• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | ഈ ശീലങ്ങളുള്ളവർ സൂക്ഷിക്കുക; കോവിഡ് രോഗമുക്തിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ എന്തെല്ലാം?

Covid 19 | ഈ ശീലങ്ങളുള്ളവർ സൂക്ഷിക്കുക; കോവിഡ് രോഗമുക്തിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ എന്തെല്ലാം?

പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അല്ലെങ്കിൽ കോവിഡിനുശേഷമുള്ള ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ അനുഭവിക്കുന്നവരില്‍ ഉറക്കമില്ലായ്മ, രാത്രികാലങ്ങളിലെ വിയർപ്പ്, മറ്റ് പ്രശ്നങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, കോവിഡ് 19 മഹാമാരി താണ്ഡവമാടിയതോടെയാണ് നമ്മിൽ പലരും നമ്മുടെ ആരോഗ്യത്തെക്കുറിച്ചും നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചും കൂടുതൽ ബോധവാന്മാരായത്. തുടർന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളും പലർക്കുമുണ്ട്. കൂടാതെ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കാനുള്ള ഒരിടവും നമുക്ക് ആവശ്യമാണ്. നിങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും പരിഹരിക്കാൻ അത്തരമൊരു ഇടം നിങ്ങൾക്ക് നൽകുന്നതിന്, ന്യൂസ് 18.കോം നിങ്ങൾക്കായി 'ഹെൽത്ത് ഹാക്ക്സ്' എന്ന പേരില്‍ ഒരു കോളം പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന കോളമാണിത്.

  കോവിഡ് 19 രോഗത്തെക്കുറിച്ചും വാക്സിനുകളെക്കുറിച്ചും ഒരു ഡോക്ടറും എപ്പിഡെമിയോളജിസ്റ്റും പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധനുമായ ഡോ. ചന്ദ്രകാന്ത് ലഹരിയ (MBBS, MD) ആണ് കോളം എഴുതുന്നത്. ഈ കോളത്തിലൂടെ ഡോ. ലഹരിയ വിവിധ വിഷയങ്ങൾ തിരഞ്ഞെടുത്ത് നിങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഒപ്പം, കുട്ടികൾ, കൗമാരക്കാർ, മുതിർന്നവർ, വയസ്സായവര്‍ എന്നിങ്ങനെ നിങ്ങളുടെ മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യസംബന്ധിയായ സംശയങ്ങൾക്ക് ഈ കോളത്തിലൂടെ അദ്ദേഹം പരിഹാരവും നി‍ർദ്ദേശിക്കും.

  ഇന്നത്തെ കോളത്തിൽ, മദ്യപാനം, പുകവലി, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പോലുള്ള നമ്മുടെ ജീവിതശൈലികൾ കോവിഡ് -19 രോഗമുക്തിയെ എങ്ങനെ ബാധിക്കുമെന്നാണ് ഡോ. ലഹരിയ ചർച്ച ചെയ്യുന്നത്.

  ദീർഘകാലമായി നിലനിൽക്കുന്ന കോവിഡ് മഹാമാരി ആളുകളുടെ ഉറക്ക രീതികളെ എങ്ങനെയാണ്‌ ബാധിക്കുന്നത്?
  കോവിഡ് 19 ബാധിച്ച ആളുകളുടെ ഉറക്കരീതിയിൽ മാറ്റം വന്നതായി ഏതാനും റിപ്പോർട്ടുകളും പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുകയാണെങ്കിൽ, ഉറക്കവുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങൾ റിപ്പോ‍ർട്ട് ചെയ്യപ്പെടുന്നുണ്ട്. ചില ആളുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ ഉറങ്ങുന്നു. ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റുകൾ ഇതിനെ 'കോവിഡ്-സോംനിയ' എന്ന് വിളിക്കുന്നു. മറ്റു ചിലരാകട്ടെ, ഉറക്കം വരാൻ ബുദ്ധിമുട്ട് നേരിടുന്നു (ഉറക്കമില്ലായ്മ) അല്ലെങ്കിൽ കോവിഡ് മാറ്റം വരുത്തിയ ഉറക്ക രീതി (സ്ലീപ്പ് സൈക്കിള്‍സ്) അവരെ ബുദ്ധിമുട്ടിലാക്കുന്നു.

  പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അല്ലെങ്കിൽ കോവിഡിനുശേഷമുള്ള ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ അനുഭവിക്കുന്നവരില്‍ ഉറക്കമില്ലായ്മ, രാത്രികാലങ്ങളിലെ വിയർപ്പ്, മറ്റ് പ്രശ്നങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മ (ഇന്‍സോംനിയ), ഹൈപ്പർ സോംനിയ (അമിതമായ ഉറക്കം), രാത്രികാലങ്ങളിലെ ഭീതി, ഉറക്ക ഗുളികകളുടെ ദുരുപയോഗം എന്നിവ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിക്കുന്ന ആളുകളിൽ മാത്രമല്ല, ഈ പകർച്ചവ്യാധി സമയത്ത് മറ്റുള്ളവരിലും കണ്ടു വരുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, മഹാമാരി കാലഘട്ടം ആളുകളുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്, അതിനാൽ തന്നെ ഇത് ആളുകൾക്ക് ഉറക്കവും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളും നേരിടേണ്ടതായും വരുന്നു. ഓരോ രോഗാവസ്ഥയും അല്ലെങ്കിൽ അനാരോഗ്യവും കേവലം ശാരീരികം മാത്രമല്ല, മറിച്ച് മാനസികാരോഗ്യപരമായി പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നുണ്ടെന്ന് നാം ഓർക്കേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യ തലങ്ങളിൽ നാമെല്ലാവരും ശ്രദ്ധിക്കണമെന്ന് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു.

  കോവിഡ് മഹാമാരി ഗുളികകളോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടോ?
  ഇന്ത്യയിൽ നിന്ന്, ഭാഗ്യവശാൽ, അത്തരം റിപ്പോർട്ടുകളൊന്നും ഇതുവരെ റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. എന്നാൽ, ചില രാജ്യങ്ങളിൽ, എപ്പിഡെമിയോളജിസ്റ്റുകളും ഗവേഷകരും കോവിഡ് -19 മഹാമാരി ഉണ്ടായത് മുതൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും മരുന്ന് അമിതമായി ഉപയോഗിക്കുന്നതിലും വർദ്ധനവുണ്ടായതായി നിരീക്ഷിച്ചിട്ടുണ്ട്. സർക്കാർ ഈ വശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയം കൂടിയാണിത്.

  കോവിഡിൽ നിന്ന് സുഖം പ്രാപിക്കുന്ന ആളുകളെ മദ്യം എങ്ങനെ ബാധിക്കുന്നു?
  മദ്യത്തിന്റെ ദുരുപയോഗം നമ്മുടെ ശരീരത്തെ പല തരത്തിൽ ബാധിക്കും. ഇതിന് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയുടെ പ്രതികരണം കുറയ്ക്കാനും കഴിയും. ഇവ രണ്ടും രോഗം ഭേദമാകുന്നതിന് നല്ലതല്ല. മദ്യം കഴിക്കുന്നതിന്റെ ദോഷകരമായ ഫലങ്ങൾ എന്താണെന്നും ഹൃദയത്തിലും ശ്വാസകോശത്തിലും നമ്മുടെ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളിലും അവയുണ്ടാക്കുന്ന തിക്തഫലങ്ങളും നമുക്കറിയാം. അമിതമായ ആൽക്കഹോൾ ഉപയോഗം ശ്വാസകോശത്തിന്റെ ഉപരിതലത്തിൽ സ്ഥിതിചെയ്യുന്ന എപ്പിത്തീലിയൽ കോശങ്ങളെ തകരാറിലാക്കുകയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമുണ്ടാക്കുകയും ചെയ്യും. ആത്യന്തികമായി, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവർത്തന രാഹിത്യവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ ഗുരുതരമായ കോവിഡിനും തന്മൂലം മരണനിരക്ക് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. കോവിഡ് രോഗമുക്തിക്ക് മാനസികാരോഗ്യം ആവശ്യമാണെന്നും മദ്യത്തിന്റെ ദോഷകരമായ ഉപയോഗം ഈ അസുഖത്തെ നേരിടാനുള്ള മാർഗമല്ലെന്നും നാം ഓർക്കേണ്ടതുണ്ട്. അതിനാല്‍ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കുകയും മദ്യപാനം നിയന്ത്രിക്കുകയും വേണം.

  ഉദാസീനമായ ജീവിതശൈലി കോവിഡ് രോഗമുക്തി വൈകിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടോ?
  കോവിഡ് 19 ഇല്ലെങ്കിൽ പോലും ഉദാസീനമായ ജീവിതശൈലിയാണ് പല അസുഖങ്ങളുമുണ്ടാക്കുന്ന സാഹചര്യങ്ങളെ അപകടകരമാക്കുന്നത്. പതിവായുള്ള ശാരീരിക കായിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഒഴിവാക്കുക, മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക എന്നിവയാണ് ഈ സമയത്ത് നിങ്ങൾ ചെയ്യേണ്ടത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദയാഘാതവും മറ്റ് അനുബന്ധ രോഗങ്ങളും നമുക്ക് കുറയ്ക്കാനും സാധിക്കും. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നമുക്ക് വീണ്ടും തിരിച്ചുപോകാനുള്ള അവസരമാണ് കോവിഡ് 19 മഹാമാരി തരുന്നത്. സ്ഥിരമായി ശാരീരിക കായിക പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ഒട്ടും ചെലവില്ലാതെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്.

  കോവിഡ് രോഗമുക്തി പ്രക്രിയയിൽ സ്ക്രീൻ സമയത്തിന്‌ കൂടുതലായി സമയം ചെലവഴിക്കുന്നത് ദോഷകരമാണോ?
  കോവിഡ് -19 മഹാമാരിയുടെ സമയത്ത് ചെറുപ്പക്കാർ അമിതമായി സ്ക്രീൻ സമയം ചെലവഴിക്കുന്നത് ഈ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനു കാരണമാകുന്നു. കൂടാതെ, വർദ്ധിച്ച മൊബൈൽ ഉപയോഗവും പരിമിതമായ ഔട്ട് ഡോര്‍ പ്രവർത്തനങ്ങളും കാഴ്ചക്കുറവിനും കാരണമാകും. അതിനാൽ, കോവിഡ് -19 മഹാമാരി സമയത്തും അതിനുശേഷവും അവ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാം.

  വർദ്ധിച്ച സ്ക്രീൻ സമയം ശാരീരിക പ്രവർത്തനങ്ങളെയും ഉറക്കം പോലുള്ള ശീലങ്ങളെയും മാറ്റിമറിക്കും. ഇത് ഉറക്കക്കുറവിനും കാരണമാകാറുണ്ട്. അമിത സ്ക്രീൻ ഉപയോഗം തലവേദന, കഴുത്ത് വേദന, മയോപിയ, ഡിജിറ്റൽ ഐ സിൻഡ്രോം, ഹൃദയ സംബന്ധമായ അപകട ഘടകങ്ങൾ എന്നിവ പോലുള്ള ദോഷകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ലോകാരോഗ്യ സംഘടന എടുത്തു പറയുന്നു. മുതിർന്നവർക്കിടയിൽ ഉദാസീനമായ രീതിയില്‍ സമയം ചെലവഴിക്കുന്നതിനാൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം (റെസിസ്റ്റന്‍സ്) തുടങ്ങിയ ഹൃദയസംബന്ധമായ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

  വളരെ ചെറിയ കുട്ടികൾക്ക് സ്ക്രീൻ സമയം നല്‍കരുത്. പ്രീ-സ്കൂൾ, പ്രൈമറി സ്കൂളുകളിലെ കുട്ടികൾ എന്നിവര്‍ക്ക് വളരെ പരിമിതമായ സ്ക്രീൻ സമയം അനുവദിക്കാം. എന്നാൽ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ അവരുടെ സ്ക്രീൻ സമയത്തിന്റെ ഉപയോഗം വർദ്ധിപ്പിച്ചു. മാതാപിതാക്കൾ കുട്ടികളുടെ സ്ക്രീൻ സമയത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ സ്ക്രീൻ സമയം കുറയ്ക്കുന്നതിന്, കുടുംബത്തിലെ മുതിർന്നവരുടെ സ്ക്രീൻ സമയവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്‌.

  കോവിഡ് രോഗമുക്തിയുടെ സമയത്ത് പുകവലി ഉപേക്ഷിക്കേണ്ടതുണ്ടോ?
  കോവിഡ് രോഗമുക്തിയ്ക്ക് പുകവലി ദോഷകരമാണ്. ഇതിന് പുകവലിയുടെ ദോഷങ്ങള്‍ വെളിപ്പെടുത്തുന്ന ശാസ്ത്രീയ തെളിവുകൾ ധാരാളം ഉണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം പുകവലിക്കുന്ന ആളുകൾക്ക് പുകവലിക്കാത്തവരേക്കാൾ സങ്കീർണതകൾ ഇരട്ടിയാണ്‌. പുകവലി രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു.

  പുകവലിക്കാരുടെ കാര്യത്തില്‍ അവരെ തീവ്രപരിചരണത്തിലേക്ക് മാറ്റാനോ അല്ലെങ്കിൽ പുകവലിക്കാത്തവരേക്കാൾ അവര്‍ മരണപ്പെടുന്നതിനോ സാധ്യത മൂന്നിരട്ടി കൂടുതലാണെന്നാണ് പഠന റിപ്പോർട്ടുകൾ. യുഎസിലാകട്ടെ, ആശുപത്രികളിൽ പ്രവേശിപ്പിച്ച പുകവലിക്കാർ മരിക്കുന്നതിന്‌ ഇരട്ടി സാധ്യതയാണുള്ളത്. കൂടാതെ, ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്ന ആളുകൾക്ക് പുകവലിക്കാത്തവരേക്കാൾ കോവിഡ് 19ൽ നിന്നുള്ള ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത 2.4 മടങ്ങ് കൂടുതലാണ്.

  കാപ്പി അമിതമായി കുടിക്കുന്നത് രോഗമുക്തിയെ ബാധിക്കുമോ?
  ഉയർന്ന അളവിൽ കാപ്പി, ചായ, കാഫീൻ അടങ്ങിയ ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവ കുടിക്കുന്നതും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം, ഉറക്കത്തിന്റെ രീതികളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഉത്കണ്ഠ, വിറയൽ, ഹൃദയമിടിപ്പ്, വയറിളക്കം, തലവേദന, ദഹനക്കേട്, ഉറക്ക പ്രശ്നങ്ങൾ, ആസിഡ് റിഫ്ലക്സ്, മൈഗ്രെയ്ൻ, ഹൈപ്പർടെൻഷൻ എന്നിവയുണ്ടാകുന്നതിന്‌ അമിതമായ കാഫീൻ കാരണമാകുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

  മധുര പാനീയങ്ങൾ ആളുകളുടെ ശരീരത്തെ എങ്ങനെ ബാധിക്കും?
  മധുര പാനീയങ്ങളായ സോഡ, സിറപ്പുകൾ, ഫ്ലേവേർഡ് പാൽ, തൈര്, തുടങ്ങിയവ ശരീരത്തിന് ഹാനികരമാണ്. കാരണം ഇവ സന്തുലിതമായ ഭക്ഷണമല്ല. മധുരമുള്ളതോ ഉപ്പുള്ളതോ ആയ മിക്ക ഇന്ത്യൻ ലഘുഭക്ഷണങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ അമിതമായി ഉപയോഗിക്കുന്നത് വളരെ ദോഷകരമാണ്. നമ്മുടെ രക്തത്തിലുള്ള അധിക പഞ്ചസാര രോഗപ്രതിരോധ കോശങ്ങളെ ബാധിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

  പഞ്ചസാരയടങ്ങിയ മധുര പാനീയങ്ങൾക്ക് പകരം സാദാ വെള്ളം കുടിക്കുന്നത് പഞ്ചസാരയും അധിക കലോറിയും പരിമിതപ്പെടുത്താനുള്ള ഒരു ലളിതമായ മാർഗമാണ്.
  Published by:Karthika M
  First published: