ഡല്‍ഹി: നോവൽ കൊറോണവൈറസിന് ജനിതകമാറ്റം സംഭവിച്ചതോടെ ബ്രിട്ടനിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ഇന്ത്യ നിർത്തിവെച്ചു. ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
എന്നാൽ ബ്രിട്ടൻ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് അതിവേഗം പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സർക്കാർ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കനത്ത ജാഗ്രത രാജ്യത്ത് പുലർത്തുന്നുമുണ്ട്. ബ്രിട്ടനിൽ സംഭവിച്ച വൈറസിന്‍റെ ജനിതകമാറ്റവും അതിവേഗ രോഗവ്യാപനവും ഇന്ത്യയിലുണ്ടാകുമെന്ന പ്രചരണത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.
പുതിയ സ്ഥിതിഗതികളെക്കുറിച്ച് ഗവേഷകരും ശാസ്ത്രജ്ഞരും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.
ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസിനെ ബ്രിട്ടനില്‍ കണ്ടെത്തിയത് വാർത്തയായിരുന്നു. ബ്രിട്ടന് പുറമെ, ഇറ്റലി, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും നോവൽ കൊറോണവൈറസിന്‍റെ പുതിയ പതിപ്പിനെ കണ്ടെത്തിയിട്ടുണ്ട്.
Also Read-
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു; രണ്ടാഴ്ച നിർണായകമെന്ന് വിദഗ്ധർ
പുതിയ സംഭവവികാസത്തോടെ ബ്രിട്ടനിൽ പ്രത്യേകിച്ചും ലണ്ടൻ നഗരത്തിൽ ജാഗ്രത ശക്തമാക്കുകയും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിവേഗ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര അതിര്‍ത്തികളെല്ലാം അടച്ചു. കര, വ്യോമ സമുദ്ര അതിര്‍ത്തികളാണ് ഒരാഴ്ചത്തേക്ക് അടച്ചത്. ഡിസംബര്‍ എട്ടിനു ശേഷം ബ്രിട്ടനില്‍ നിന്നും എത്തിയവര്‍ രണ്ടാഴ്ച കര്‍ശന ക്വാറന്റീനില്‍ പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.