തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിവസംതോറും വർദ്ധിക്കുന്നു. വെള്ളിയാഴ്ച 3253 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്. 841 പേര്‍ക്കാണ് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 641 പേര്‍ക്കും കോട്ടയത്ത് 409 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസമാണ് 3000ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
24 മണിക്കൂറിനിടെ മരിച്ച ഏഴ് പേരിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ നാലുപേര്‍ കോട്ടയം സ്വദേശികളും മൂന്നുപേര്‍ എറണാകുളം സ്വദേശികളുമാണ്. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒമിക്രോണടക്കമുള്ള വകഭേദങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ജാഗ്രതയില്‍ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
നാലാം തരംഗം: സ്വയം നിയന്ത്രണങ്ങൾ ഇപ്പോഴേ തുടങ്ങാം; ചെയ്യേണ്ടത് എന്തൊക്കെ?മൂന്നാം തരംഗത്തിന് (Third Wave) ശേഷം സംസ്ഥാന സർക്കാരുകളെല്ലാം പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളിൽ പരമാവധി ഇളവ് നൽകിയിട്ടുണ്ട്. എന്നാലിപ്പോൾ നിയന്ത്രണം വീണ്ടും വേണ്ടിവരുമോയെന്നുള്ള ചിന്തയിലാണ് രാജ്യം. എയർപോർട്ടുകളും (Airport)വിമാനക്കമ്പനികളും നിയന്ത്രണങ്ങൾ പുനരാരംഭിച്ച് തുടങ്ങിയിട്ടുണ്ട്. കൃത്യമായി ഫേസ് മാസ്ക് (Face Mask) ധരിക്കാത്തവരെ വിമാനത്തിൽ പ്രവേശിപ്പിക്കേണ്ടെന്ന് ഡിജിസിഎ (DGCA) നിലപാടെടുത്തിട്ടുണ്ട്. മാസ്ക് (Mask) ധരിക്കാതെ പുറത്തിറങ്ങുന്നവർ പിഴയടക്കേണ്ടി വരുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ആളുകളെത്തുന്ന തിരക്കുള്ള ഇടങ്ങളിൽ പോലും മാസ്ക് ധരിക്കാതെ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ബോധവൽക്കരണവും മാസ്ക് ധരിക്കലും വാക്സിനേഷനും (Vaccination) കാരണമാണ് രാജ്യത്ത് ഒരുപരിധി വരെ കോവിഡ് 19 നിയന്ത്രിക്കാൻ സാധിച്ചത്. രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ജനങ്ങൾ മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi)വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം ഇപ്പോൾ ആളുകൾ പാലിക്കാതെയായിട്ടുണ്ട്. സുരക്ഷിതമായിരിക്കാൻ നമ്മൾ പഴയ സ്വയം നിയന്ത്രണങ്ങളിലേക്ക് തന്നെ മടങ്ങേണ്ടതിന്റെ ആവശ്യകത വിലയിരുത്തുകയാണ് ന്യൂസ് 18.
മാസ്കുകളിലേക്ക് തിരികെ വരികരണ്ട് വർഷം മുമ്പ് കോവിഡ് 19 പടർന്ന് പിടിച്ചപ്പോൾ തന്നെ മാസ്കാണ് അതിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. N-95 മാസ്കുകളാണ് ഏറ്റവും ഫലപ്രദമെങ്കിൽ തുണിയുടേയും മറ്റും മാസ്കുകൾ ആളുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
എന്തുകൊണ്ട് മാസ്ക്?മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ പാലിക്കുന്നതിനൊപ്പം മാസ്ക് കൂടി ധരിക്കുന്നത് കോവിഡ് 19 വൈറസ് വ്യാപനം കുറയ്ക്കാൻ സഹായിക്കും. ആളുകളുടെ മൂക്കിലൂടെയോ കണ്ണുകളിലൂടെയോ വായിലൂടെയോ ഒക്കെയാണ് രോഗം പകരുന്നത്. ഇന്ത്യയിൽ രണ്ടാം തരംഗ സമയത്ത് ഫേസ് ഷീൽഡ് ധരിക്കുന്ന ശീലവും ഉണ്ടായിരുന്നു.
ഏത് മാസ്കാണ് ധരിക്കേണ്ടത്?അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നതനുസരിച്ച് KN-95 മാസ്കുകളാണ് കോവിഡ് 19 വൈറസിനെ തടയാൻ ഏറ്റവും ഫലപ്രദം. സാധാരണ ഗതിയിൽ ഇത് മെഡിക്കൽ രംഗത്തുള്ളവരാണ് ധരിക്കാറുള്ളത്. എന്നാൽ കോവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ സാധാരണ ജനങ്ങളും ധരിച്ച് തുടങ്ങിയിട്ടുണ്ട്. സാധാരണ സർജിക്കൽ മാസ്ക്കുകളും ഉപയോഗിക്കാവുന്നതാണ്. തുണി കൊണ്ടുള്ള മാസ്കുകൾ നിങ്ങൾക്ക് ഒരു പരിധി വരെ മാത്രമേ വൈറസിൽ നിന്ന് സുരക്ഷിതത്വം തരികയുള്ളൂ എന്നതാണ് യാഥാർഥ്യം. ഏത് മാസ്കായാലും കൃത്യമായി ധരിക്കണമെന്നതും പ്രധാനപ്പെട്ട കാര്യമാണ്.
എങ്ങനെ മാസ്ക് ധരിക്കണം?എങ്ങനെയാണ് മാസ്ക് ധരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
- മാസ്ക് ധരിക്കുന്നതിന് മുമ്പും അഴിക്കുന്നതിന് മുമ്പും കൈകൾ കഴുകുക. ഇത് കൂടാതെ നിങ്ങൾ എപ്പോഴൊക്കെ മാസ്ക് കൈ കൊണ്ട് തൊടുന്നുവോ അതിന് ശേഷവും കൈ കഴുകണം.
- മാസ്ക് ധരിക്കുമ്പോൾ മൂക്ക്, വായ്, കവിൾ എന്നിവ മറയുന്നുണ്ടെന്ന് ഉറപ്പാക്കുക.
- മാസ്ക് നിങ്ങൾ എടുത്തതിന് ശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തി നിക്ഷേപിക്കുക. കഴുകി ഉപയോഗിക്കുന്ന മാസ്ക് ആണെങ്കിൽ അങ്ങനെ ചെയ്യുക. മെഡിക്കൽ മാസ്കുകളാണെങ്കിൽ അത് ഡിസ്പോസ് ചെയ്യുക.
സാമൂഹിക അകലം പാലിക്കുകവൈറസ് പടരുന്നത് തടയാനുള്ള മറ്റൊരു പ്രധാന പ്രതിരോധ പ്രവർത്തനമാണ് സാമൂഹിക അകലം പാലിക്കുകയെന്നത്. മറ്റുള്ളവരിൽ നിന്ന് പരമാവധി അകലം പാലിച്ച് കൊണ്ട് ഇടപെട്ടാൽ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത കുറയും. രോഗിയുമായോ രോഗിയുമായി അടുപ്പം ഉണ്ടായവരുമായോ സമ്പർക്കം കുറയ്ക്കുക. പൊതു ഇടങ്ങളിൽ മറ്റൊരാളുമായി ആറ് അടി അകലം പാലിക്കണമെന്നാണ് പൊതുവായുള്ള നിർദ്ദേശം. ആൾക്കൂട്ടം ഒഴിവാക്കുന്നത് പുറത്തിറങ്ങുന്നത് ആവശ്യത്തിന് മാത്രം ആക്കുന്നതും ഈ സമയത്ത് ചെയ്യേണ്ടുന്ന കാര്യങ്ങളാണ്. പല സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളും കോവിഡ് കാലത്തിന് ശേഷം സാമൂഹ്യ അകലം പാലിക്കുന്നതിനായി പലവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയെല്ലാം ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
കൈകൾ കഴുകുകകഴിയുന്നിടത്തോളം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യണമെന്നത് കോവിഡ് 19 കാലത്തെ പ്രധാന നിർദ്ദേശങ്ങളിലൊന്നാണ്. പല പ്രതലങ്ങളിലും വൈറസ് ദിവസങ്ങളോളം നിൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ തൊടുമ്പോൾ നിങ്ങളുടെ കൈകളിലും വൈറസ് എത്തിയേക്കും. സാനിറ്റൈസ് ചെയ്യുന്നതും കൈ കഴുകുന്നതും ശീലമാക്കിയാൽ ഇത്തരത്തിൽ വൈറസ് പകരുന്നത് ഒഴിവാക്കാൻ സാധിക്കും.
കൈ കഴുകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവിദഗ്ധരുടെ മറ്റ് നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
- ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും
- മുഖം തൊടുന്നതിന് മുമ്പ്
- റെസ്റ്റ് റൂം ഉപയോഗിച്ചതിന് ശേഷം
- പൊതുസ്ഥലങ്ങളിൽ നിന്ന് പോവുമ്പോൾ
- തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിന് ശേഷം
- മാസ്ക് പിടിച്ചതിന് ശേഷം
- ഡയപ്പർ മാറ്റിയതിന് ശേഷം
- രോഗികളെ പരിചരിച്ചതിന് ശേഷം
- മൃഗങ്ങളെ തൊട്ടതിന് ശേഷം
ജീവിതരീതിയിൽ മാറ്റം വരുത്തുകആരോഗ്യത്തോടെയിരിക്കാൻ നന്നായി ശ്രമിക്കുക. മുടങ്ങാതെ വ്യായാമം ചെയ്യുകയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുകയും ചെയ്യുക.
ആരോഗ്യത്തോടെയിരിക്കാൻ ആയുഷ് മന്ത്രാലയം പറയുന്ന ചില നിർദ്ദേശങ്ങൾ ഇവയാണ്:
- ദിവസം മുഴുവൻ നന്നായി വെള്ളം കുടിക്കുക
- യോഗം, പ്രാണായാമം, ധ്യാനം എന്നിവ 30 മിനിറ്റ് നേരത്തേക്കെങ്കിലും ചെയ്യാൻ ശ്രമിക്കുക
- മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക
കടുത്ത ചുമയോ തൊണ്ടവേദനയോ ഉണ്ടെങ്കിൽ ആവി പിടിക്കണമെന്ന് ആയുർവേദരംഗത്തെ വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. എന്നാൽ സ്വയം ചികിത്സ തുടങ്ങുന്നതിന് മുമ്പ് തന്നെ ഡോക്ടറെ കാണുന്നതാണ് എപ്പോഴും നല്ലത്. രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വേണ്ടിയുള്ള ഭക്ഷണരീതി ഈ സമയത്ത് പിന്തുടരണം. രാവിലെ ച്യവനപ്രാശ്യം 10 ഗ്രാം കഴിക്കുന്നത് നല്ലതാണ്. ചുക്ക്, തുളസി, കുരുമുളക്, മഞ്ഞൾ, ശർക്കര എന്നിവയിട്ട് തിളപ്പിച്ച കാപ്പി ദിവസം ഒരു നേരമെങ്കിലും കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. 150 മില്ലീലിറ്റർ പാലിൽ അര ടീ സ്പൂൺ മഞ്ഞൾ ഇട്ട് രണ്ട് നേരം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.