സിലബസിലെ മാറ്റം; അധ്യാപകർക്ക് പരിശീലന ക്ലാസ്സുമായി എൻസിഇആർടി
- Published by:Arun krishna
- news18-malayalam
Last Updated:
മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠ്യപദ്ധതികളാണ് പ്രധാനമായും പരിഷ്കരിച്ചിട്ടുള്ളത്
പാഠ്യപദ്ധതിയിലെ പുതിയ മാറ്റങ്ങൾക്കനുസൃതമായുള്ള വിദ്യാഭ്യാസ രീതിക്ക് അധ്യാപകരെ പ്രാപ്തമാക്കാൻ ഒരു മാസത്തെ പരിശീലന ക്ലാസുമായി എൻസിഇആർടി. മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠ്യപദ്ധതികളാണ് പ്രധാനമായും പരിഷ്കരിച്ചിട്ടുള്ളത്. ഈ ക്ലാസ്സുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങൾ ഏപ്രിൽ - മെയ് മാസത്തോടെ ലഭ്യമാകുമെന്ന് എൻസിഇആർടി അറിയിച്ചു. ഒരു മാസത്തെ പരിശീലന ക്ലാസ്സിലൂടെ പുതിയ പാഠ്യപദ്ധതി അധ്യാപകരെ പരിചയപ്പെടുത്താനാണ് എൻസിഇആർടി ലക്ഷ്യമിടുന്നത്.
പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ചുള്ള പഠന രീതിയ്ക്ക് വിപരീതമായി പാഠ്യപദ്ധതി കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് എൻസിഇആർടി മുന്നോട്ട് വയ്ക്കുന്നത്. അധ്യാപകരുടെ പരിശീലന ക്ലാസ്സുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ എൻസിഇആർടി പുറത്തിറക്കിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വികസിപ്പിച്ച നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷന്റെ (എൻസിഎഫ്-എസ്ഇ) രൂപരേഖ 2023 ഓഗസ്റ്റിലാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
പാഠപുസ്തക പഠനത്തിന് പകരം കുട്ടികളുടെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിരിക്കുന്നത്. കലാപരമായ പരിപാടികളിലൂടെയും വിനോദ പ്രവർത്തനങ്ങളിലൂടെയും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്ന പദ്ധതികൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാലയളവിൽ തന്നെ ആരംഭിക്കും ഒപ്പം ആറാം ക്ലാസ്സ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതിയും നടപ്പാക്കും. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷ നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
advertisement
ആറാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ടൈം ടേബിളുകളാകും നൽകുകയെന്ന് എൻസിഇആർടി അറിയിച്ചു. നിലവിൽ ആറാം ക്ലാസ്സിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ പഴയ പാഠ്യപദ്ധതി അടിസ്ഥാനമാക്കി പഠനം നടത്തിയവരായിരുന്നതുകൊണ്ട് തന്നെ ക്ലാസ്സിന്റെ ആദ്യ ഒരു മാസത്തോളം വിദ്യാർത്ഥികളെ വിവിധ പ്രോജക്ടുകളിൽ പങ്കെടുപ്പിക്കും. ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും രണ്ട് വിഷയങ്ങളുടെ രൂപത്തിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തുന്നത് ആറാം ക്ലാസ്സിലായതുകൊണ്ട് തന്നെ പഠന സംബന്ധമായ പരീക്ഷണ പ്രവർത്തനങ്ങളും, ക്ലാസ്സ് മുറിയ്ക്കുള്ളിലും പുറത്തുമായുള്ള നിരവധി പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കും. ഉദാഹരണമായി ചെടികൾ നടുന്നത് മുതലുള്ള പ്രവർത്തനങ്ങൾ ഒരു വിദ്യാർത്ഥിക്ക് ഒറ്റയ്ക്കോ അല്ലെങ്കിൽ ഗ്രൂപ്പായോ ചെയ്യാൻ നൽകും കൂടാതെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ അധ്യാപകർക്ക് തന്നെ രൂപീകരിക്കാമെന്നും എൻസിഇആർടി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
advertisement
മൂന്നാം ക്ലാസ്സിലെ പുതിയ പാഠ പുസ്തകങ്ങൾ ഏപ്രിൽ അവസാന വാരവും ആറാം ക്ലാസ്സിലേത് മെയ് പകുതിയോടെയും ലഭ്യമാകുമെന്ന് എൻസിഇആർടി അറിയിച്ചു. മറ്റ് ക്ലാസ്സുകളിലെ പരിഷ്കരിച്ച പാഠ പുസ്തകങ്ങൾ ഇനി വരുന്ന അക്കാദമിക് വർഷങ്ങളിൽ പുറത്തിറക്കുമെന്നും എൻസിഇആർടി സൂചിപ്പിച്ചു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 10, 2024 6:13 PM IST