എയര്‍ഹോസ്റ്റസായി കരിയർ തുടങ്ങി; ഇന്ന് അതേ വിമാനക്കമ്പനിയുടെ സിഇഒ; മാതൃകയായി മിത്സുകോ ടൊട്ടോരി
- Published by:Sarika KP
- news18-malayalam
Last Updated:
ഈ പദവിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും ഈ 59 കാരിക്ക് സ്വന്തം.
ഈ വര്‍ഷം ജനുവരിയില്‍ മിത്സുകോ ടൊട്ടോറി ജപ്പാന്‍ എയര്‍ലൈന്‍സിന്റെ സിഇഒയായി ചുമതലയേല്‍ക്കുമ്പോള്‍ അവിടെയൊരു പുതുചരിത്രം പിറക്കുകയായിരുന്നു. ഇതേ വിമാനകമ്പനിയില്‍ എയര്‍ ഹോസ്റ്റസായായിരുന്നു അവരുടെ കരിയറിന്റെ തുടക്കം. 1985-ലാണ് മിത്സുകോ എയര്‍ഹോസ്റ്റസായി കരിയര്‍ ആരംഭിച്ചത്. ഫ്‌ളൈറ്റ് അറ്റന്‍ഡില്‍ നിന്ന് വിമാനകമ്പനിയുടെ പ്രസിഡന്റും സിഇഒയുമായുള്ള അവരുടെ വളര്‍ച്ചയെ വളരെ അപൂര്‍വമായുള്ള നേട്ടമായാണ് ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കരിയര്‍ തുടങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ 2015ല്‍ കാബിന്‍ അറ്റന്‍ഡറ്റുമാരുടെ സീനിയര്‍ ഡയറക്ടറായി അവര്‍ നിയമിതയായി. അവിടെ നിന്ന് പതിയെ വിമാനകമ്പനിയിലെ ഉന്നതപദവികള്‍ സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് മിത്സുകോ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങള്‍ നേടിയത്. ഈ പദവിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും ഈ 59 കാരിക്ക് സ്വന്തം.
ജോലി സ്ഥലത്ത് ഇനിയും സ്ത്രീകള്‍ക്ക് വളരെയധികം മുന്നേറാനുണ്ടെന്ന് സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീകളായ മനേജര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ജപ്പാന്‍ ഇപ്പോഴുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ ഒരു സ്ഥാപനത്തിന്റെ ഉന്നതപദവിയിലെത്തുമ്പോള്‍ അതില്‍ അത്ഭുതപ്പെടാന്‍ തക്ക ഒന്നുമില്ലെന്ന് കരുതുന്ന കാലത്തേക്ക് ജപ്പാന്‍ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിത്സുകോ പറഞ്ഞു.
വനിതാ മാനേജര്‍മാരുടെ എണ്ണം നാം ഗൗരവപൂര്‍വം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനേക്കാളുപരി സ്ത്രീകള്‍ സ്വയം സജീവമായി തുടരേണ്ടത് പ്രധാനമാണ്. ഭാവിയില്‍ വളരെയധികം സ്ത്രീകള്‍ ഉന്നതപദവികള്‍ വഹിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്നതോ ആദ്യ മുന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് എന്നതോ ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് ഞാന്‍ എന്ന വ്യക്തിയായി നിലകൊള്ളാനാണ് താത്പര്യം. എനിക്ക് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ''ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 26, 2024 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
എയര്‍ഹോസ്റ്റസായി കരിയർ തുടങ്ങി; ഇന്ന് അതേ വിമാനക്കമ്പനിയുടെ സിഇഒ; മാതൃകയായി മിത്സുകോ ടൊട്ടോരി


