Sabarimala | ശബരിമല തീർത്ഥാടനം; ഉന്നതതല യോഗമെടുത്ത 18 തീരുമാനങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
'കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽ വെള്ളം വാങ്ങാം. മടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകും'
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനിച്ചു.
2. 10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല.
3. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നതുൾപ്പെടെ ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതാണ്. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാര്‍ത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതാണ്.
advertisement
4. ശബരിമല തീര്‍ത്ഥാടനത്തിന് പൂര്‍ണ്ണമായും വെര്‍ച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകുന്നതാണ്.
5. ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രിതലത്തിൽ കത്ത് ഇടപാടോ വെര്‍ച്വൽ യോഗങ്ങളോ നടത്തുന്നതാണ്.
6. കോവിഡ് -19 രോഗ ബാധിതർ തീര്‍ത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.
advertisement
7. തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയിൽ തീര്‍ത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീര്‍ത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയിൽ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
8. കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽവെള്ളം വാങ്ങാം. മടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകും.
9. തീർത്ഥാടകർക്ക് വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് പേപ്പർ പ്ളേറ്റിൽ അന്നദാനം നൽകും.
advertisement
10. സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കും.
11. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാൽ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.
12. കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ എണ്ണം ബസുകൾ വിന്യസിക്കും.
advertisement
13. ഭക്തര്‍ മല കയറുമ്പോൾ മാസ്ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും.
14. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.
15. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചുമാത്രം നടത്തുന്നതാണ്.
16. പമ്പ, എരുമേലി എന്നിവിടങ്ങളില്‍ സ്നാനഘട്ടങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പ്രിംഗ്ളര്‍/ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.
advertisement
17. തീര്‍ത്ഥാടനത്തിന് മുമ്പ് പമ്പയിലേയ്ക്കുള്ള വിള്ളൽ വീണ റോഡ് അടിയന്തിരമായി പുതുക്കിപ്പണിയും.
18. ശബരിമല തന്ത്രിയുടെ നിര്‍ദ്ദേശങ്ങൾ പരിഗണിച്ച് ഉചിതമായ ക്രമീകരണങ്ങൾ നടത്തുന്നതാണ്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, വൈദ്യുതി മന്ത്രി എം.എം. മണി, ജലസേചന മന്ത്രി എ.കെ. കൃഷ്ണന്‍ കുട്ടി, എം.എൽ.എമാരായ പി.സി.ജോര്‍ജ്, രാജു എബ്രഹാം, ഇ.എസ് ബിജിമോള്‍, ജിനേഷ് കുമാര്‍, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്‍.വാസു, റവന്യു(ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ നൂഹ് ബാവ, ശ്രീ.ജയദേവ്. ജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, ജന പ്രതിനിധികള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെയും വിവിധ വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Location :
First Published :
September 28, 2020 8:43 PM IST