എറണാകുളം:
കോവിഡ് വ്യാപനം അനുദിനം കൂടുന്ന എറണാകുളം ജില്ലയിൽ പ്രതിരോധം തീർക്കാൻ കുടുംബശ്രീയും. അഗ്നിശമന സേനയും ആരോഗ്യ പ്രവർത്തകരും നേരിട്ട് നിയന്ത്രിക്കുന്ന അണു വിമുക്തമാക്കൽ ജോലികളാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും വാഹനങ്ങളും ഓഫീസുകളുമൊക്കെ അണുവിമുക്തമാക്കുന്ന ജോലിയാണ് കുടുംബശ്രീയും ലക്ഷ്യമിടുന്നത് .
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സംഘങ്ങള്‍ക്ക് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നൽകിയത് . നിലവിൽ സ്വകാര്യ ഏജൻസികളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വളരെ ഉയർന്ന തുകയാണ് ഇവർ ഈടാക്കുന്നതെന്ന പരാതിയും ഉണ്ട്.
അഗ്നി ശമന സേനയുടെയും ആരോഗ്യ വിഭാഗത്തിന്റെയും സേവനം വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കാര്യത്തിൽ ചിലപ്പോൾ ലഭിക്കാറില്ല. ഈ സഹചര്യത്തിലാണ് കുടുംബശ്രീ രംഗത്തിറങ്ങുന്നത് . ഏറ്റെടുത്ത എല്ലാ രംഗങ്ങളിലും മികവ് തെളിയിച്ച കുടുംബശ്രീക്ക് ഇവിടെയും മികവ് കാണിക്കാനാകുമെന്നാണ് അവരുടെ ആത്മവിശ്വാസം.
ഏലൂർ സി ഡി എസി ന്റെ കീഴിലുള്ള ഹൈകെയർ യുവശ്രീ ഗ്രൂപ്പാണ് എറണാകുളം ജില്ലയിലെ ആദ്യ ടീം. കാക്കനാട് കലക്ടറേറ്റ് അണു വിമുക്തമാക്കി കൊണ്ടായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.