വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പനി ജലദോഷം എന്നിവയുള്ളവര്‍ രോഗത്തെ അവഗണിക്കരുതെന്നും കൃത്യമായി ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. റാപ്പിഡ് റെസ്പോൺസ് ടീം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച വാർത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിർദേശം നല്‍കിയത്. മൂന്ന് കേസുകളാണ് നിലവില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.ഒമിക്രോൺ വകഭേദങ്ങളായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്.
Also Read-ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടിയ വകഭേദമെന്ന് വിദഗ്ദര്‍
ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിയായ 61കാരിയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരിൽ യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.