ഇന്റർഫേസ് /വാർത്ത /Corona / സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിന്‍ ഡ്രൈവ്; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്തി തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമം

സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിന്‍ ഡ്രൈവ്; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്തി തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമം

News18 Malayalam

News18 Malayalam

പണംനൽകി വാക്സിൻ എടുക്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത ആളുകൾക്ക് പൂർണമായും സൗജന്യമായി തന്നെ വാക്സിൻ നൽകി

  • Share this:

തിരുവനന്തപുരം:  കഠിനംകുളം പഞ്ചായത്തിലെ പുത്തൻതോപ്പ് നിവാസികൾ ചരിത്രം സൃഷ്ടിക്കുകയാണ്. അർഹമായ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഗ്രാമം. 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം ആളുകളും പേരാണ് ഗ്രാമത്തിലുള്ളത്. ഇതിൽ സർക്കാർ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭിക്കാത്ത 936 പേർക്ക് പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വാക്സിൻ നൽകി.

കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് പുത്തൻതോപ്പ്. ഇതാണ് വേഗത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ആശയത്തിൽ പ്രദേശവാസികളെ എത്തിച്ചത്. മൂന്നാം വാക്സിൻ ഡ്രൈവും അവസാനിച്ചു. പ്രദേശവാസികളും സന്തോഷത്തിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് വാക്സിൻ ഡ്രൈവ് നടത്തിയത്.

ആദ്യത്തെ വാക്സിൻ ഡ്രൈവ് ജൂൺ ഇരുപതാം തീയതിയും രണ്ടാമത്തേത് ജൂലൈ മാസം നാലാം തീയതിയുമാണ് നടന്നത്.

ആദ്യത്തേത് 'കിംസ്' ആശുപത്രിയുടെ സഹകരണത്തോടെയും രണ്ടാമത്തെയും മൂന്നാമത്തെയും വാക്സിൻ ഡ്രൈവുകൾ 'അനന്തപുരി' ആശുപത്രിയുടെ സഹകരണത്തോടെയുമാണ് സംഘടിപ്പിച്ചത്. ഇതിൽ ഒന്നാമത്തെയും രണ്ടാമത്തെയും വാക്സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു.

വാക്സിന് പണം നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നു. പണംനൽകി വാക്സിൻ എടുക്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത ആളുകൾക്ക് പൂർണമായും സൗജന്യമായി തന്നെ വാക്സിൻ നൽകി. കൂട്ടായ്മയ്ക്ക് ലഭിച്ച സംഭാവനകളിൽ നിന്നുമാണ് സൗജന്യമായി വാക്സിൻ നൽകിയത്.

ഒന്നാം തരംഗത്തിൽ കോവിഡ് രോഗം ബാധിച്ചവരും അതു കാരണം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരും വളരെ കുറവായിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം വരവ്  പ്രദേശത്തെ തകർത്തു. നിരവധി പേർക്ക്‌ അസുഖം ബാധിക്കുകയും ആശുപത്രിയിൽ ആവുകയും ചെയ്തു. കോവിഡ് കാരണം എട്ട് മരണങ്ങളും ഉണ്ടായി. പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എല്ലാവർക്കും വാക്സിൻ നൽകുകയാണ് എന്ന അഭിപ്രായം വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും അത്‌ എത്രയും വേഗം സാധ്യമാക്കുന്നതിനുള്ള നടപടിയുമായി നാട്ടുകാർ മുന്നോട്ടു പോവുകയും ചെയ്തു.

സൗജന്യമായി വാക്സിൻ നൽകുന്നതിന് സംഭാവന നൽകുവാൻ ആളുകൾ സ്വയം മുന്നോട്ടു വന്നു. പേയ്മെന്റ് അടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിക്കുന്നതിനും ആളുകൾ സ്വയം മുന്നോട്ടു വരികയാണുണ്ടായത്. വാക്സിൻ നൽകുന്നതിനുള്ള ആവശ്യത്തിനായി പുത്തൻതോപ്പ് പാരിഷ് സൗജന്യമായി വിട്ടു നൽകുവാൻ പുത്തൻതോപ്പ് പാരിഷ് കൗൺസിലും ഇടവകവികാരിയും പ്രത്യേക താൽപ്പര്യം അറിയിച്ചു

വാക്സിൻ ഡ്രൈവ് ഒരു തവണത്തേക്ക് മാത്രമായി സംഘടിപ്പിക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആളുകൾ നിരന്തരമായി ആവശ്യപ്പെട്ടതോടെ തുടർന്ന് പോയി.

800 വീടുകൾ ആണ് ഗ്രാമത്തിൽ ഉള്ളത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം വീടുകൾ സന്ദർശിച്ച് വാക്സിൻ ആവശ്യമായ ആളുകളുടെ വിവരം ശേഖരിക്കുവാൻ കഴിയാതിരുന്നിട്ടു പോലും ഫോണിലൂടെ അവരെയെല്ലാം ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുവാൻ യുവജനങ്ങൾ സ്വമേധയാ മുന്നോട്ടുവന്നു. പുത്തൻതാപ്പിൽ നടത്തിയ വാക്സിനേഷൻ ഡ്രൈവുകൾ വൻ വിജയമായതിനാൽ അയൽപ്രദേശങ്ങളിലും ഇപ്രകാരമുള്ള വാക്സിനേഷൻ ഡ്രൈവുകൾ ഇപ്പോൾ സംഘടിപ്പിക്കാൻ ആലോചിക്കുകയാണ്.

First published:

Tags: Covid 19, Covid Vaccination, Covid vaccine, Thiruvananthapuram