്റ്, കളർ കോപ്പിയെടുക്കണം. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചപ്പോൾ അപ്പ്ലോഡ് ചെയ്ത അതേ ഫോട്ടോയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ ഒന്ന് ഹാൾടിക്കറ്റിൽ ഒട്ടിക്കുന്നതിന്നും മറ്റ് രണ്ടണ്ണം കൈയിൽ കരുതുകയും വേണം. 6 x 4 സൈസ് (പോസ്റ്റ് കാർഡ്) ഫോട്ടോ യും അഡ്മിറ്റ് കാർഡിൽ ഒട്ടിക്കണം.
പരീക്ഷാകേന്ദ്രം
പരീക്ഷാകേന്ദ്രത്തെ സംബന്ധിച്ച് ധാരണയില്ലെങ്കിൽ, ഇത് മുൻകൂട്ടി കണ്ടെത്തിവെക്കുന്നതാണുചിതം. അവിടേക്കുള്ള വഴി മനസ്സിലാക്കിവെക്കുകയും പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാവുന്ന സാമഗ്രികൾ തയ്യാറാക്കി ഒരുക്കി വെക്കുകയും പരീക്ഷ തുടങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർമുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തി, അവസാനവട്ട റിവിഷൻ നടത്തുകയും ചെയ്യുന്നതും നല്ലതാണ്. അവസാനനിമിഷം പുതിയ പാഠഭാഗങ്ങൾ പഠിക്കാതെ അതുവരെ പഠിച്ച ഭാഗങ്ങൾ ആവുന്നത്ര റിവൈസ് ചെയ്യുന്നതും ഉപകാരപ്രദമാകും.
advertisement
പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരീക്ഷയോടനുബന്ധിച്ചും പരീക്ഷാ ദിവസവും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. ദേശീയ നിലവാരമുള്ള പരീക്ഷയായതിനാൽ എല്ലാ നടപടിക്രമങ്ങളും വിദ്യാർത്ഥികൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. പരീക്ഷയുടെ സമയക്രമം, ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ്. 1.40 മണിക്കു മുൻപായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച്, പരീക്ഷാർത്ഥികൾ പരീക്ഷാ റൂമിൽ കയറേണ്ടതുണ്ട്. പിഡബ്ല്യുഡി വിദ്യാർത്ഥികൾക്ക് മൂന്നിലൊന്നു സമയം (1 മണിക്കൂർ ) കൂടുതലുണ്ട്. പരീക്ഷാ ദിവസം 11 മണി മുതൽ കേന്ദ്രത്തിൽ പ്രവേശിക്കാം. 1.30 വരെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാമെങ്കിലും പരമാവധി നേരത്തെ കേന്ദ്രത്തിലെത്തുന്നതാണ് ഉചിതം. പരീക്ഷാ കേന്ദ്രം നേരത്തെ തന്നെ കണ്ടെത്തി വെക്കുകയും (തലേ ദിവസംതന്നെ) പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന അനുവദിച്ചവ സാമഗ്രികൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കുകയും വേണം.
advertisement
പ്ലസ്ടു പരീക്ഷയുടെ വിവരണാത്മക ചോദ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ നിന്നും ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുന്ന രീതിയാണ്, ഇവിടെ അവലംബിച്ചിരിക്കുന്നത്. ഓരോ ചോദ്യങ്ങൾക്കു കീഴിലും നൽകിയിരിക്കുന്ന നാല് ഉത്തരങ്ങളിൽ നിന്നും ആലോചിച്ച് പൂർണ്ണബോധ്യമുള്ള ചോയ്സ് ഒഎംആർ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതുണ്ട്.രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കിൽ മാർക്ക് നഷ്ടപ്പെടുമെന്നുള്ളതു (നെഗറ്റീവ് മാർക്ക്) കൊണ്ട്, ഊഹാപോഹങ്ങൾ വേണ്ട.
ചോദ്യ ക്രമം
ചോദ്യങ്ങളിൽ,
ഫിസിക്സ്:45
കെമിസ്ട്രി: 45
ബയോളജി (സുവോളജി &ബോട്ടണി): 90 എന്നിങ്ങനെയാണ് വിവിധ വിഷയങ്ങൾ തലത്തിലുള്ള ചോദ്യങ്ങളുടെ എണ്ണം. കഴിഞ്ഞ വർഷത്തേത്തിൽ നിന്നും വ്യത്യസ്തമായി പരീക്ഷാർത്ഥി, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം മാർക്കു ചെയ്യണം.ശരിയുത്തരത്തിനു 4 മാർക്കും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുമുണ്ട്. ആകെ മാർക്ക് 720 ആണ്.
advertisement
ആകെ 180 ചോദ്യങ്ങളുള്ള 180 മിനിറ്റിന്റെ ചോദ്യപേപ്പറാണുള്ളത്. ഇതിൽ 180 എണ്ണത്തിനും ഉത്തരമെഴുതണം. അതായത്, ഒരു ചോദ്യത്തിനുള്ള ശരാശരി സമയം ഒരു മിനിറ്റാണ് (60 സെക്കൻഡ് മാത്രം).ചോദ്യം മുഴുവനായി വായിച്ചതിനും തന്നിരിക്കുന്ന ഓപ്ഷൻസ് പരിശോധിച്ച് അനുയോജ്യമായ ഉത്തരം നിശ്ചയിച്ച് ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്താനുള്ള ശരാശരി സമയമാണ്, ഈ 60 സെക്കന്റെന്നു മറക്കരുത്. ലളിതമായ ചോദ്യങ്ങളുടെ ഉത്തരം പെട്ടന്ന് കണ്ടെത്തി, ആ സമയം കൂടി കഠിനമായ ചോദ്യങ്ങൾക്ക് നീക്കിവെച്ചാലാണ് , ഉയർന്ന് മാർക്ക് ലഭിക്കാനിട. അതിനാൽ രണ്ട് - മൂന്ന് റൗണ്ടുകളായി പരീക്ഷ ക്രമീകരിക്കുകയാണ് , ഉചിതം. ആദ്യറൗണ്ടിൽ ലളിതമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതിനു ശേഷം ശരാശരി ചോദ്യങ്ങൾ, കഠിനചോദ്യങ്ങൾ എന്ന ക്രമത്തിൽ ഉത്തരം നൽകണം.
ശാസ്ത്ര വിഷയങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകുന്നത്, സ്വാഭാവികമായും പരീക്ഷാർത്ഥിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതിനാൽ ബുദ്ധിമുട്ടുള്ള വിഷയത്തിലെ ചോദ്യങ്ങൾ, തുടക്കത്തിൽ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. എന്നാൽ എളുപ്പമായ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം മാർക്കു ചെയ്യുന്നതിലൂടെ ലാഭിക്കുന്ന സമയം കൂടുതൽ സമയം ചെലവഴിച്ച് ഉത്തരം കണ്ടെത്തേണ്ട കഠിനമായ ചോദ്യങ്ങൾക്ക് ഉപയോഗപെടുത്തുകയും ചെയ്യാം.
കൈയിൽ കരുതേണ്ട പരീക്ഷ സംബന്ധിയായ കാര്യങ്ങൾ
a)ഡൗൺലോഡ് ചെയ്തെടുത്ത ‘നീറ്റ് - 2025’ അഡ്മിറ്റ് കാർഡ്.
b)തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐടി, മറ്റു സർക്കാർ
അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലുമൊന്ന്.)
c)പാസ്പോർട്ട് സൈസ്, പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ(അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച അതേ ഫോട്ടോ തന്നെയാകണം.)
d) പി.ഡബ്യു.ഡി. സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
e) സ്ക്രൈബുമായി ബന്ധപ്പെട്ട കാര്യങ്ങൾ (ബാധകമെങ്കിൽ)
(ഇൻഫർമേഷൻ ബുള്ളറ്റിലെ പേജ് 57,60 കളും അഡ്മിറ്റ് കാർഡും വായിച്ച് ഉറപ്പുവരുത്തണം)
ഡ്രസ് കോഡ്
ഡ്രസ് കോഡ് സംബന്ധിച്ച്, കർശന നിർദ്ദേശങ്ങൾ പരീക്ഷാർത്ഥി പാലിക്കേണ്ടതുണ്ട്. പല വർഷങ്ങളിലും, ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം എൻ.ടി.എ. നൽകിയിട്ടുണ്ട്. ലളിതവും അലങ്കാരങ്ങളില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണു പൊതു നിർദ്ദേശം. ആൺകുട്ടികൾക്കും പെൺകുട്ടികളുടെയും ഡ്രസ് കോഡ് കൃത്യമായി നിർവ്വചിച്ചിട്ടുമുണ്ട്. മതപരമോ സാംസ്കാരികപരമോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ രണ്ട് മണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിലെത്തി പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്.
I.ആൺകുട്ടികൾ
ലളിതമായ ഹാഫ് ഷർട്ടുകൾ / പാന്റ് / ചെരുപ്പുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. വസ്ത്രങ്ങളിൽ
സിപ്, ഒട്ടേറെ പോക്കറ്റുകൾ, വലിയ ബട്ടൺ, എംബ്രോയ്ഡറി എന്നിവ നിർബന്ധമായും പാടില്ല വള്ളിച്ചെരിപ്പു ധരിക്കുന്നതാണ്, അഭികാമ്യം. സാധാരണ പാൻ്റല്ലാതെ,കുർത്ത -പൈജാമ എന്നിവ ഒഴിവാക്കുന്നത് ഉചിതമാണ്. കണ്ണട ഉപയോഗിക്കുന്നവർ സുതാര്യമായ ഗ്ലാസ്സേ ഉപയോഗിക്കാവൂ.
II.പെൺകുട്ടികൾ
പെൺകുട്ടികൾക്ക് ലളിതമായ രീതിയിലുള്ള സൽവാറും, സാധാരണ പാൻ്റും ധരിക്കുന്നതാണ് നല്ലത്. ഹീൽ ഇല്ലാത്ത വള്ളിച്ചെരിപ്പ് ഉപയോഗിക്കാം. ബുർഖ, ഹിജാബ് തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്കു പ്രത്യേക പരിശോധന ഉണ്ടായിരിക്കും. പൊതുവിൽ പോക്കറ്റുകൾ ഇല്ലാത്ത ഇളം നിറത്തിലുള്ള, ഹാഫ് കൈ കുപ്പായം ധരിക്കണമെന്നാണ് ചട്ടം. സുതാര്യമായ കണ്ണട നിർബന്ധമാണ്. ഹെയർ പിൻ, ഹെയർ ബാൻഡ്, ആഭരണങ്ങൾ, കാൽപാദം പൂർണമായും മൂടുന്ന ഷൂസ്/ പാദരക്ഷ, ഏറെ എംബ്രോയ്ഡറി വർക്കുള്ള വസ്ത്രങ്ങൾ, ഹൈ ഹീൽഡ് ചെരിപ്പ് എന്നിവ നിർബന്ധമായും ഒഴിവാക്കണം. ഇതു കൂടാതെ അഡ്മിറ്റ് കാർഡിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
പരീക്ഷാ ഹാളിൽ നിരോധിക്കപ്പെട്ടിട്ടുള്ളവ
1.സ്റ്റേഷനറി സാധനങ്ങൾ
2.എഴുതിയതോ പ്രിന്റ് എടുത്തതോ ആയ കടലാസ് തുണ്ടുകൾ
3.ജ്യോമെട്രി–പെൻസിൽ ബോക്സ്
4.പ്ലാസ്റ്റിക് പ ഴ്സ്
5.കാൽക്കുലേറ്റർ
6.പെൻ (പരീക്ഷാ കേന്ദ്രത്തിൽ നിന്നും നൽകും)
7.സ്കെയിൽ
8.റൈറ്റിങ് പാഡ്
9.പെൻഡ്രൈവ്
10.റബർ
11.കാൽക്കുലേറ്റർ
12.ലോഗരിതം ടേബിൾ
13.ഇലക്ട്രോണിക് പെൻ-സ്കാനർ
14.മൊബൈൽ ഫോൺ
15.ബ്ലൂടൂത്ത് - ഇയർഫോൺ
16.മൈക്രോഫോൺ
17.പേജർ
18.ഹെൽത്ത് ബാൻഡ്
19.വേലറ്റ്
20.ഹാൻഡ് ബാഗ്
21.ബെൽറ്റ്, തൊപ്പി
22.ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, മാല, വള, വാച്ച്, കൈ ചെയിൻ)
23. മെറ്റൽ ബാൻഡ് (കൈകളിൽ കെട്ടുന്നവ)
24.ലോഹ ഉപകരണങ്ങൾ
25.ഭക്ഷ്യവസ്തുക്കൾ
26. ഇലക്ട്രോണിക് ഉപകരണങ്ങൾ (പരീക്ഷാ ക്രമക്കേടിന് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ളവ)
27.വാച്ച് (വലിയ ഡയലുള്ളവ )
28.ചിപ്പ് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വാച്ച്
ഒ.എം.ആർ. ഷീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സോഫ്റ്റ് വേർ ഉപയോഗിച്ചാണ്, ഒ.എം.ആർ. ഷീറ്റ് മൂല്യനിർണയം നടത്തുന്നതെന്നതിനാൽ ഒ.എം.ആർ. ഷീറ്റ്, സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതുണ്ട്. നിർദിഷ്ടയിടങ്ങളിലെ മാർക്കിംഗ് കൂടാതെ മറ്റു രേഖപ്പെടുത്തലുകളൊന്നും പാടില്ല. ടെസ്റ്റ് ബുക്ക് ലെറ്റിൽ നൽകിയിട്ടുള്ള നിശ്ചിതയിടങ്ങളിൽ മാത്രമേ ക്രിയ ചെയ്യാവൂ. ഒ.എം.ആർ. ഷീറ്റിൽ പൂരിപ്പിക്കേണ്ട ഭാഗങ്ങൾ പൂരിപ്പിക്കണം. ഒ.എം.ആർ. ഷീറ്റിൽ ഒരു പ്രാവശ്യം ഉത്തരം രേഖപ്പെടുത്തിയാൽ , പിന്നീടത് മാറ്റാൻ കഴിയില്ല. ശരിയായ ചോദ്യനമ്പറിനുനേരെയാണ് ഉത്തരം രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മാർക്കു ചെയ്യാവൂ.
പ്രത്യേക ശ്രദ്ധയ്ക്ക്
പരീക്ഷയ്ക്ക് എത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യങ്ങളോ ലോക്കർ റൂമോ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകണമെന്നില്ല. വിലപിടിപ്പുള്ള വസ്തുക്കളോ പണം അടങ്ങിയ ബാഗോ ഒഴിവാക്കുന്നതാണ്, ഉചിതം.
പരീക്ഷ കഴിഞ്ഞാൽ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുടെ നിലവാരവും പരീക്ഷാർത്ഥികളുടെ മികവുമൊക്കെ സ്വാഭാവികമായി മാർക്ക് രീതിയെ ബാധിക്കുന്ന ഘടകങ്ങളാണ്. പരീക്ഷയിലെ ചോദ്യങ്ങൾ എളുപ്പമുള്ളതാണെങ്കിൽ മാർക്ക് തോത് ഉയരുകയും ബുദ്ധിമുട്ടുള്ളതാണെങ്കിൽ മാർക്ക് തോത് കുറയുകയും ചെയ്യും. അതായത് മുൻവർഷത്തെ മാർക്കിനു ലഭിച്ച റാങ്ക് , ഈ വർഷം വ്യത്യാസപ്പെടാനിടയുണ്ട്.
ഉത്തരസൂചിക, വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ പരിശോധിക്കുകയും ആക്ഷേപങ്ങളുണ്ടെങ്കിൽ നിശ്ചിത ഫീസടച്ച് പരാതിപ്പെടുകയും വേണം. മാത്രവുമല്ല;പരീക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയിരിക്കുന്ന .മൊബൈലിലേക്കും ഇ-മെയിലേക്കും വരുന്ന സന്ദേശങ്ങളും അതാതു സമയങ്ങളിൽ എൻ.ടി.എ. വെബ് സൈറ്റിൽ വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.
കൂടുതൽ വിവരങ്ങൾക്ക്;
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com).
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 01, 2025 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NEET UG Exam| നീറ്റായി 'നീറ്റി'നൊരുങ്ങാം; പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ