Covid 19 | വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം വാക്സിന്‍റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം; എന്നാൽ ആശങ്ക വേണ്ട; എയിംസ് ഡയറക്ടർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
വാക്സിൻ എടുത്താലും വൈറസ് ബാധിക്കാം. എന്നാൽ മരണവും ഗുരുതര രോഗങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യം.
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ലഭ്യമായ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ഒരുപരിധി വരെ ബാധിക്കാമെങ്കിലും ഇതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള വാക്സിന്റെ പരിമിധികളെക്കുറിച്ചുള്ള ചോദ്യത്തിന്, വാക്സിൻ എടുത്താലും വൈറസ് ബാധിക്കാമെന്നും മരണവും ഗുരുതര രോഗങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം സിഎൻഎൻ-ന്യൂസ് 18നോട് വ്യക്തമാക്കി.
കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം നാല് മുതൽ ആറ് ആഴ്ചയിൽ നിന്നും 12 മുതൽ 16 ആഴ്ചയായി വർദ്ധിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം മറുപടി നൽകി. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഷീൽഡ് വാക്‌സിനിലെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം വർധിപ്പിച്ചത്. നിലവിലെ പഠനമനുസരിച്ച് വാക്സിൻ ഡോസുകൾക്കിടയിലെ കാലതാമസം ദീർഘിപ്പിച്ചത് കോവിഡിനെതിരായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി.
advertisement
വൈറസിന്റെ ആൽഫ വകഭേദം വ്യാപകമായിരുന്നപ്പോഴാണ് വാക്സിൻ കാര്യക്ഷമതയെക്കുറിച്ച് ആദ്യ പഠനം നടന്നത്. എന്നാൽ ഇപ്പോൾ അതു മാറി ഡെൽറ്റ വകഭേദമാണ് കൂടുതൽ വ്യാപകമാവുന്നത്. ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് കൂടുതൽ പഠനം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവും തീരുമാനങ്ങൾ എടുക്കുന്നത്. കൂടുതൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ പ്രോട്ടോകോളിൽ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം തടയുന്നതിൽ വാക്സിനേഷന് പരിമിതിയുണ്ട്. എന്നാൽ, മരണ നിരക്ക് കുറക്കുന്നതിനും ഗുരുതരമായ രോഗങ്ങളിൽ നിന്നും വാക്സിൻ വലിയ തോതിൽ സംരക്ഷണം നൽകും. വാക്സിൻ എടുത്താലും കോവിഡ് ബാധിക്കാം. എന്നാൽ, വാക്സിൻ എടുത്തവരിൽ ശരീരം ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നതിനാൽ ഇവരെ രോഗം ഗുരുതരമായി ബാധിക്കില്ല. പക്ഷെ രോഗം ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരാമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
Also Read-കൊവാക്സിനിൽ കന്നുകുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടോ? വിശദീകരണവുമായി കേന്ദ്രവും ഭാരത് ബയോടെക്കും
വൈറസിന്റെ ഡെൽറ്റാ വകഭേദം കൂടുതൽ മരണത്തിനു കാരണമാവുന്നതായി കണ്ടെത്തുന്ന കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. ഇതേക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. വളരെ കുറച്ച് കേസുകളിൽ മാത്രമാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്. ആൽഫാ വകഭേദത്തെക്കാൾ ഡെൽറ്റക്ക് വ്യാപന ശേഷി കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. പുതിയ വകഭേദങ്ങൾ വാക്സിന്റെ കാര്യക്ഷമത കുറയ്ക്കുമോ എന്ന് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, മാസ്ക് ഉപയോഗം, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം, കൂട്ടം കൂടുന്നത് ഒഴിവാക്കൽ തുടങ്ങിയ നിബന്ധനകൾ ജനങ്ങൾ പാലിക്കണം. വൈറസിന്റെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവിടെ തന്നെ വൈറസിനെ നിർമാർജ്ജനം ചെയ്യലും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അടുത്ത ഏതാനും മാസങ്ങളിലെ ജനങ്ങളുടെ പെരുമാറ്റം അനുസരിച്ചായിരിക്കുമെന്നും മൂന്നാം തരംഗമുണ്ടാവുകയെന്ന് ഡോ. രൺദിപ് ഗുലേറിയ പറഞ്ഞു. വ്യാപന സാധ്യതക്കുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതും വാക്സിനേഷനും കാര്യക്ഷമം ആയാൽ മൂന്നാം തരംഗം കാര്യമായി ബാധിക്കാതിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Location :
First Published :
June 19, 2021 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം വാക്സിന്‍റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം; എന്നാൽ ആശങ്ക വേണ്ട; എയിംസ് ഡയറക്ടർ