Covid 19 | ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകം; കേന്ദ്രത്തിന്‍റെ സഹായം തേടി അരവിന്ദ് കെജ്രിവാൾ
Covid 19 | ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകം; കേന്ദ്രത്തിന്‍റെ സഹായം തേടി അരവിന്ദ് കെജ്രിവാൾ
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 25000ത്തിൽ അധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ പോസിറ്റിവിറ്റി റേറ്റ് 24 ൽ നിന്നും 30% ആയി ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം പിടിമുറുക്കിയിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മരണനിരക്കും ഉയരുന്നുണ്ട്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലടക്കം സൗകര്യങ്ങളുടെ ദൗർലഭ്യമാണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് രൂക്ഷമായി തന്നെ ബാധിച്ച മിക്ക സംസ്ഥാനങ്ങളിലും ആശുപത്രിക്കിടക്കകൾ പോലും ലഭ്യമല്ല. ഓക്സിജൻ ദൗർലഭ്യവും അനുഭവപ്പെടുന്നുണ്ട്.
രാജ്യതലസ്ഥാനത്തും സ്ഥിതി മറിച്ചല്ല. ന്യൂഡൽഹിയിൽ അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്‍റെ സഹായം തേടി കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.
കോവിഡ് പ്രതിദിനക്കണക്ക് കുത്തനെ ഉയരുന്നുണ്ടെന്ന കാര്യവും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 25000ത്തിൽ അധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ പോസിറ്റിവിറ്റി റേറ്റ് 24 ൽ നിന്നും 30% ആയി ഉയർന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Around 25,000 #COVID19 cases reported in Delhi in last 24 hours. There are 10,000 beds in Delhi, incl that of central govt. Of which, 1,800 beds currently reserved for COVID. I request Centre to allot 7,000 of 10,000 beds in view of severe COVID cases: Delhi CM Arvind Kejriwal pic.twitter.com/bJnFFd6CYZ
'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദില്ലിയിൽ 25,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. നിലവിൽ ഇവിടെ 10,000 കിടക്കകളുണ്ട്, അതിൽ 1,800 കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 10000 കിടക്കകളിൽ 7,000 എണ്ണം കൂടി അനുവദിക്കണമെന്ന് ഞാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു'എന്നായിരുന്നു കെജ്രിവാളിന്‍റെ വാക്കുകള്‍.
രോഗികളുടെ എണ്ണം കൂടി വരികയാണ്. നിലവിൽ നൂറിൽ താഴെ ഐസിയു ബെഡുകളാണ് മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന കാര്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഓക്സിജൻ ദൗർലഭ്യവുമുണ്ട്. തലസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും കാര്യങ്ങൾ അവരെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.