ഇന്ത്യയുടെ പല ഭാഗങ്ങളിലും ജനങ്ങള്‍ കൊറോണ വൈറസിനെതിരെ വാക്സിന് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന സാഹചര്യം നിലവിലുണ്ട്. വൈറസിനെക്കുറിച്ചുള്ള ശരിയായ ധാരണയുടെ അഭാവമാണ് വാക്സിനോടുള്ള ആഭിമുഖ്യക്കുറവിന്റെ പ്രധാന കാരണം. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി എന്ന ജില്ലയിലെ ഉലുണ്ടുര്പേട്ട് ഗ്രാമവാസികളും സമാനമായ രീതിയില്‍ കോവിഡ് വാക്സിനെ സംശയദൃഷ്ടിയോടെ നോക്കിക്കണ്ടവര്‍ ആയിരുന്നു. തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ കോവിഡിനെക്കുറിച്ചുള്ള അവബോധമില്ലായ്മ തിരിച്ചറിഞ്ഞ ആര് തമ്പിദുരൈ എന്ന സാമൂഹ്യ പ്രവര്ത്തകന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കോവിഡ് വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി വാക്സിന് സ്വീകരിക്കുന്ന ആളുകള്‍ക്ക് സൗജന്യ സമ്മാനങ്ങള്‍ നല്‍കുമെന്നും തമ്പിദുരൈ പ്രഖ്യാപിച്ചു.
തന്റെ സ്വന്തം പണമാണ് ഈ സൗജന്യ സമ്മാനങ്ങള്‍ക്കായി ചെലവഴിക്കുകയെന്ന് തമ്പിദുരൈ വ്യക്തമാക്കുന്നു. കോവിഡ് 19 കേസുകളില്‍ ഉണ്ടായ വന്‍വര്‍ദ്ധനവിനെ തുടര്‍ന്ന് ഈ ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച വാക്സിനേഷന് ഡ്രൈവ് ആരംഭിക്കുകയുണ്ടായി. എന്നാല്‍ ആദ്യമൊക്കെ വാക്സിനേഷന് ഡ്രൈവിനോട് തണുപ്പന്‍ മട്ടിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ആളുകള്‍ക്കിടയിലെ അവബോധമില്ലായ്മ തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അഭാവത്തില്‍ ഗ്രാമവാസികള്‍ വാക്സിനേഷനോട് വിമുഖത കാട്ടി. ഈ സാഹചര്യത്തിലാണ് വാക്സിന് എടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് തമ്പിദുരൈ രംഗത്തെത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനായ തമ്പിദുരൈ ഒരു സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ കൂടിയാണ്.
Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 213 മരണം; 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഈ പ്രഖ്യാപനത്തിന് ശേഷം വാക്സിന് സ്വീകരിക്കുന്നവര്‍ക്കെല്ലാം തമ്പിദുരൈ സൗജന്യമായി പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. അതോടെ കൂടുതല്‍ ആളുകള്‍ വാക്സിനേഷന് കേന്ദ്രങ്ങളിലേക്ക് എത്താന്‍ തുടങ്ങി. ക്രമേണ ഗ്രാമവാസികളിലെ വലിയൊരു വിഭാഗം വാക്സിനും ഒപ്പം തമ്പിദുരൈയുടെ സമ്മാനങ്ങളും സ്വീകരിച്ചു. വാക്സിനേഷന് ഡ്രൈവിന്റെ രണ്ടാം ദിവസം 94 പേരാണ് വാക്സിന് സ്വീകരിച്ചത്. ഡോക്റ്റര്‍മാരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികള്‍ തമ്പിദുരൈയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ വ്യാപനഘട്ടത്തില്‍ ഉടനീളം സജീവമായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു പോരുന്ന വ്യക്തിയാണ് തമ്പിദുരൈ.
രാജ്യത്തുടനീളം യുവജനങ്ങള്‍ അംഗങ്ങളായിട്ടുള്ള നിരവധി സംഘടനകള്‍ കോവിഡ് വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് സജീവപ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. ദൂര ദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങളിലാണ് കൊറോണ വൈറസിനെക്കുറിച്ച് താരതമ്യേന കുറഞ്ഞ അവബോധമുള്ളത്. വാക്സിനേഷനോട് വിമുഖത പുലര്‍ത്തുന്നവരില്‍ മിക്കവാറും പേര് ഈ വിഭാഗത്തില്‍പ്പെടുന്ന ജനങ്ങളാണ്. അവരില്‍ ശരിയായ അവബോധം എത്തിക്കാനും വാക്സിന് എടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും നിരവധി സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും അഹോരാത്രം പ്രയത്നിക്കുന്നു. അടുത്തിടെ ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ നല്കാന് തീരുമാനിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. ഗ്രാമങ്ങളിലും മുന്‍സിപ്പല്‍ വാര്‍ഡുകളിലും യുവജനങ്ങളുടെ പങ്കാളിത്തത്തോടെ കോവിഡിനെതിരായ പോരാട്ടത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.