• HOME
 • »
 • NEWS
 • »
 • career
 • »
 • ജെഎൻയുവിൽ ധർണ നടത്തുന്നവർക്ക് 20000 രൂപ പിഴ; അക്രമം നടത്തുന്നവരുടെ അഡ്മിഷൻ റദ്ദാക്കും

ജെഎൻയുവിൽ ധർണ നടത്തുന്നവർക്ക് 20000 രൂപ പിഴ; അക്രമം നടത്തുന്നവരുടെ അഡ്മിഷൻ റദ്ദാക്കും

നിരാഹാരസമരങ്ങൾ, ധർണകൾ, സർവകലാശാലയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിക്കൊണ്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾ മുതലായവയ്ക്ക് പിഴ ചുമത്തും

 • Share this:

  ധർണകളും അക്രമങ്ങളും നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപപടികളുമായി ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല. ധർണ നടത്തുന്ന വിദ്യാർത്ഥികൾക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ജെഎൻയു അധികൃതർ അറിയിച്ചു. അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കുകയും ഇവരുടെ അഡ്മിഷൻ റദ്ദാക്കുകയും ചെയ്യും. പത്തു പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളാണ് ജെഎൻയു പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 3 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. വിവാദ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി സർവകലാശാലയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അധികൃതർ ഇത്തരം നടപടികളിലേക്ക് നീങ്ങിയത്.

  Also Read- ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാം; കരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി

  പാർട്ട് ടൈം വിദ്യാർത്ഥികൾ ഉൾപ്പെടെ, ജെഎൻയുവിലെ എല്ലാ വിദ്യാർത്ഥികൾക്കും ഈ നിയമങ്ങൾ ബാധകമാണ്. തടഞ്ഞുവെയ്ക്കൽ, ചൂതാട്ടം നടത്തൽ, ഹോസ്റ്റൽ മുറികളിൽ അതിക്രമിച്ചു കയറൽ, അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ 17 കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ പുതിയ പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നുണ്ട്. പരാതികളുടെ പകർപ്പ് രക്ഷിതാക്കൾക്കും അയക്കും.

  സർവ്വകലാശാലയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള തീരുമാനമെടുക്കുന്ന ബോഡിയായ എക്സിക്യൂട്ടീവ് കൗൺസിൽ പുതിയ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നൽകിയതായും അധികൃതർ‌ അറിയിച്ചു. എന്നാൽ, വിഷയം അധിക അജണ്ടയായി കൊണ്ടുവന്നതാണെന്നും കോടതി നടപടികൾക്കു വേണ്ടിയാണ് പുതിയ പെരുമാറ്റച്ചട്ടെ തയ്യാറാക്കിയിരിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

  അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന കേസുകൾ യൂണിവേഴ്സിറ്റിയിലെ പരാതി പരിഹാര സമിതിക്ക് പരിശോധിക്കാം. ലൈംഗികാതിക്രമം, റാഗിംഗ്, വർഗീയ സംഘർഷങ്ങൾ മുതലായവയെല്ലാം ചീഫ് പ്രോക്ടറുടെ ഓഫീസിന്റെ പരിധിയിൽ വരും. വിഷയം ജുഡീഷ്യൽ പരിധിയിൽ പെടുന്നതാണെങ്കിൽ, കോടതിയുടെ ഉത്തരവും നിർദ്ദേശവും അനുസരിച്ച് ചീഫ് പ്രോക്ടറുടെ ഓഫീസ് നടപടിയെടുക്കുമെന്നും പുതിയ ചട്ടങ്ങളിൽ പറയുന്നു.

  Also Read- സിനിമാ പഠിക്കാം; നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

  നിരാഹാരസമരങ്ങൾ, ധർണകൾ, സർവകലാശാലയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിക്കൊണ്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾ മുതലായവക്ക് 20,000 രൂപ വരെ പിഴ ചുമത്തും. പഴയ നിയമങ്ങൾ അനുസരിച്ച്, ഘരാവോ, പ്രകടനങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നീ കുറ്റകൃത്യങ്ങൾക്ക്, അഡ്മിഷൻ റദ്ദാക്കുന്നതും സർവലാശാലയിൽ നിന്ന് പുറത്താക്കുന്നതുമായിരുന്നു ശിക്ഷകൾ.

  പുതിയ നിയമങ്ങൾ സ്വേച്ഛാധിപത്യപരമാണെന്നും ഇത് തു​ഗ്ലക് പരിഷ്കാരങ്ങളാണെന്നും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ജെഎൻയുവിലെ സെക്രട്ടറി വികാസ് പട്ടേൽ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പഴയ പെരുമാറ്റച്ചട്ടം തന്നെ മതിയാകുമെന്നും പുതിയ പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാംപസിലെ സുരക്ഷയും ക്രമസമാധാനവും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, വിദ്യാർത്ഥി സമൂഹവുമായി ഒരു ചർച്ചയും നടത്താതെയാണ് ജെഎൻയു അഡ്മിൻ ഈ ക്രൂരമായ പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിച്ചതെന്നും അത് പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യമെന്നും വികാസ് പട്ടേൽ കൂട്ടിച്ചേർത്തു.

  പുതിയ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചുള്ള പ്രതികരണം തേടി പിടിഐ അയച്ച മെസേജുകളോടും കോളുകളോടും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പ്രതികരിച്ചില്ല.

  Published by:Arun krishna
  First published: